സംസ്ഥാന സി.ബി.എസ്.ഇ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടം
text_fieldsകാലടി: സംസ്ഥാന സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിൽ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. സമാപനത്തിന് ഒരുദിനം മാത്രം ശേഷിക്കെ ആധിപത്യം ഉറപ്പിക്കാൻ സഹോദയകൾ തമ്മിൽ വാശിയേറിയ പോരാട്ടത്തിലാണ്. ആദ്യ ദിനം മുന്നിട്ടുനിന്ന കൊച്ചി മെട്രോ സഹോദയ സോണിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 679 പോയന്റോടെ തൃശൂർ സഹോദയയാണ് മുന്നിൽ. ആദ്യദിനം പോയന്റ് പട്ടികയിൽ ഏറ്റവും പിന്നിലായിരുന്നു തൃശൂർ. കൊച്ചി മെട്രോ സഹോദയക്ക് 621 പോയന്റാണുള്ളത്. മലബാർ സഹോദയയാണ് മൂന്നാം സ്ഥാനത്ത് -612 പോയന്റ്.
കോട്ടയം സഹോദയ (588), കൊച്ചി സഹോദയ (550), പാലക്കാട് സഹോദയ (545), കണ്ണൂർ സഹോദയ (529), വേണാട് സഹോദയ (518) സോണുകളാണ് യഥാക്രമം പോയന്റ് നില. സ്കൂളുകളിൽ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളാണ് മുന്നിൽ -82 പോയന്റ്. ആദ്യ ദിനം രണ്ടാം സ്ഥാനത്ത് ഒതുങ്ങിയ സ്കൂൾ നാല് കാറ്റഗറികളിൽ നിന്നായി 56 പോയന്റ് നേടിയാണ് മുന്നിലേക്ക് കുതിച്ചത്. കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളാണ് തൊട്ടുപിന്നിൽ -42 പോയന്റ്. വയനാട് സുൽത്താൻബത്തേരി ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളാണ് മൂന്നാംസ്ഥാനത്ത് -36 പോയന്റ്. ആതിഥേയരായ കാലടി ശ്രീശാരദ വിദ്യാലയയാണ് നാലാം സ്ഥാനത്ത് -30 പോയന്റ്. മാപ്പിള കലകളടക്കം ജനപ്രിയ ഇനങ്ങൾ വേദിയിലെത്തുന്ന സമാപന ദിവസമായ ഞായറാഴ്ച 34 മത്സരങ്ങളാണ് ശേഷിക്കുന്നത്. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം ചലച്ചിത്രതാരം രജീഷ വിജയൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എം.പി അധ്യക്ഷത വഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.