കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ നീട്ടി; അന്തിമപട്ടിക ജനുവരി നാലിന്
text_fieldsതിരുവനന്തപുരം: പ്രളയദുരന്തത്തിെൻറ പശ്ചാത്തലത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒരുമാസത്തേക്ക് നീട്ടിയതായി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് പട്ടിക പ്രസിദ്ധീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രളയത്തിെൻറ പശ്ചാത്തലത്തിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുകയും അത് അംഗീകരിക്കുകയുമായിരുന്നു. ഒക്ടോബര്‍ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കും.
പട്ടിക പരിശോധിക്കാനും ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാനും വ്യക്തികൾക്കും രാഷ്ട്രീയപാർട്ടികൾക്കും നവംബര്‍ 15 വരെ സാവകാശം നല്‍കും. പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാൻ ഡിസംബര്‍ 10വരെ സമയം അനുവദിച്ചിട്ടുണ്ട്. താലൂക്ക് മുതല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ തലത്തില്‍വരെ പരാതികള്‍ പരിഗണിച്ച് തീര്‍പ്പ് കല്‍പിക്കും. അതിനുശേഷം ജനുവരി മൂന്നിന് അന്തിമപട്ടിക തയാറാക്കി ചീഫ് ഇലക്ഷന് കമീഷന് സമര്‍പ്പിക്കും. ജനുവരി നാലിന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. പട്ടിക പുതുക്കുന്നതിനോടനുബന്ധിച്ച് സെപ്റ്റംബർ ഏഴിന് രാവിലെ 11.30ന് ചീഫ് ഇലക്ടറൽ ഓഫിസറുടെ ചേംബറിൽ അംഗീകൃത ദേശീയ/സംസ്ഥാന രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.
2019 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂർത്തിയാകുന്ന എല്ലാ പൗരന്മാർക്കും സമ്മതിദായക പട്ടികയിൽ പേര് ചേർക്കാനും പട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്താനുമാണ് പുതുക്കൽ പ്രക്രിയ നടത്തുന്നത്. 2019 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നവർക്കും അന്തിമപട്ടികയിൽ ഇടംലഭിക്കും. അതിനുള്ള അപേക്ഷകൾ ഒക്ടോബർ ഒന്ന് മുതൽ സമർപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രളയത്തില്‍പെട്ടവര്‍ക്ക് സൗജന്യ വോട്ടർ കാര്‍ഡ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷെൻറ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നഷ്ടമായവര്‍ക്ക് അവ സൗജന്യമായി വിതരണം ചെയ്യുമെന്ന് ചീഫ് ഇലക്ടറൽ ഒാഫിസർ ടിക്കാറാം മീണ അറിയിച്ചു. സാധാരണ 25 രൂപ ഫീസ് ഇൗടാക്കിയാണ് കാർഡ് നൽകുന്നത്. ദുരിതബാധിതർക്ക് സൗജന്യമായാണ് കാർഡ് നൽകുന്നത്. ചീഫ് ഇലക്ടറര്‍ ഓഫിസറുടെ ഒൗദ്യോഗിക സൈറ്റായ www.ceokerala.gov.in ലും താലൂക്ക് ഒാഫിസുകളിലും അപേക്ഷഫോറം ലഭ്യമാണ്. ഫോം പൂരിപ്പിച്ച് താലൂക്ക് ഓഫിസില്‍ എത്തിക്കണം. പ്രളയബാധിത പ്രദേശങ്ങളിലുള്ളവര്‍ നേരിട്ട് അപേക്ഷയുമായി താലൂക്ക് ഓഫിസിലെത്തുന്നതിലുള്ള ബുദ്ധിമുട്ട് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴി പൂരിപ്പിച്ച അപേക്ഷഫോറം ശേഖരിക്കുന്ന കാര്യം പരിഗണിക്കും. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാനുള്ള സൗകര്യം ഇപ്പോഴില്ല. ഇക്കാര്യത്തില്‍ അനുഭാവപൂർവമായ തീരുമാനം ഉണ്ടാകുമെന്നും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ അറിയിച്ചു.
ട്രാൻസ് ജെൻഡേഴ്സിനും ഭിന്നശേഷിക്കാർക്കും പേര് ചേർക്കാൻ താൽപര്യക്കുറവ്
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകൾ, ഭിന്നശേഷിക്കാർ വിഭാഗങ്ങളിലുള്ളവർക്ക് വോട്ടർ പട്ടികയിൽ േപര് ചേർക്കാൻ താൽപര്യക്കുറവ് കാട്ടുന്നെന്ന് ചീഫ് ഇലക്ടറൽ ഒാഫിസർ ടിക്കാറാം മീണ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ട്രാൻസ്ജെൻഡേഴ്സിന് അവരുടെ പേരില്‍തന്നെ വോട്ടര്‍കാര്‍ഡുകള്‍ നല്‍കാൻ സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും 18 പേർ മാത്രമാണ് ഇതുവരെ അപേക്ഷിച്ചത്. കാല്‍ലക്ഷത്തോളം ട്രാന്‍സ്‌ജെന്‍ജഡറുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് കരുതുന്നത്. ഭിന്നശേഷിയുള്ളവരെ പ്രത്യേക വിഭാഗമായി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണ്. എന്നാൽ, 2660 പേരാണ് ഭിന്നശേഷിക്കാരുടെ പട്ടികയില്‍ പുതുതായി എത്തിയത്. സംസ്ഥാനത്ത് എട്ടുലക്ഷത്തോളം ഭിന്നശേഷിക്കാരുണ്ട്. ഇതില്‍ ഏഴുലക്ഷം പേർ വോട്ടവകാശത്തിന് യോഗ്യരാണ്. അവരെ കൂടുതലായി പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികളുണ്ടാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിലെ കണക്ക് പ്രകാരം 2,52,28,851 േവാട്ടർമാരാണുള്ളത്. തയാറാക്കിക്കൊണ്ടിരിക്കുന്ന കരട് വോട്ടര്‍പട്ടികയില്‍ 33,416 പുതിയ വോട്ടര്‍മാരാണ്. 2019 ജനുവരിയില്‍ 18 വയസ്സ് പൂര്‍ത്തീകരിക്കുന്ന 32,759 പേര്‍ക്കുകൂടി വോട്ടവകാശം ലഭിക്കും. മരിച്ച 44,800 പേരെയും ഇരട്ടിപ്പ് കണ്ടെത്തിയ 6451 പേരെയും ഒഴിവാക്കും.
വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടിന് അവസരം നല്‍കിയപ്പോള്‍ 10,708 പേരാണ് പുതുതായി അപേക്ഷിച്ചത്. 23,400 എൻ.ആര്‍.ഐ വോട്ടര്‍മാര്‍ നിലവിൽ പട്ടികയിലുണ്ട്. ഒൗദ്യോഗിക വെബ്സൈറ്റിലൂടെ 6 എ അപേക്ഷഫോറം പൂരിപ്പിച്ച് ഫയൽ ചെയ്ത് വോട്ടവകാശം നേടാനുള്ള അവസരം എൻ.ആർ.െഎക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. നിലവിലെ 24,460 പോളിങ് സ്‌റ്റേഷനുകള്‍ക്കൊപ്പം 467 പുതിയ സ്റ്റേഷനുകൾകൂടി ഇത്തവണ ഉൾപ്പെടുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.