കേരള സർവകലാശാല അസി. ഗ്രേഡ് നിയമനം ഹൈകോടതി ശരിവെച്ചു
text_fieldsകൊച്ചി: 2005ലെ വിജ്ഞാപന പ്രകാരം കേരള സര്‍വകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ഇതുവരെ നടത്തിയ നിയമനങ്ങള്‍ ഹൈകോടതി ശരിവെച്ചു. നിയമനങ്ങള്‍ റദ്ദാക്കണമെന്ന ശിപാര്‍ശകളടങ്ങുന്ന ഉപലോകായുക്തയുടെയും സുകുമാരന്‍ കമ്മിറ്റിയുടെയും റിപ്പോര്‍ട്ട് ഭാഗികമായി റദ്ദാക്കിയാണ് ഉത്തരവ്. പരീക്ഷ നടത്തിപ്പില്‍ അപാകതയും ഉത്തരവാദിത്ത രാഹിത്യവും നടപടി ക്രമങ്ങളില്‍ വീഴ്ചയും ഉണ്ടായതിന് വി.സിയും പി.വി.സിയും സിന്‍ഡിക്കേറ്റംഗങ്ങളുമടങ്ങുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ തുടരാം. നിയമനം ലഭിച്ചവര്‍ക്ക് നിയമനത്തീയതി മുതലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. രണ്ടു മാസത്തിനകം ഉദ്യോഗക്കയറ്റം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഉത്തരവിട്ടു. അതേസമയം, നിലവിലുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് ഇനി നിയമനം നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിയമനം ലഭിച്ചവരടക്കമുള്ളവര്‍ നല്‍കിയ 25 ഹരജികളിലാണ് ഉത്തരവ്.
ഉപലോകായുക്തയുടെയും സുകുമാരന്‍ കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളില്‍ പരീക്ഷ നടത്തിപ്പിലും നിയമനത്തിലും ക്രമക്കേടുണ്ടായി എന്ന് ബോധ്യമാവുന്ന തെളിവുകള്‍ ലഭ്യമല്ളെന്ന് വ്യക്തമാക്കിയാണ് ശിപാര്‍ശ റദ്ദാക്കിയത്. പുതിയ വിജ്ഞാപനമിറക്കി പരീക്ഷ വീണ്ടും നടത്തണമെന്ന ഉപലോകായുക്തയുടെ ശിപാര്‍ശ അനാവശ്യമാണെന്ന് കോടതി വ്യക്തമാക്കി. സെലക്ഷന്‍ നടപടി തുടങ്ങും മുമ്പ് സെലക്ഷന്‍ ബോര്‍ഡ് ഉണ്ടാക്കിയില്ല, ഉത്തരക്കടലാസ് കാണാതായി, ഇന്‍റര്‍വ്യൂവിന് മാര്‍ക്കു നല്‍കാനുള്ള മാനദണ്ഡങ്ങള്‍ തയാറാക്കിയ യോഗത്തിന്‍െറ മിനിറ്റ്സ് കാണാതായി എന്നീ പോരായ്മകള്‍ സെലക്ഷന്‍ നടപടിയിലെ വീഴ്ചകള്‍ മാത്രമാണ്. ഈ വീഴ്ചകള്‍ പരിഹരിക്കുകയും കാരണക്കാര്‍ക്കെതിരെ നടപടി എടുക്കുകയുമാണ് വേണ്ടത്. ഒ.എം.ആര്‍ ഉത്തരക്കടലാസുകള്‍ കാണാതായി എന്നതിന് നശിപ്പിച്ചുവെന്നോ ഒളിച്ചുവെച്ചെന്നോ അര്‍ഥമില്ല. ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചില്ല എന്നത് ചെറിയ തെറ്റുമല്ല; കോടതി വ്യക്തമാക്കി.
കേരള സര്‍വകലാശാല അസി. ഗ്രേഡ് നിയമനത്തിന് 2005 മാര്‍ച്ച് മൂന്നിന് വിജ്ഞാപനം പുറപ്പെടുവിച്ച് പരീക്ഷ നടത്തി 2008ല്‍ ഏപ്രില്‍ 29ന് 170 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയത്. കൂടിക്കാഴ്ചക്ക് കൂടുതല്‍ മാര്‍ക്ക് നിശ്ചയിച്ച് ഭേദഗതി വരുത്തിയത് നിയമനങ്ങളില്‍ ക്രമക്കേട് കാട്ടാനാണെന്ന് 2008 സെപ്റ്റംബര്‍ 30ന് ഉപലോകായുക്ത വ്യക്തമാക്കി. പിന്നീട് ഹൈകോടതി നിയോഗിച്ച റിട്ട. ജില്ല ജഡ്ജി എന്‍. സുകുമാരന്‍ നിയമനങ്ങള്‍ റദ്ദാക്കണമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതു പരിഗണിച്ചാണ് 2011 ഡിസംബര്‍ 29ന് നിയമനങ്ങള്‍ റദ്ദാക്കാന്‍ ഉപലോകായുക്ത ശിപാര്‍ശ ചെയ്തത്. ഇതിനെതിരെയാണ് കോടതിയെ സമീപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.