‘കേരള’യിലെ സംഘർഷം: സംസ്ഥാന സെക്രട്ടറി അടക്കം 27 എസ്.എഫ്.ഐക്കാർക്കെതിരെ ജാമ്യമില്ല കേസ്; ചുമത്തിയത് പൊതുമുതൽ നശിപ്പിക്കൽ, ദേഹോപദ്രവം ഏൽപിക്കൽ വകുപ്പുകൾ
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി എസ്. സഞ്ജീവ് ഉൾപ്പെടെ 27 പേർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, ദേഹോപദ്രവം ഏൽപിക്കൽ എന്നിവയടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. സംഭവ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തവരെ പൊലീസ് രാത്രിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
കേരള സർവകലാശാല ആസ്ഥാനത്തേക്ക് ഇരച്ചുകയറിയും രണ്ട് മണിക്കൂറോളം ഓഫിസുകൾ കൈയടക്കിയും എസ്.എഫ്.ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിനാണ് ഇടയാക്കിയത്. സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് സമീപകാലത്തൊന്നും സർവകലാശാല ആസ്ഥാനം സാക്ഷ്യംവഹിക്കാത്ത രീതിയിലുള്ള സമരവുമായി നൂറുകണക്കിന് എസ്.എഫ്.ഐ പ്രവർത്തകരെത്തിയത്. ഏറെനേരം കാഴ്ചക്കാരായി നിന്ന പൊലീസ് പിന്നീട് പ്രവർത്തകർക്കെതിരെ ലാത്തിവീശുകയും ബലം പ്രയോഗിക്കുകയും ചെയ്തു.
ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് എസ്.എഫ്.ഐക്കാർ സർവകലാശാല ആസ്ഥാനത്തെത്തിയത്. ഗേറ്റിൽ സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം ചെറുക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് മറികടന്ന് നൂറുകണക്കിന് പേർ ആസ്ഥാനമന്ദിരത്തിന് മുന്നിലേക്ക് കുതിച്ചെത്തി. ഒട്ടേറെ പേർ പിറകുവശത്തെ സെനറ്റ് ഹാളിന്റെ ജനൽ തകർത്ത് ഭരണവിഭാഗം ഓഫിസിനകത്ത് കയറി. പൊലീസിന്റെ പ്രതിരോധം ദുർബലമായതോടെ പ്രധാന കവാടം തള്ളിത്തുറന്ന് നൂറുകണക്കിന് പേർ ഭരണവിഭാഗം ഓഫിസിനുള്ളിലെത്തി.
ഇവരൊന്നടങ്കം ഒന്നാംനിലയിൽ വൈസ്ചാൻസലറുടെ ചേംബറിന് മുന്നിലേക്ക് പോകുന്ന ഗ്രില്ലിന് മുന്നിലെത്തി. ഇവർ ജോയന്റ് രജിസ്ട്രാർമാരുടെ ഉൾപ്പെടെയുള്ള ഓഫിസുകളിലെല്ലാം മുദ്രാവാക്യം വിളികളുമായി കയറിയിറങ്ങി. വി.സിയുടെ ചേംബറിന് മുന്നിലെത്താനായി പ്രവർത്തകർ ഒന്നടങ്കം ഗ്രില്ല് ഇളക്കാൻ ശ്രമം തുടങ്ങിയതോടെയാണ് പൊലീസ് പ്രതിരോധിച്ച് തുടങ്ങിയത്. വൈസ്ചാൻസലർ ഡോ. സിസ തോമസ് ഓഫിസിലെത്തിയിരുന്നില്ല.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്, പ്രസിഡന്റ് ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വി.സിയുടെ ചേംബറിലെത്താനായി ഗ്രില്ല് പൊളിക്കാൻ ശ്രമം തുടങ്ങിയതോടെ പൊലീസ് നടപടി തുടങ്ങി. സംസ്ഥാന സെക്രട്ടറിയെയും പ്രസിഡന്റിനെയും ഇവിടെനിന്ന് ബലം പ്രയോഗിച്ച് മാറ്റി. ആസ്ഥാനമന്ദിരത്തിനകത്തും പുറത്തും പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. വി.സിയുടെ ചേംബർ കൈയേറാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.