ഇ.ഡി സമൻസ് ലഭിച്ചവരെ ഭീഷണിപ്പെടുത്തി ഒത്തുതീര്‍പ്പാക്കൽ; 30കോടിയിലേറെ കൈക്കൂലി വാങ്ങിയതായി പ്രാഥമിക നിഗമനം
text_fieldsഇ.ഡി കേസൊതുക്കാൻ കോഴ വാങ്ങിയ കേസിൽ അറസ്റ്റിലായ വിത്സൺ, മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത് വാര്യർ
കൊച്ചി: ഇ.ഡി കേസൊതുക്കാൻ കോഴ വാങ്ങിയ ഇടനിലക്കാർ സമ്പാദിച്ചത് കോടികൾ. വിവിധ കേസുകളിൽ ഇ.ഡി സമൻസ് ലഭിച്ചവരെ ഇരകളാക്കിയായിരുന്നു ഇവരുടെ ധനസമ്പാദനം. കേസിൽ വിജിലൻസ് പിടിയിലായ വിത്സൺ, മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത് വാര്യർ എന്നിവരെ ചോദ്യംചെയ്തതിൽനിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇ.ഡി ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സംഘം കേസ് ഒത്തുതീര്‍പ്പാക്കലിന്‍റെ പേരില്‍ മുപ്പതുകോടിയിലേറെ രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റിലായ പ്രതികളില്‍ ചിലരുടെ ഭൂമി ഇടപാട് രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. അറസ്റ്റിലായ മൂന്നാംപ്രതി മുരളി മുകേഷ് എറണാകുളം പുത്തന്‍വേലിക്കരയില്‍ ഭൂമി വാങ്ങിയതും രഞ്ജിത് കൊച്ചിയിൽ വീട് വാങ്ങിയതും തട്ടിപ്പ് പണം കൊണ്ടാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
ഇ.ഡി ഓഫിസ് കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. സമീപകാലത്ത് ഇ.ഡി കൈകാര്യംചെയ്ത പല സാമ്പത്തിക കുറ്റകൃത്യ കേസുകളിലെയും കക്ഷികളില്‍നിന്ന് വിജിലന്‍സ് വിവരശേഖരണം തുടരുകയാണ്.
തട്ടിപ്പ് സംഘം കൈക്കൂലി ആവശ്യപ്പെട്ട വിവരം പലരില്‍നിന്നും കിട്ടിയിട്ടുണ്ടെങ്കിലും ആരും ഇതുവരെ രേഖാമൂലം പരാതി നല്‍കാന്‍ തയാറായിട്ടില്ല. നിലവിൽ അനീഷ് ബാബുവിന് പുറമേ പതിനഞ്ചോളം പേരാണ് ഇ.ഡിക്കെതിരെ രംഗത്തെത്തിയത്. എന്നാൽ, രേഖാമൂലം പരാതി നൽകാൻ ഇവരും തയാറായിട്ടില്ല. ഇതോടൊപ്പം ഒന്നാംപ്രതിയായ ഇ.ഡി അസിസ്റ്റന്‍റ് ഡയറക്ടറെ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടാത്തതും പ്രതിസന്ധിയാണ്. അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതോടെ ഇയാളെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇതിനുശേഷം ചോദ്യം ചെയ്യുന്നതിന് നോട്ടീസ് നൽകും.
ഒന്നാംപ്രതിയായ ഇ.ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇടനിലക്കാരിൽനിന്ന് ഇ.ഡി ഓഫിസിലെ രേഖകളും സമൻസ് രേഖകളുമടക്കം പിടിച്ചെടുത്തതോടെ കോഴക്ക് പിന്നിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കും വ്യക്തമാകുന്നുണ്ട്. പിടിയിലായ പ്രതികളിൽ പലരും ഇ.ഡി ഓഫിസിലെ നിത്യസന്ദർശകരായിരുന്നത്രേ.
ഇ.ഡി ഓഫിസിലേക്ക് ബുധനാഴ്ച ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. പ്രവർത്തകരെ ജലപീരങ്കി ഉപയോഗിച്ചാണ് പൊലീസ് പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
ഇ.ഡിക്ക് മറുപടിയുമായി വിജിലൻസ്
കൊച്ചി: കേസൊതുക്കാൻ ഇ.ഡി ഓഫിസ് കേന്ദ്രീകരിച്ച് കോഴ വാങ്ങിയ കേസിൽ ഇ.ഡിക്ക് മറുപടിയുമായി വിജിലൻസ്. തനിക്കെതിരായ കേസ് അട്ടിമറിക്കാനുളള നീക്കമാണ് കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബു പരാതിയിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു ഇ.ഡിയുടെ വിശദീകരണം.
അനീഷ് ബാബുവിന്‍റെ പരാതി വിശദമായി പരിശോധിച്ച് അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് വിജിലൻസ് എസ്.പി എസ്. ശശിധരൻ പറഞ്ഞു. കേസിൽ പ്രതികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഒന്നാംപ്രതിയായ ഇ.ഡി കൊച്ചി ഓഫിസിലെ അസി. ഡയറക്ടർ ശേഖർകുമാറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്. എന്നാൽ, ഈ ഘട്ടത്തിൽ അയാളെ അറസ്റ്റ് ചെയ്യാൻ തെളിവുകൾ ലഭിച്ചിട്ടില്ല.
ശാസ്ത്രീയ തെളിവുകൾ ശേഖരണം പൂർത്തിയായിവരുകയാണ്. ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത്തിൽനിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെയും രേഖകളുടെയും പരിശോധനയും പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.