തൊഴിലാളിവിരുദ്ധ നയങ്ങളെ ബദൽ നയം കൊണ്ട് കേരളം ചെറുക്കും -മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളെ ബദൽ നയംകൊണ്ട് കേരളം ചെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബദൽ നടപ്പാക്കുന്ന കേരളത്തോട് കേന്ദ്രം പകയോടെ പെരുമാറുകയാണ്. നവ ഉദാരവത്കരണം വാഗ്ദാനം ചെയ്ത നേട്ടങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് കാലം തെളിയിച്ചു.
സ്വകാര്യവത്കരണം മാത്രമാണ് പരിഹാരമെന്ന വാദത്തിന് കേരളം തിരുത്തായി. സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്ട് നടന്ന മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം വിൽപനക്കുവെച്ച പൊതുമേഖലാസ്ഥാപനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാനായി. കേരള ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡും ഇതിനുദാഹരണമാണ്. ഇത്തരം ബദലുകൾ നടപ്പാക്കുന്ന കേരളത്തോട് കേന്ദ്രം പകയോടെ പെരുമാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരം തരാതെ ഞെരുക്കുകയാണ് കേന്ദ്രം. പ്രതിവർഷം 12 ലക്ഷം കോടിയാണ് നഷ്ടം. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെൻ, അഖിലേന്ത്യ പ്രസിഡൻറ് കെ. ഹേമലത, എളമരം കരീം എം.പി, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, കോഴിക്കോട് മേയർ ബീന ഫിലിപ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.