കേരളത്തിന്റെ കടഭാരം 4.22 ലക്ഷം കോടി; രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാനകാലമാകുമ്പോള്‍ 4.65 ലക്ഷം കോടി രൂപയാകും
text_fieldsതിരുവനന്തപുരം: കേന്ദ്ര നിലപാടുമൂലം സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെട്ടിട്ടും എല്ലാ മേഖലയിലും സർക്കാറിന് നേട്ടമുണ്ടാക്കാനായെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളപ്പിറവിക്കുശേഷം ഇത്രയധികം സാമ്പത്തിക സ്വാതന്ത്ര്യവും അർഹമായ കേന്ദ്ര വിഹിതവും നിഷേധിക്കപ്പെട്ട സർക്കാർ ഉണ്ടായിട്ടില്ല. കേരളം ഭിക്ഷാപാത്രവുമായി നടക്കുകയാണെന്നാണ് ആരോപണം. കിട്ടാനുള്ളതാണ് ആവശ്യപ്പെടുന്നത്. കേരളം കടക്കെണിയിലെന്നത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാനകാലമാകുമ്പോള്‍ കേരളത്തിന്റെ മൊത്തം കടഭാരം 4.65 ലക്ഷം കോടി രൂപയാകും. പ്രതിപക്ഷ നേതാവ് പറയുന്നപോലെ ആറു ലക്ഷം കോടിയായി കടം ഉയരില്ല. ഇപ്പോള്‍ കേരളത്തിന്റെ ആകെ കടം 4.22 ലക്ഷം കോടി രൂപയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞ 2015- 16ല്‍ 1.57 ലക്ഷം കോടി രൂപയായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന കാലമായ 2020- 21ല്‍ 2.96 ലക്ഷം കോടിയായിരുന്നു ആകെ കടം. ഓരോ അഞ്ചുവര്‍ഷവും കടത്തിന്റെ അളവ് ഇരട്ടിയാകുകയാണ് പതിവ്. ഇതനുസരിച്ച് നോക്കിയാല്‍ ഇപ്പോഴത്തെ കടഭാരം 5.8 ലക്ഷം കോടിയായെങ്കിലും ഉയരണം. അതുണ്ടായില്ല. സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണ്. ഇതനുസരിച്ച് കേരളത്തിന്റെ ആഭ്യന്തര സംസ്ഥാന മൊത്ത ഉൽപാദനത്തിന്റെ (ജി.എസ്.ഡി.പി) 3.5 ശതമാനം വരെ വായ്പ അനുമതിയുണ്ട്. എന്നാല്‍, 2022-23ല്‍ 2.5 ശതമാനം, 2023-24ല്‍ 2.99 ശതമാനവുമാണ് സംസ്ഥാനം വായ്പയെടുത്തത്. നമുക്ക് അര്‍ഹതപ്പെട്ട കടം പോലും കേന്ദ്രം നിഷേധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ശമ്പള പരിഷ്കരണം: ആലോചന നടന്നിട്ടില്ല
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് ഇതുവരെ ആലോചന നടന്നിട്ടില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ശമ്പള പരിഷ്കരണ കമീഷനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വാർത്തസമ്മേളനത്തിൽ മന്ത്രിയുടെ മറുപടി. കോവിഡ് കാലത്തുപോലും സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ, സർക്കാർ ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടുണ്ട്. ഇടതുസർക്കാറിന് തുടർച്ചയുണ്ടായതുകൊണ്ടാണ് ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.