മാറാട് കലാപം, പൂക്കിപ്പറമ്പ് ബസപകടം, കടലുണ്ടി ട്രെയിനപകടം... മരണങ്ങളുടെ ചുരുളഴിച്ച ഡോ. ഷെർലി വാസു യാത്രയായി
text_fieldsകോഴിക്കോട്: നിരവധി കൊലപാതകക്കേസുകളുടെയും ദുരൂഹമരണങ്ങളുടെയും ചുരുളഴിച്ച പ്രശസ്ത ഫോറൻസിക് സർജനാണ് ഇന്ന് അന്തരിച്ച ഡോ. ഷെർലി വാസു. 68വയസ്സായിരുന്നു. കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും വനിത ഫോറൻസിക് സർജനായിരുന്നു. കേരള പൊലീസിന്റെ മെഡിക്കോ ലീഗൽ ഉപദേഷ്ടാവായിരുന്നു. നൂറുകണക്കിന് വിദ്യാർഥികൾക്ക് ഫോറൻസിക് മെഡിസിനിൽ അറിവ് പകർന്നുനൽകിയ അധ്യാപികയാണ്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മായനാട്ടെ വീട്ടിൽനിന്ന് 11.30 ഓടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് 12.40 ഓടെ മരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മുൻ മേധാവിയും തൃശൂർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലുമാണ്. കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
മാറാട് കലാപം, പൂക്കിപ്പറമ്പ് ബസ് അപകടം, കടലുണ്ടി ട്രെയിൻ അപകടം, ഫസൽ വധക്കേസ്, സഫിയ വധക്കേസ്, നാൽപ്പാടി വാസു വധക്കേസ്, സൗമ്യ വധക്കേസ് തുടങ്ങിയവയിൽ മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടത്തിയത് ഡോ. ഷെർലി വാസുവിന്റെ നേതൃത്വത്തിലായിരുന്നു.
കോട്ടയം ഗവ. മെഡിക്കൽ കോളജിൽനിന്ന് 1979ൽ എം.ബി.ബി.എസും കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് 1984ൽ ഫോറൻസിക് മെഡിസിനിൽ ബിരുദാനന്തരബിരുദവും നേടി. കോഴിക്കോട് മെഡിക്കൽ കോളജിൽ 1982ൽ സർവിസിൽ പ്രവേശിച്ചു.
പിന്നീട് അവിടെ തന്നെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ അസി. പ്രഫസറായും അസോ. പ്രഫറസറായും പ്രവർത്തിച്ചു. തൃശൂർ മെഡിക്കൽ കോളജിലും പരിയാരം മെഡിക്കൽ കോളജിലും ഫോറൻസിക് വിഭാഗം മേധാവിയായി.
ഇടുക്കി തൊടുപുഴ കെ.വി. വാസുവിന്റെയും സരസ്വതിയുടെയും മകളാണ്. ഭർത്താവ്. ഡോ. കെ. ബാലകൃഷ്ണൻ (റിട്ട. സീനിയർ മെഡിക്കൽ ഓഫിസർ). മക്കൾ: നന്ദന (അസി. പ്രഫസർ, സെന്റ് സേവിയേഴ്സ് കോളജ്, എരഞ്ഞിപ്പാലം), നിധിൻ (സോഫ്‌റ്റ് വെയർ എൻജിനീയർ, എറണാകുളം). മരുമക്കൾ: അപർണ (എസ്.ബി.ഐ, എറണാകുളം), ഫൈസൽ (ദുബൈ). സഹോദരങ്ങൾ: ഷർസി വാസു (റിട്ട. ജഡ്ജ്, ഉപലോകായുക്ത), മേക്‌സ്‌വെൽ വാസു (റിട്ട. മാനേജർ, എസ്.ബി.ഐ), പരേതയായ ഷൈനി വാസു (ജില്ല ജഡ്ജി).
സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥത്തിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.