1:25 അധ്യാപക വിദ്യാർഥി അനുപാതം നടപ്പാക്കുന്നതിൽ ആശയക്കുഴപ്പം; ധനവകുപ്പിന്റെ എതിർപ്പിൽ തീരുമാനം മാറ്റി
text_fieldsമുഖ്യമന്ത്രി വിഡി സതീശൻ
തിരുവനന്തപുരം: കുട്ടികൾ കുറഞ്ഞ് തസ്തിക നഷ്ടപ്പെടുന്ന സർക്കാർ എൽ.പി സ്കൂളുകളിലെ അധ്യാപകരെ സംരക്ഷിക്കാൻ അധ്യാപക വിദ്യാർഥി അനുപാതം 1:25 ആക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിന് ധനവകുപ്പിന്റെ എതിർപ്പ്.
ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ വിഷയം ചർച്ചക്ക് വന്നെങ്കിലും ധനവകുപ്പിന്റെ എതിർപ്പ് ചൂണ്ടിക്കാട്ടി തീരുമാനമെടുക്കുന്നത് മാറ്റുകയായിരുന്നു. നിലവിലുള്ള 1:30 അനുപാതം സർക്കാർ സ്കൂളുകളിൽ മാറ്റിയാൽ ഈ ഇളവ് ആവശ്യപ്പെട്ട് എയ്ഡഡ് സ്കൂളുകളും സമീപിക്കും.
ഇത് നിയമക്കുരുക്കിലേക്കും ഒടുവിൽ സർക്കാറിന് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയിലേക്കും വഴിവെക്കുമെന്ന വിലയിരുത്തലിലാണ് മന്ത്രിസഭ യോഗം വിശദ ചർച്ചക്കായി മാറ്റിയത്.
സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പരിഹാരമുണ്ടാക്കാനായാണ് കുട്ടികൾ കുറയുന്ന സർക്കാർ സ്കൂളുകളിൽ മാത്രം അനുപാതം മാറ്റുന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചത്.
ഇതേ ആവശ്യം ഉന്നയിച്ച് എയ്ഡഡ് സ്കൂളുകൾ കോടതിയെ സമീപിച്ചാൽ സർക്കാറിന് കുരുക്കാകുമെന്ന് നിയമോപദേശവും ലഭിച്ചിരുന്നു. എന്നാൽ 150 കുട്ടികളുള്ള സ്കൂളുകളിൽ ഹെഡ്മാസ്റ്ററെ ക്ലാസ് ചുമതലയിൽ നിന്ന് മാറ്റുന്നതുവഴിയുണ്ടാകുന്ന ഒഴിവുകളിലേക്ക് (എച്ച്.ടി.വി ഒഴിവ്) താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് പകരം ഇവ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനുള്ള നിർദേശത്തിന് അംഗീകാരമായിട്ടുണ്ട്. ഇത് ഉൾപ്പെടെ സർക്കാർ അംഗീകരിച്ച സമരക്കാരുടെ നാല് ആവശ്യങ്ങളിൽ വൈകാതെ സർക്കാർ ഉത്തരവ് പുറത്തിറങ്ങും.
അതേസമയം, സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് ലോവർ പ്രൈമറി സ്കൂൾ ടീച്ചേഴ്സ് (എൽ.പി.എസ്.ടി) റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സമരസമിതി നേതാവ് എസ്. വളർമതി വ്യക്തമാക്കി. ചർച്ച അടുത്ത ആഴ്ച തുടരുമെന്നും അവർ വ്യക്തമാക്കി.

