കേരളത്തിലെ മികച്ച സ്കൂളുകളെ തേടി കൈറ്റിന്റെ ‘ഹരിതവിദ്യാലയം 4.0’ ഡിസംബറിൽ; നവംബർ 15 വരെ അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ മികവ് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷൻ ഡിസംബറിൽ ആരംഭിക്കും.
സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് നവംബർ 15നകം അപേക്ഷിക്കാം. പ്രൈമറി സ്കൂളുകൾക്കും ഹൈസ്കൂൾ, ഹയർ സെക്കഡറി വിഭാഗങ്ങൾക്കും പ്രത്യേകമായി അപേക്ഷകൾ സമർപ്പിക്കാം. www.hv.kite.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.
സ്കൂളുകളുടെ പഠന, പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുക്കുക. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയായാണ് ഈ നാലാമത് എഡിഷൻ.
ഹരിത വിദ്യാലയം മൂന്നാം എഡിഷനിൽ ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ വയനാട് ജില്ലയിലെ ഗവ. എച്ച് എസ് ഓടപ്പളളവും , മലപ്പുറം ജില്ലയിലെ ജി.യു.പി.എസ്. പുറത്തൂരുമാണ് നേടിയത്. അപേക്ഷകരിൽനിന്ന് 100 സ്കൂളുകളെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കും. ഈ സ്കൂളുകളുടെ വീഡിയോ ഡോക്യുമെന്റേഷൻ കൈറ്റ് നിർവഹിക്കും.
തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകൾക്ക് അവതരണത്തിനും യാത്രാചിലവ്, താമസം എന്നിവയ്ക്കുമായി പരമാവധി 20,000 രൂപ അനുവദിക്കും. പരിപാടിയുടെ സംപ്രേക്ഷണം ഡിസംബർ അവസാനത്തോടെ കൈറ്റ് വിക്ടേഴ്സിൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. ഷോയുടെ സർക്കുലറും മുൻ എഡിഷനുകളുടെ വീഡിയോകളും www.hv.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

