കിണർ കുഴിക്കാൻ അനുമതി വേണം, കുഴൽ കിണറിന് നിയന്ത്രണം; കരട് ജലനയവുമായി കേരളം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ജലചൂഷണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ നിർദേശങ്ങൾ ഉൾപ്പെടുത്തി ജല നയത്തിന്റെ കരട്. വീട്ടാവശ്യത്തിന് കിണര്‍ കുഴിക്കാൻ മുൻകൂര്‍ അനുമതി തേടുന്നത് അടക്കം നിയന്ത്രണങ്ങൾ കരടിലുണ്ട്. ഭൂഗർഭ ജലനിരപ്പ് താഴുന്നതിനാൽ കുഴൽക്കിണർ കുഴിക്കുന്നത് ഉൾപ്പെടെയുള്ളവ നിയന്ത്രിക്കണം. നിലവിൽ നിയന്ത്രണമുണ്ടെങ്കിലും കർശനമല്ല. ഭൂജല ഉടമസ്ഥാവകാശം നിയമപരമായി സർക്കാരിൽ നിക്ഷിപ്തമാക്കിയാൽ ജലചൂഷണം വലിയതോതിൽ നിയന്ത്രിക്കാമെന്ന് കരടിൽ പറയുന്നു.
വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കായി ജലചൂഷണം കർശനമായി തടയണം. വീടുകളിലടക്കം കിണര്‍ കുഴിക്കാൻ അനുമതി വാങ്ങണം. വീടുകളിൽ കുടിവെള്ളത്തിനും പാചകത്തിനുമായി ഒരു ടാങ്കും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കായി മറ്റൊന്നും സ്ഥാപിക്കാൻ നയം നിർദേശിക്കുന്നു. മഴവെള്ള സംഭരണിയുടെ പ്രവർത്തനം ഉറപ്പാക്കണം.
വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കൽ തദ്ദേശ സ്ഥാപനങ്ങളുടെ ബാധ്യതയാക്കും. കെട്ടിട നികുതി ശേഖരിക്കുന്നതിനൊപ്പം മഴവെള്ള സംഭരണികളുടെ പ്രവർത്തനവും ഉറപ്പാക്കണം. വ്യവസായ ആവശ്യങ്ങൾക്കുള്ള ജലത്തിന് കനത്ത നിയന്ത്രണം കരടിലുണ്ട്. വെള്ളമെടുക്കുന്ന സ്രോതസ്സുകൾ മുൻകൂട്ടി അറിയിച്ച് അനുമതി തേടണം. ജലദൗർലഭ്യ മേഖലകളിൽ വെള്ളം വലിയ അളവിൽ ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് പ്രവര്‍ത്തനാനുമതി നൽകില്ല.
മോട്ടർ പമ്പുകളുപയോഗിച്ച് ഭൂജല ചൂഷണം നടത്തുന്നത് നിയന്ത്രിക്കണം. കൃഷിക്കായി വെള്ളം മിതമായി ഉപയോഗിക്കാൻ സഹായിക്കുന്ന ജലസംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

