വൻ ജനാവലി സാക്ഷി; കെവിന്റെ മൃതദേഹം സംസ്കരിച്ചു
text_fieldsകോട്ടയം: ആയിരങ്ങളുടെ സാന്നിധ്യത്തിൽ കെവിന് അന്ത്യനിദ്ര. നാടിനൊപ്പം മാനവും കണ്ണീരണിഞ്ഞ ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച കെവിൻ പി. ജോസഫിെൻറ മൃതദേഹം വൈകുന്നേരത്തോടെ കോട്ടയം നല്ലയിടയൻ ദേവാലയത്തിൽ സംസ്കരിച്ചു. വീട്ടിലും പള്ളിയിലും ഹൃദയഭേദകമായ കാഴ്ചകൾക്കൊടുവിലായിരുന്നു സംസ്കാരം. ആർത്തലച്ച ഭാര്യ നീനുവിെൻറയും അമ്മ മേരിയുടെയും ദുഃഖം കണ്ടുനിന്നവരിലേക്കും പടർന്നതോടെ കണ്ണീരണിയാത്ത കണ്ണുകളില്ലായിരുന്നു, വട്ടപ്പാറ വീട്ടുവളപ്പിൽ.
കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച രാവിലെ 11ന് െപാലീസ് അകമ്പടിയിൽ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നട്ടാശേരിയിലെ വീട്ടിലേക്ക് നാട് ഒഴുകിയെത്തി. ആൾക്കൂട്ടത്തിന് നടുവിലേക്കാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് എത്തിയത്. ഒറ്റയടിപ്പാതയിലൂടെ വീട്ടിലേക്ക് മൃതദേഹവുമായി പോകുമ്പോള്‍ ഹർത്താൽ ദിനത്തിലും തിങ്ങിനിറഞ്ഞ ജനസമൂഹം അതിന് സാക്ഷിയായി. വാഹനസൗകര്യമില്ലാതിരുന്നിട്ടും സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ കാല്‍നടയായിട്ടാണ് എത്തിയത്.
ഞായറാഴ്ച പുലര്‍ച്ച കെവിനെ തട്ടിക്കൊണ്ടുപോയ നിമിഷം മുതല്‍ കരച്ചിലും പ്രാര്‍ഥനയുമായി കഴിഞ്ഞ ഭാര്യ നീനുവിനെ ഭർത്താവിെൻറ മൃതദേഹമടങ്ങിയ പെട്ടിയിൽനിന്ന് മാറ്റാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു. ഇതിനിടെ നീനു ബോധരഹിതയായി തളർന്നുവീണു. മാതാവ് ഓമനയും സഹോദരി കൃപയും വിങ്ങിപ്പൊട്ടി.

മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച രാവിലെ 11.15 മുതല്‍ സംസ്‌കാരശുശ്രൂഷകൾക്കായി പള്ളിയിലേക്ക് കൊണ്ടുപോയ ഉച്ചക്ക് 2.35വരെ അണമുറിയാതെ ജനപ്രവാഹമായിരുന്നു. ജനക്കൂട്ടം വീട്ടിലും പരിസരത്തും നിറഞ്ഞതോടെ വഴിയിൽ വരിനിന്നാണ് ആളുകൾ അന്ത്യോപചാരം അർപ്പിച്ചത്. തിരക്കേറിയതോടെ അയൽവാസിയുെട മതിൽപൊളിച്ച് പുറത്തിറങ്ങാൻ വഴിയും ഒഴുക്കി. ആദ്യം വീട്ടിനുള്ളില്‍വെച്ചശേഷം മുറ്റത്തൊരുക്കിയ പന്തലിലേക്ക് മൃതദേഹം മാറ്റാനായിരുന്നു തീരുമാനമെങ്കിലും ജനത്തിരക്കുമൂലം അതിനായില്ല.
നൂറുകണക്കിനാളുകൾ അണിചേർന്ന വിലാപയാത്രയായാണ് വീട്ടുവളപ്പിൽനിന്ന് മൃതദേഹം വൈകീട്ട് നാലോടെ കലക്ടറേറ്റിനു സമീപമുള്ള നല്ലയിടയൻ ദേവാലയത്തിലെത്തിയത്. മണിക്കൂറുകൾക്ക് മുമ്പേ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പള്ളിവളപ്പിലും പരിസരത്തുമായി ഉണ്ടായിരുന്നു. സി.പി.എമ്മിെൻറയും കോൺഗ്രസിെൻറയും നേതാക്കളും നേരേത്തതന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
മൂന്നരയോടെ സംസ്കാരചടങ്ങിന് കാർമികത്വം വഹിക്കുന്ന പുരോഹിതരും സെമിത്തേരിയിലെത്തി. അരമണിക്കൂറിനുശേഷം മൃതദേഹം എത്തിച്ചു. നീനുവിനെ കെവിെൻറ പിതാവ് താങ്ങിയെടുത്താണ് അന്ത്യചുംബനത്തിനെത്തിച്ചത്. മൃതദേഹത്തിനൊപ്പം പൊലീസ് ഉദ്യോഗസ്ഥർ സെമിത്തേരിയിലേക്ക് കയറിയതിനെ ആളുകൾ എതിർത്തതോടെ അവർ പിന്മാറി. ബിഷപ് സെബാസ്റ്റ്യൻ മുരിക്കൽ, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടികാട് എന്നിവരുടെ കാർമികത്വത്തിലായിരുന്നു അന്ത്യശുശ്രൂഷ ചടങ്ങ്. കർമങ്ങൾക്കുശേഷവും കാത്തുനിന്നവർക്ക് അന്ത്യദർശനത്തിന് അവസരം നൽകി. നാലേമുക്കാലോടെ കെവിന് കല്ലറയിൽ അന്ത്യവിശ്രമമൊരുങ്ങിയതോടെ പെയ്തിറങ്ങിയ നേരിയ മഴയിൽ ജനം മടങ്ങി.

പോസ്റ്റ്മോർട്ടത്തിനിടെ ആശുപത്രി പരിസരത്ത് സംഘർഷം; കല്ലേറിൽ ഏഴുപേർക്ക് പരിക്ക്
മൃതദേഹം പോസ് റ്റുമോർട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ലാത്തിച്ചാർജും കല്ലേറുമുണ്ടായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അടക്കമുള്ളവരെ കൈയേറ്റം ചെയ്യാൻ മുതിർന്ന സംഘർഷത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ന്യൂസ് 18 ടി.വി ഡ്രൈവർ ഉന്മേഷ് (30), ഏറ്റുമാനൂർ തോട്ടിക്കാമല ബിനു (38), കരിമറ്റം മുതലക്കുളം ജോസഫ് എബ്രഹാം (35), കോട്ടയം പുലിക്കുട്ടിേശരി ശരത് (30), വാകത്താനം സ്വദേശി ബേബി ജോസഫ് (50), ചിങ്ങവനം സ്വദേശി രമേശ് (38), ചിങ്ങവനം പന്നിമറ്റം സ്വദേശി ജയൻ (43) എന്നിവർക്കാണ് പരിേക്കറ്റത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പോസ്റ്റ്മോർട്ടം നടപടി ആരംഭിക്കുന്നതിനുമുമ്പ് മെഡിക്കല്‍ കോളജ് പരിസരം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരാല്‍ നിറഞ്ഞിരുന്നു. നടപടി വിഡിയോയിൽ ചിത്രീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പോസ് റ്റ്മോർട്ടം മുറിയിൽ പ്രവേശിക്കാൻ ശ്രമിച്ച മുൻ ആഭ്യന്തരമന്ത്രികൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനുനേരെയാണ് സി.പി.എം പ്രവർത്തകർ ൈകയേറ്റത്തിന് ശ്രമിച്ചത്. ഇത് തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഷർട്ട് വലിച്ചുകീറി. പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ േമാർച്ചറിക്കുള്ളിൽ കയറ്റിയത്. പോസ്റ്റ്മോർട്ടം ആരംഭിക്കുന്നതുമുതൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്ന കാര്യങ്ങളടക്കം പൂർത്തിയാക്കിയശേഷമാണ് സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ ആശുപത്രിവിട്ടത്.
ആശുപത്രി ഗേറ്റും പരിസരവും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയടക്കിയിരുന്നു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, സി.എസ്.ഡി.എസ്, കെ.പി.എം.എസ്, ബി.ഡി.ജെ.എസ്, ബി.എസ്.പി, ആം ആദ്മി, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രകടനമാെയത്തി. പോസ്റ്റ്മോർട്ടം നടക്കുമ്പോള്‍ സി.എസ്.ഡി.എസ്. പ്രവര്‍ത്തകര്‍ പൊലീസിനെതിരെയും സർക്കാറിനെതിരെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
മോർച്ചറി പരിസരത്ത് നിലയുറപ്പിച്ച സി.പി.എം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചവരെ വെല്ലുവിളിച്ചതോടെ നേരിയതോതിൽ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പലതവണ പ്രവര്‍ത്തകരും പൊലീസുമായി വാക്കേറ്റമുണ്ടായി. മൃതദേഹം ആംബുലന്‍സിലേക്ക് കയറ്റിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ആംബുലന്‍സ് തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ വീണ്ടും പൊലീസ് ലാത്തിവീശി. പിന്നാലെ, ഒരുഭാഗത്തുനിന്ന് കല്ലേറുണ്ടായി. ഇതിനിടെ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യുവമോര്‍ച്ച, സി.എസ്.ഡി.എസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞതോടെ ആശുപത്രി പരിസരം സംഘര്‍ഷഭൂമിയായി. സംഘര്‍ഷത്തിനിടെ വിവിധ പാര്‍ട്ടികളില്‍പെട്ടവർക്കാണ് പരിേക്കറ്റത്. സംഘടന പ്രവർത്തകർ ചേരിതിരിഞ്ഞ് പോര്‍വിളിച്ച് ആശുപത്രി ഗേറ്റിനുപുറത്തേക്ക് എത്തിയെങ്കിലും പൊലീസിെൻറ ഇടപെടലിനെത്തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഒഴിവായി. ഒരു മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷം നിലനിന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.