വൃക്ക തട്ടിപ്പ് റാക്കറ്റ് ലക്ഷങ്ങൾ തട്ടി; പെരുവഴിയിൽ രോഗികൾ
text_fieldsപ്രതീകാത്മക ചിത്രം
കണ്ണൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ക സംഘടിപ്പിച്ചുനൽകാമെന്നു പറഞ്ഞ് നിരവധി പേരിൽനിന്നായി ലക്ഷങ്ങൾ തട്ടി. പെരുവഴിയിലായി വൃക്കരോഗികളും കുടുംബാംഗങ്ങളും. വൃക്ക ആവശ്യമുണ്ടെന്ന രീതിയില്‍ പത്രങ്ങളിലും ഓണ്‍ലൈനിലും വരുന്ന പരസ്യങ്ങളും മറ്റും കണ്ടാണ് തട്ടിപ്പുസംഘം ആള്‍ക്കാരെ കുടുക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ചികിത്സാ കമ്മിറ്റിയുടേതായ പത്രവാര്‍ത്തകൾ നോക്കിയും ആളുകളെ തട്ടിപ്പ് സംഘം ബന്ധപ്പെടുന്നുണ്ട്. ഫോണ്‍ ചെയ്തും വാട്‌സ്ആപ്പില്‍ സന്ദേശമയച്ചുമാണ് തങ്ങളുടെ കസ്റ്റഡിയില്‍ വൃക്ക ദാതാവുണ്ടെന്ന് വിശ്വസിപ്പിക്കുക.
ഒരു ലക്ഷം രൂപ മുതല്‍ അഞ്ചും പത്തും ലക്ഷം രൂപവരെ പലരില്‍നിന്നായി തട്ടിപ്പുസംഘം കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന. 40-50 ലക്ഷവും അതിന് മുകളിലും തുക വേണമെന്നും ആദ്യഘട്ടമെന്ന നിലയിൽ അഞ്ച് ലക്ഷം നൽകണമെന്നുമാണ് ഇവർ പറയുന്നത്. പിന്നീട് പരിശോധന നടത്തുന്നുണ്ടെന്നും രണ്ടാംഗഡു തുക വേണമെന്നും പറഞ്ഞാണ് അടുത്ത തുക തട്ടിയെടുക്കുന്നത്. കണ്ണൂർ, മലപ്പുറം ജില്ലകളിലായി നിരവധി പരാതികൾ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എത്തിയിട്ടുണ്ട്. വൃക്ക വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കഴിഞ്ഞയാഴ്ച കണ്ണൂർ ആറളം കീഴ്പ്പള്ളി വീര്‍പ്പാട് വേങ്ങശേരി ഹൗസില്‍ വി.എം. നൗഫലിനെ (32) ആറളം എസ്.ഐ കെ. ഷറഫുദ്ദീൻ അറസ്റ്റ് ചെയ്തിരുന്നു.
ഇരിക്കൂർ ആയിപ്പുഴയിലെ ഫാത്തിമ മന്‍സിലില്‍ ഷാനിഫിന്റെ (30) പരാതിയിലാണ് അറസ്റ്റ്. ഷാനിഫിന്റെ വൃക്ക മാറ്റിവെക്കുന്നതിന് ദാതാവിനെ സംഘടിപ്പിച്ചുനല്‍കാമെന്നു പറഞ്ഞ് 2024 ഡിസംബര്‍ എട്ട് മുതല്‍ കഴിഞ്ഞ ഒക്‌ടോബര്‍ 18 വരെയുള്ള കാലയളവില്‍ ആറ് ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. ഇയാളെ കൂടാതെ രണ്ടുപേര്‍കൂടി തട്ടിപ്പുസംഘത്തിലുണ്ട്. മലപ്പുറം തിരൂര്‍ അനന്താവൂരിലെ സി. നബീല്‍ അഹമ്മദില്‍നിന്ന് അഞ്ച് ലക്ഷം രൂപയും മലപ്പുറം ചമ്രവട്ടം പെരിന്തല്ലൂരിലെ എം.വി. സുലൈമാനില്‍നിന്ന് അഞ്ച് ലക്ഷം രൂപയും കണ്ണൂര്‍ പഴയങ്ങാടി എം.കെ. ഹൗസില്‍ എം.കെ. ഇബ്രാഹിമില്‍നിന്ന് 1.75 ലക്ഷം രൂപയും പാപ്പിനിശ്ശേരി മടക്കരയിലെ ഷുക്കൂര്‍ മടക്കരയില്‍നിന്ന് അഞ്ച് ലക്ഷം രൂപയും സംഘം തട്ടിയെടുത്തതായി തെളിഞ്ഞിട്ടുണ്ട്.
നൗഫല്‍ പിടിയിലായതോടെ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൗഫലിന്റെ സംഘവും മറ്റൊരു സംഘവും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. പുതിയതെരുവിലെ കെ. ശ്രീഷയുടെ വൃക്ക മാറ്റിവെക്കുന്നതിന് ദാതാവിനെ നൽകാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആറളത്തെ സത്താറിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് തിങ്കളാഴ്ച കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

