കിഫ്ബി: ക്രമക്കേടുകളുടെ കണ്ണൂർ കോക്ടെയ്ൽ
text_fieldsതിരുവനന്തപുരം: സർക്കാറിനെ നോക്കുകുത്തിയാക്കിയും നിയമസഭയുടെ അവകാശങ്ങളെ കാറ്റിൽപറത്തിയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയും കിഫ്ബിയിൽ അരങ്ങേറിയത് ഗുരുതര ക്രമക്കേടുകളും കടിഞ്ഞാണില്ലാത്ത സമാന്തര ഭരണവും.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം നിയോഗിച്ച വിദഗ്ധ സമിതിയുടേതാണ് കണ്ടെത്തൽ. ധനവകുപ്പിന്റെ എതിർപ്പുകൾ തള്ളിയും ഫയലുകൾ പൂഴ്ത്തിയും മന്ത്രിസഭയെപോലും ഇരുട്ടിൽ നിർത്തിയും കിഫ്ബി മാനേജ്മെന്റ് സ്വന്തം നിലയിൽ കോടികളുടെ സാമ്പത്തിക ബാധ്യതകളും അനധികൃത നിയമനങ്ങളും അടിച്ചേൽപ്പിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സുധാപിള്ള അധ്യക്ഷയായ സമിതി തയാറാക്കിയ റിപ്പോർട്ടിലുള്ളത്.
അനുവദിച്ച 40 തസ്തികകളുടെ സ്ഥാനത്ത് 498 പേരെ തിരുകിക്കയറ്റിയ അനധികൃത നിയമനങ്ങൾ, വിശദമായ പദ്ധതിരേഖ പോലുമില്ലാതെ കണ്ണൂരിൽ നടത്തിയ കോടികളുടെ ഭൂമി ഏറ്റെടുക്കൽ, പ്രചാരണ ചെലവുകൾ പദ്ധതി ചെലവുകളിലേക്ക് വകമാറ്റിയെഴുതിയ ക്രമവിരുദ്ധ നീക്കങ്ങൾ എന്നിവയുൾപ്പെടെ ഗുരുതരമാണ് കണ്ടെത്തലുകൾ ഒരോന്നും. ഈ അധികാര ദുർവിനിയോഗത്തിന്റെ പശ്ചാത്തലത്തിൽ, വിപണിയിൽനിന്ന് വായ്പയെടുക്കാനുള്ള കിഫ്ബിയുടെ എല്ലാ അധികാരങ്ങളും റദ്ദാക്കണമെന്ന അത്യപൂർവ ശിപാർശ സമിതി സർക്കാറിന് മുന്നിൽ വെച്ചു.
ഒപ്പം കിഫ്ബിയുടെ കഴിഞ്ഞ 10 വർഷത്തെ മുഴുവൻ ഇടപാടുകളിലും സി.എ.ജിയുടെ സമഗ്ര പെർഫോമൻസ് ഓഡിറ്റിന് ഉത്തരവിടണമെന്നും അടിമുടി ഉടച്ചുവാർക്കണമെന്നും സമിതി നിർദേശിച്ചു.
ബജറ്റിന് പുറത്തുനിന്ന് അധിക വിഭവം സമാഹരിക്കാനാണ് കിഫ്ബി വിഭാവനം ചെയ്തതെങ്കിലും കേന്ദ്ര ധനമന്ത്രാലയം കിഫ്ബിയുടെ വായ്പകളെ സംസ്ഥാനത്തിന്റെ ബജറ്റിന് പുറത്തെ കടമെടുക്കലായി കണക്കാക്കിയതോടെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽനിന്ന് ഇതുവരെ 25,932.55 കോടിയാണ് വെട്ടിക്കുറക്കപ്പെട്ടത്.
കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാലും കടം വീട്ടാൻ ഉപയോഗിച്ച തുകയുടെ 99.4 ശതമാനവും സംസ്ഥാന സർക്കാർ നൽകിയ നികുതി-സെസ്സ് വിഹിതത്തിൽ നിന്നായതിനാലും സംസ്ഥാന സർക്കാറിന്റെ നേരിട്ടുള്ള കടമെടുപ്പാണെന്ന സി.എ.ജി വാദത്തോട് സുധാപിള്ള കമ്മിറ്റിയും യോജിക്കുന്നു.
കടമെടുപ്പ് ഉയർന്ന പലിശ നിരക്കിൽ; അധിക ബാധ്യത 910 കോടി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ വായ്പയെടുത്തിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന പലിശ നിരക്കിനേക്കാൾ 85 മുതൽ 179 വരെ ബേസിസ് പോയിന്റ് (0.85 ശതമാനം-1.79 ശതമാനം) ഉയർന്ന പലിശയിലാണ് കിഫ്ബി വിപണിയിൽനിന്ന് ബോണ്ടുകളിൽനിന്നും പണം സമാഹരിച്ചത്.
കിഫ്ബിയുടെ നിലവിലെ ആകെ കടബാധ്യതയായ 31,681.15 കോടിയിൽ, ശരാശരി 1.25 ശതമാനം അധിക പലിശ കണക്കാക്കിയാൽ പോലും പ്രതിവർഷം ഏകദേശം 396 കോടിയുടെ ഒഴിവാക്കാമായിരുന്ന അധിക ബാധ്യത സംസ്ഥാനത്തിനുണ്ടായി.
0.85 ശതമാനം മുതൽ 1.79 ശതമാനം വരെ കണക്കാക്കിയാൽ ഇത് പ്രതിവർഷം 270 കോടി മുതൽ 570 കോടി വരെ വരും. 2021-22 മുതൽ 2024-25 വരെയുള്ള നാല് വർഷങ്ങളിൽ മാത്രം ഈ അധിക പലിശ വഴി കേരളത്തിന് 910 കോടിയുടെ അധിക ബാധ്യതയുണ്ടാക്കി.
കിഫ്ബി എന്തുകൊണ്ട് ബാധ്യതയായി?
കിഫ്ബിക്ക് നികുതിയും സെസ്സുമായി സർക്കാർ നേരിട്ട് നൽകിയ തുക -26,165.93 കോടി
വായ്പാ പരിധി വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തിന് നഷ്ടമായ കടമെടുപ്പ് ശേഷി -25,932.53 കോടി
2025-26 ലെ കിഫ്ബിയുടെ വായ്പ-9,580 കോടി കൂടി
ഇതടക്കം കിഫ്ബി മാതൃക കാരണം സംസ്ഥാനത്തിന്റെ വിഭവങ്ങളിലുണ്ടായ ആകെ കുറവ്-61,678.46 കോടി
കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികൾ-48,574.82 കോടി
കിഫ്ബി വഴി പദ്ധതികൾ നടപ്പാക്കിയതിലൂടെ സർക്കാറിന് നഷ്ടം (48,574.82 - 48,574.82) - 13,103.64.
കിഫ്ബിയെ ഒഴിവാക്കി സർക്കാർ നേരിട്ട് നടപ്പാക്കിയിരുന്നുവെങ്കിൽ 61,678.46 കോടി രൂപ പദ്ധതികൾക്കായി ചെലവഴിക്കാമായിരുന്നു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

