കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം രാജിവെച്ചു, പടിയിറക്കം എൽ.ഡി.എഫ് തോൽവിക്കു പിന്നാലെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം രാജിവെച്ചു. അദ്ദേഹം ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കിഫ്ബി അഡീഷനല്‍ ഡയറക്ടർ മിനി ആന്റണിക്ക് സി.ഇ.ഒയുടെ താല്‍ക്കാലിക ചുമതല നല്‍കി.
മുഖ്യമന്ത്രിയുടെ ഓഫിസിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവി വഹിച്ചിരുന്നയാൾ കൂടിയായിരുന്നു മുൻ ചീഫ് സെക്രട്ടറിയായ എബ്രഹാം. ബജറ്റിന് പുറത്ത് വിഭവസമാഹരണം നടത്തി പദ്ധതികൾ പൂർത്തിയാക്കുന്ന കിഫ്ബി സംവിധാനത്തിനെതിരെ യു.ഡി.എഫ് കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഭരണം ലഭിച്ചതോടെ കിഫ്ബിയുടെ നടത്തിപ്പ് സംബന്ധിച്ച് ഇനി യു.ഡി.എഫിന് നയപരമായ തീരുമാനമെടുക്കേണ്ടിവരും. ഈ തീരുമാനത്തിന് കാത്തിരിക്കാതെയാണ് സി.ഇ.ഒ പദവിയിൽനിന്ന് എബ്രഹാം പടിയിറങ്ങിയത്.
അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള കേസുകൾ നേരിടുന്ന എബ്രഹാം പിണറായി വിജയന്‍റെ വിശ്വസ്തനാണ്. ഇദ്ദേഹത്തിന് കാബിനറ്റ് റാങ്കും നൽകിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് സസ്പെൻഷനിലായ സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് കെ.എം. എബ്രഹാമിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കിഫ്ബി കടമെടുത്തതുൾപ്പെടെയുള്ള പൊതുപണം തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി ചെലവിട്ടെന്നും എബ്രാഹിന്റെ നടപടികൾക്ക് കൂട്ടുനിൽക്കാത്തവരെ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അശോക് ആരോപിച്ചിരുന്നു.
കിഫ്ബി ഫണ്ട് വികസന പ്രവർത്തനങ്ങൾക്ക് പകരം സർക്കാർ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കും വേണ്ടി വഴിതിരിച്ചുവിട്ടതായി പ്രതിപക്ഷവും ആരോപിച്ചിരുന്നു. 2016ൽ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് കൂടുതൽ അധികാരങ്ങളോടെ കിഫ്ബി പുനരുജ്ജീവിപ്പിക്കപ്പെട്ടത്. പുതിയ സർക്കാർ അധികാരത്തിൽ എത്തുന്നതോടെ കിഫ്ബിയുടെ ഭാവി എന്താകുമെന്ന ചർച്ച സജീവമാണ്. 98,800 കോടിയുടെ 1230ലധികം പദ്ധതികൾക്കാണ് നിലവിൽ കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. 38,000 കോടി രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചിട്ടണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

