കിഫ്ബി വായ്പ; തിരിച്ചടവ് കടുക്കും ഇനിയുള്ള 5 വർഷം 14,954 കോടിയും പലിശയും
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും കടവും സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയെ ഞെരുക്കുന്നതിനിടെ വരുംവർഷങ്ങളിൽ അധികഭാരമായി കിഫ്ബി വായ്പകളുടെ തിരിച്ചടവും. 2019-20 സാമ്പത്തികവർഷം മുതൽ തിരിച്ചടവ് ആരംഭിച്ചിരുന്നെങ്കിലും ഭാരിച്ച വിഹിതം തിരിച്ചടക്കേണ്ടിവരുന്നത് ഇനിയുള്ള വർഷങ്ങളിലാണ്. 2019-20 മുതൽ 2024-2025 വരെയുള്ള ആറ് വർഷങ്ങളിൽ ആകെ തിരിച്ചടത് 6023.59 കോടി രൂപയാണെങ്കിൽ 2025-26 മുതൽ 2029-30 വരെയുള്ള അഞ്ച് വർഷങ്ങളിൽ തിരിച്ചടക്കേണ്ടത് 14954.6 കോടിയാണ്. പലിശ കൂടി ചേർക്കുമ്പോൾ തുക വീണ്ടും ഉയരും.
നിലവിലെ സർക്കാറിന്‍റെ കാലാവധി 2026ൽ അവസാനിക്കുമെന്നതിനാൽ തിരിച്ചടവ് ബാധ്യത അടുത്ത സർക്കാറിന്‍റെ ചുമലിലാണ്. പെട്രോള്‍സെസ്, മോട്ടോര്‍വാഹന നികുതി വിഹിതം, വരുമാന ദായക പദ്ധതികളിൽ നിന്നുള്ള വരുമാനം എന്നിവ കൊണ്ട് കിഫ്ബി വായ്പകള്‍ തിരിച്ചടയ്ക്കുമെന്നായിരുന്നു സർക്കാറിന്‍റെ വിശദീകരണം. എന്നാൽ കിഫ്ബി തുടങ്ങിയ ഘട്ടത്തിലെ പ്രതീക്ഷക്കൊത്ത് പെട്രോൾ-മോട്ടോർ വാഹന നികുതി വരുമാനങ്ങൾ വർധിച്ചിട്ടില്ലെന്നത് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് കിഫ്ബി പദ്ധതികളിൽ ടോളിനെ കുറിച്ച് ആലോചന തുടങ്ങിയത്.
വിവിധ ബാങ്കുകൾ, ഡെവലപ്മെൻറ് ഫിനാൻഷ്യൽ സ്ഥാപനങ്ങൾ, എന്നിവയിൽ നിന്നുള്ള വായ്പ, ആഭ്യന്തര- അന്താരാഷ്ട്ര വിപണിയിൽ നിന്നുള്ള ബോണ്ടുകൾ എന്നിവയാണ് കിഫ്ബിയുടെ പ്രധാന ധനസമാഹരണ മാർഗങ്ങൾ. 8.3 ശതമാനം മുതൽ 10.20 ശതമാനം വരെയാണ് വായ്പകളുടെ പലിശ നിരക്ക്. ഇതുവരെ 87521.36 കോടി രൂപയുടെ 1147 പദ്ധതികൾക്കാണ് തത്വത്തിൽ അംഗീകാരം നൽകിയത്. ഒടുവിലെ കണക്കുകൾ പ്രകാരം വിവിധ പദ്ധതികൾക്കായി 33976.61 കോടി ഇതിനോടകം അനുവദിച്ചു. ഇതിൽ 30000 കോടിയോളം വായ്പയാണ്. ഈ തുകയുടെ തിരിച്ചടവാണ് വരുംവർഷങ്ങളിലുള്ളത്.
അനുമതി നൽകിയ പദ്ധതികൾ പൂർത്തിയാകണമെങ്കിൽ 53444.75 കോടി കൂടി കണ്ടെത്തണം. ഇതും നിലവിലെ രീതിയിൽ കടമെടുക്കണം. സർക്കാറിന്‍റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ ഇത് എത്രത്തോളമെന്നതും കണ്ടറിയണം. ഇതുവരെ അംഗീകാരം നൽകിയ പദ്ധതികളിൽ 25.30 ശതമാനം മാത്രമാണ് വരുമാനദായകമെന്നാണ് സർക്കാറിന്‍റെ വിലയിരുത്തൽ. നിലവിൽ പൂർത്തിയായവയിൽ ഈ വിഭാഗത്തിലുള്ളവയുടെ എണ്ണം 21 അണ്. 2025 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഈ 21 പദ്ധതികളിൽനിന്ന് 1929.1 3 കോടി രൂപ തിരിച്ചടവിലായി ലഭിച്ചിട്ടുണ്ട്.
മസാല ബോണ്ട്: തിരിച്ചടച്ചു, 2150 കോടിക്ക് 1045 കോടി പലിശ
കിഫ്ബിക്കായി 2019 മാർച്ചിലാണ് മസാല ബോണ്ടിലൂടെ 2150 കോടി സമാഹരിച്ചത്. അസറ്റ് മാനേജേഴ്സ്, ഇൻഷുറൻസ്, പെൻഷൻ ഫണ്ട്, പ്രൈവറ്റ് വെൽത്ത് മാനേജേഴ്സ് എന്നിങ്ങനെ 116 സ്ഥാപനങ്ങളാണ് മസാല ബോണ്ടിൽ നിക്ഷേപം നടത്തിയത്. 9.723 പലിശ നിരക്കിൽ 2024 ൽ മാർച്ചിൽ തന്നെ തിരിച്ചടക്കണമെന്നതായിരുന്നു വ്യവസ്ഥ. ഇത്പ്രകാരം 2150 കോടി രൂപ മുതലും 1045 കോടി രൂപ പലിശയുമടക്കം 3195 രൂപ 2024 മാർച്ചിൽ തന്നെ തിരിച്ചടച്ചിരുന്നു. കിഫ്ബിക്കായി എടുത്ത വായ്പകളിൽ ഇത് മാത്രമാണ് പൂർണമായും തിരിച്ചടച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.