തെരഞ്ഞെടുപ്പ് കാലത്ത് സർക്കാറിനും പാർട്ടിക്കും വിനയായി കിഫ്ബി മസാല ബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടീസ്
text_fieldsതോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസയച്ചത് രാഷ്ട്രീയക്കളിയെന്ന് പറഞ്ഞ് സി.പി.എം തള്ളുമ്പോഴും, തെരഞ്ഞെടുപ്പ് കാലത്ത് സർക്കാറിനും പാർട്ടിക്കും വിനയാകുന്ന രാഷ്ട്രീയ വിവാദത്തിനാണ് ഇത് തിരികൊളുത്തിയത്. ഇ.ഡി നീക്കം സർക്കാറിന് അപ്രതീക്ഷിത അടിയായതിനുപിന്നാലെ മസാല ബോണ്ടിൽ നേരത്തെ ഉന്നയിച്ച അഴിമതിയാരോപണം കോൺഗ്രസും ബി.ജെ.പിയും ശക്തമാക്കി.
എന്നാൽ, കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോൾ സ്വന്തം നിലയിൽ വിഭവസമാഹരണം നടത്തിയുള്ള വികസനം അട്ടിമറിക്കാനുള്ള പകപോക്കലായി കണ്ട് ഇ.ഡി നീക്കത്തെ പ്രതിരോധിക്കാനാണ് സി.പി.എം ശ്രമം. ശബരിമല സ്വർണക്കൊള്ളയിൽ ജില്ല നേതാവ് എ. പത്മകുമാറടക്കം അറസ്റ്റിലായതോടെ പ്രതിരോധത്തിലായ സി.പി.എമ്മും സർക്കാറും, ലൈംഗികാരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ യുവതി പരാതി നൽകിയതോടെയാണ് ‘ആശ്വാസ’ക്കര പിടിച്ചത്. എന്നാൽ, വീണ്ടും സർക്കാർ മുഖം വികൃതമാക്കുന്നതാണ് ഇ.ഡി നോട്ടിസ്. ഇ.ഡിക്ക് മറുപടി നൽകിയാലും ഇതുമായി ബന്ധപ്പെട്ട തുടർ നിയമനടപടികൾ എങ്ങനെയൊക്കെയാവും എന്നത് പ്രധാനമാണ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാൽ നോട്ടീസിനെ ഗൗരവത്തിലാണ് പാർട്ടി കാണുന്നത്.
9.723 ശതമാനം എന്ന ഉയർന്ന പലിശക്കാണ് മസാല ബോണ്ടിന്റെ പേരില് വായ്പയെടുത്തത് എന്നതിനാൽ വലിയ അഴിമതി ആരോപണമാണ് തുടക്കത്തിലേ സർക്കാർ നേരിട്ടത്. 140 നിയമസഭ മണ്ഡലങ്ങളിലും കിഫ്ബി വഴി നടപ്പാക്കിയ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് സർക്കാറും സി.പി.എമ്മും ഇതിനെ നേരിട്ടത്. ഈ വികസന പദ്ധതികളടക്കം ചൂണ്ടിക്കാട്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടഭ്യർഥിക്കുന്നതിനിടെയാണ് ധനസമാഹരണത്തിലെ ദുരൂഹതകളിൽ വിശദീകരണം തേടി ദേശീയ ഏജൻസി നോട്ടിസ് നൽകിയത്.
ഇ.ഡി നോട്ടിസ് വന്നതോടെ, മസാല ബോണ്ടിലെ ഗുരുതര അഴിമതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവർത്തിച്ചു. പണം സമാഹരിക്കാൻ മസാല ബോണ്ടിന് പിന്നാലെ പോയതിലെ ദുരൂഹത മുഖ്യമന്ത്രി നീക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെട്ടു. അതേസമയം, കിഫ്ബിക്ക് നേരെയുള്ള നീക്കം ബി.ജെ.പിയുടെ രാഷ്ട്രീയക്കളിയും കേരള വികസനത്തിനെതിരായ കടന്നാക്രമണവുമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.
ഹരജി പുതിയ ബെഞ്ച് പരിഗണിക്കും
കൊച്ചി: സർക്കാറിന്റെ കീഴിലുള്ള കിഫ്ബിക്ക് വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിക്കാൻ അധികാരമില്ലെന്ന് ആരോപിക്കുന്ന ഹരജി പുതിയ ബെഞ്ച് പരിഗണിക്കും. തിരുവനന്തപുരം സ്വദേശി എം.ആർ. രഞ്ജിത് കാർത്തികേയൻ 2020ൽ നൽകിയ ഹരജി തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിന്റെ പരിഗണനക്ക് വന്നെങ്കിലും മറ്റൊരു ബെഞ്ചിലേക്ക് നേരത്തേതന്നെ വിട്ടിട്ടുള്ളത് കണക്കിലെടുത്ത് ഒഴിവാകുകയായിരുന്നു.
വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിക്കുന്നതിന് സംസ്ഥാനങ്ങൾക്കുള്ള അധികാരം സംബന്ധിച്ച വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത് ഹരജി പരിഗണിക്കവേ സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇവിടത്തെ വിഷയം വ്യത്യസ്തമാണെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

