ധർമ്മടത്തെ അടിമുടി പുതുക്കി പണിത് കിഫ്ബി
text_fieldsനമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്‍റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിന്‍റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.
കിഫ്ബിയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റവുമധികം പ്രതിഫലിച്ച ജില്ലകളിലൊന്നാണ് കണ്ണൂർ. മുഖ്യമന്ത്രി പിണറായി വിജയൻറെ മണ്ഡലം കൂടി ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിൽ വികസനത്തിൻറെ തേരോട്ടമാണ് കഴിഞ്ഞ 9 വർഷം കൊണ്ട് ഉണ്ടായത്. ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് കണ്ണൂർ ഐടി പാർക്ക്. കണ്ണൂർ വിമാനത്താവളത്തിന് സമീപം പണിനടന്നുകൊണ്ടിരിക്കുന്ന ഐടി പാർക്കിന് 293.22 കോടി രൂപയുടെ ധനസഹായമാണ് കിഫ്ബി അനുവദിച്ചത്.
പഴയ ഇടക്കാട് മണ്ഡലവും തലശ്ശേരി മണ്ഡലത്തിൻറെ ചില ഭാഗങ്ങളും കൂട്ടിച്ചേർത്ത ധർമ്മടം മണ്ഡലമാണ് മുഖ്യമന്ത്രി പ്രതിനിധാനം ചെയ്യുന്നത്. വികസനത്തിൻറെ പുതിയ മുഖം തന്നെയാണ് കിഫ്ബിയിലൂടെ മണ്ഡലത്തിന് കൈവന്നത്. കിഫ്ബിയിലൂടെ മാത്രം മൊത്തം 500 കോടി രൂപയുടെ പദ്ധതികൾ ധർമ്മഡം മണ്ഡലത്തിൽ നടക്കുന്നുണ്ട്. അടിസ്ഥാന കര്യ വികസനത്തിനൊപ്പം ആരോഗ്യമേഖലയിലെ മുന്നേറ്റത്തിനും കായികക്കുതിപ്പിനുള്ള ഊർജം പകരുന്ന പദ്ധതികളും ഇപ്പോൾ തന്നെ നടപ്പാക്കി കഴിഞ്ഞു.
ധർമ്മടം സ്റ്റേഡിയത്തിൽ സ്വാഭാവിക പുൽത്തകിടിയോട് കൂടിയ ഫുട്ബോൾ മൈതാനത്തിന് പുറമേ വോളിബോൾ, ക്രിക്കറ്റ്, ബാഡ്മിൻറൺ, എന്നിവയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. പാറപ്പുറം റെഗുലേറ്റർ പദ്ധതി, ആണ്ടല്ലൂർകാവ് പൈതൃക ടൂറിസം പദ്ധതി എന്നിവയാണ് മറ്റ് പ്രധാന പദ്ധതികൾ. മുഴുപ്പിലങ്ങാട് ധർമ്മടം ബീച്ച് ടൂറിസത്തിനായി 240 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. ധർമ്മടം മുഴുപ്പിലങ്ങാട് കടൽത്തീരങ്ങളെ ബന്ധിപ്പിക്കുന്ന പാലം, അക്വേറിയം, ധർമ്മടം തുരുത്തിലേക്കുള്ള പാലം, ബീച്ചുകളുടെ നവീകരണം, നടപ്പാത, ജൈൻറ് വീൽ തുടങ്ങിയവയും സ്ഥാപിക്കും.
ആണ്ടല്ലൂർക്കാവ് പൈതൃക ടൂറിസം, മക്രേരി ക്ഷേത്രത്തിലെ പൈതൃക ടൂറിസം എന്നിവയും കിഫ്ബിയുടെ അംഗീകാരത്തോടെ നടപ്പിലാക്കിയ പദ്ധതികളാണ്. മലബാർ ക്രൂയിസ് ടൂറിസത്തിൻറെ ഭാഗമായി അഞ്ചരക്കണ്ടി പുഴ, ധർമ്മടം, പാറപ്രം, ചേരിക്കൽ, ധർമ്മടം, മമ്പറം, എന്നിവിടങ്ങളിൽ ബോട്ട് ടെർമിനലുകൾ സ്ഥാപിച്ചു. ചേക്ക്പാലം റഗുലേറ്റർ കം ബ്രിഡ്‌ജ് പദ്ധതി വികസന പ്രവർത്തനങ്ങളിൽ എടുത്ത് പറയേണ്ട മറ്റൊന്നാണ്. 36 കോടി രൂപയാണ് കിഫ്ബി ഇതിനായി വകയിരുത്തിയത്.
വികസനക്കുതിപ്പിൻറെ അടയാളമായ മറ്റൊരു പദ്ധതിയാണ് പിണറായി എജ്യുക്കേഷൻ ഹബ്. 50 കോടി രൂപയാണ് കിഫ്ബി ഇതിനായ് അനുവദിച്ചത്. ഇതിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബയോഡൈവേഴ്സിറ്റി പാർക്ക്, താമസ സൗകര്യങ്ങളോട് കൂടിയ ഐ.എ.എസ് അക്കാദമി, ഹോട്ടൽ മാനേജ്മെൻറ് കോളജ്, അന്താരാഷ്ട്ര നിലവാരമുള്ള ഐ.ടി.ഐ എന്നിവയാണ് എജ്യുക്കേഷൻ ഹബ്ബിൻറെ ഭാഗമായി ആദ്യ ഘട്ടങ്ങളിൽ സ്ഥാപിക്കുക. ചാല, പെരിളിശ്ശേരി, മുഴപ്പിലങ്ങാട്, വേങ്ങാട്, പിണറായി, പാലയാട്, എന്നിവിടങ്ങളിലെ സ്ക്കൂളുകളെ അത്യാധുനിക സൌകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ നിർമ്മിച്ച് നവീകരിച്ചു. ബ്രണ്ണൻ കോളജിൻറെ വികസന പ്രവർത്തനങ്ങൾക്ക് 97 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി വഴി ആവിഷ്കരിച്ചത്.
ധർമ്മടം പഞ്ചാത്തിലെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ പതിനാറരക്കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. കൊടുവള്ളിയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വരെയുള്ള നാല് വരി പാതകളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.