കെ.കെ.കൊച്ച് ഇനി ജ്വലിക്കുന്ന ഓർമ
text_fieldsഅന്തരിച്ച ദലിത് ചിന്തകൻ കെ.കെ. കൊച്ചിന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു
കടുത്തുരുത്തി (കോട്ടയം): ദലിത്- കീഴാള അവകാശപ്പോരാളിയും എഴുത്തുകാരനും ചിന്തകനുമായ കെ.കെ. കൊച്ച് ഇനി ജ്വലിക്കുന്ന ഓർമ. അർബുദബാധിതനായി ചികിത്സയിലിരിക്കെ വ്യാഴാഴ്ച അന്തരിച്ച കൊച്ചിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കടുത്തുരുത്തിയിലെ വീട്ടുവളപ്പിൽ നടന്നു. പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി ജീവിതം മുഴുവൻ നിലകൊണ്ട അദ്ദേഹത്തിനെ അവസാനമായി കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിപേരാണ് എത്തിയത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ കടുത്തുരുത്തിയിലെ വീട്ടിൽനിന്ന് കടുത്തുരുത്തി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഭൗതികശരീരം എത്തിച്ചു. അവിടെ പൊതുദർശനത്തിന് നൂറുകണക്കിനാളുകളെത്തി. പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ കൊച്ചിന്റെ സംഭാവനകളെക്കുറിച്ചായിരുന്നു എല്ലാവരും വാചാലരായത്. ഉച്ചയോടുകൂടി ഭൗതികശരീരം വീണ്ടും കടുത്തുരുത്തിയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇവിടെയും നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. രണ്ടരയോടെ കേരള പൊലീസിന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതി അർപ്പിച്ചു. തുടർന്ന് മൂന്നുമണിയോടെ സംസ്കാര ചടങ്ങുകൾ നടന്നു. മൃതദേഹം ചിതയിലേക്ക് എടുക്കുന്നതിനുമുമ്പ് ഭാര്യ കെ.എ. ഉഷാദേവി പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ത്യചുംബനം നൽകിയത്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സംസ്ഥാന സർക്കാറിനുവേണ്ടി മന്ത്രി വി.എൻ. വാസവൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, സി.കെ. ആശ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്, കെ.സി. ജോസഫ്, സി.പി.എം നേതാക്കളായ പി.കെ ബിജു, പുത്തലത്ത് ദിനേശൻ, ജെയ്ക് സി. തോമസ്, പി.കെ.എസ് സംസ്ഥാന സെക്രട്ടറി സോമപ്രസാദ്, കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറി പുന്നല ശ്രീകുമാർ, മീഡിയവൺ ചാനൽ മാനേജിങ് എഡിറ്റർ സി.ദാവൂദ്, ഫ്രറ്റേണിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വാഹിദ്, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, എൽ.ഡി.എഫ് മുൻ കൺവീനർ വൈക്കം വിശ്വൻ, സണ്ണി എം. കപിക്കാട്, തോമസ് ചാഴികാടൻ, സി.പി.ഐ ജില്ല സെക്രട്ടറി വി.ബി. ബിനു, നിരണം ഭദ്രാസന മെത്രോപ്പോലീത്ത വർഗീസ് മാർ കൂറിലോസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനി, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് എ.എം. അബ്ദുൽ സമദ്, ദലിത് സംഘടനാ നേതാക്കളായ എം. ഗീതാനന്ദൻ, കെ. അംബുജാക്ഷൻ, അഡ്വ. പി.എ. പ്രസാദ്, പി. ഷൺമുഖൻ, വി.ആർ. ശാലിനി, സണ്ണി മാത്യു, മഹേഷ് ചന്ദ്രൻ, ടി.എസ്. ശരത്, പി.കെ. ഹരികുമാർ, പി.വി. സുനിൽ, കെ. ജയകൃഷ്ണൻ തുടങ്ങി നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.