Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.എസ് എന്ന പോരാളി...

വി.എസ് എന്ന പോരാളി മാത്രമേ വിട പറയുന്നുള്ളൂ... അദ്ദേഹം ഉയർത്തിയ നിലപാടുകൾ അവസാനിക്കുന്നില്ല -കെ.കെ. രമ

text_fields
bookmark_border
VS Achuthanandan, KK Rema
cancel

കോഴിക്കോട്: വി.എസ്. അച്യുതാനന്ദൻ തുടങ്ങി വച്ചതൊന്നും അവസാനിക്കുന്നില്ലെന്ന് ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എ. വി.എസ് എന്ന നേതാവ്, പോരാളി, സമരനായകൻ മാത്രമേ വിട പറയുന്നുള്ളൂ. അദ്ദേഹം ഉയർത്തിയ ആശയ ലോകം, സമര നിലപാടുകൾ, പ്രവർത്തന വഴികൾ ഒന്നും അവസാനിക്കുന്നില്ലെന്നും കെ.കെ. രമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പുതുമുതലാളിത്തത്തോട് ചങ്ങാത്തം കൂടിയ പാർട്ടി നേതൃത്വത്തിന് പുതിയ വി.എസിനെ അംഗീകരിക്കാനായില്ല. ജനതയും വി.എസും ഒരു ഭാഗത്തും പാർട്ടി നേതൃത്വം മറുഭാഗത്തുമെന്നുള്ള നിലയിലെത്തിയപ്പോൾ, അതീവ ദുർബലമായ സംഘടനാ സാങ്കേതികത്വങ്ങൾ പറഞ്ഞ് അദ്ദേഹത്തിന്റെ ചിറകരിയാനായിരുന്നു നേതൃത്വം ശ്രമിച്ചത്.

പ്രാണനിൽ പടർന്ന ഇരുട്ടിൽ നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിന്‍റെ കരസ്പർശവുമായി വി.എസ് എത്തി. അതിജീവനത്തിനായി നടുനിവർത്താൻ ഏറ്റവും പ്രേരണയായ പിന്തുണകളിലൊന്നായിരുന്നു വി.എസിന്‍റെ സാമീപ്യവും സാന്നിധ്യവുമെന്നും കെ.കെ. രമ എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.

കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്

ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ സഹനജീവിതം മുതൽ കർഷക സമരങ്ങളുടെ ചോരവാർന്ന പടനിലങ്ങളും താണ്ടി, പലതവണ മുഖാമുഖം വന്ന മരണത്തോട് സന്ധി പറയാതെ അതിജീവിച്ച ഒരു നൂറ്റാണ്ട് നീണ്ട ജീവിതത്തിന് വിരാമമാവുന്നു. കേരളത്തിൻറെ പാടവരമ്പുകളിലും പാതയോരങ്ങളിലും ചെങ്കൊടി നാട്ടി, കമ്മ്യൂണിസ്റ്റ് പച്ച എന്ന പോലെ ഗ്രാമങ്ങൾ തോറും പാർട്ടിയെ നട്ടുപടർത്തിയ സഖാവ് കൃഷ്ണപിള്ള പകർന്നു നൽകിയതായിരുന്നു. വി.എസിന് കമ്മ്യൂണിസമെന്ന നൈതിക ലോകവും പ്രസ്ഥാനമെന്ന സമരായുധവും. ജീവിതം പകരം വച്ച് കേരളത്തെ സൃഷ്ടിച്ച ആ കാലത്തിൻ്റെ അവസാനത്തെ വിളക്കുമാടമാണ് കഴിഞ്ഞ ദിവസം അണഞ്ഞത്.

ഈ ഇരുട്ടു താണ്ടാൻ ഇനിയെന്താണ് ബാക്കിയുള്ളത്?

താനടക്കമുളളവർ ആയുസ്സു നൽകിയുണ്ടാക്കിയ പ്രസ്ഥാനത്തിൻ്റെ വർത്തമാന ജീർണ്ണതകൾ ആ ഇടനെഞ്ചിലെരിയിച്ച തീയണയ്ക്കാൻ മരണത്തിന് പോലുമാകുമോ?

അനേകം സമരനിലങ്ങൾ,

സമ്മേളന സ്ഥലങ്ങൾ, നേരിനും നീതിക്കും വേണ്ടിയുള്ള പോർമുഖങ്ങൾ, നിരവധി മനുഷ്യരെ സാക്ഷിയാക്കി സവിശേഷ ഈണത്തിൽ, ഉച്ചത്തിലുള്ള വാക്കുകൾ

ഇപ്പോഴും ഓർമ്മകളിൽ മഴ പോലെ പെയ്തിറങ്ങുന്നു...

വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലം മുതൽ ആ സ്നേഹവും ചേർത്തു നിർത്തലും അനുഭവിക്കാൻ സാധിച്ചിരുന്നു.

യുവജന,വിദ്യാർത്ഥി പ്രവർത്തകരോട് പ്രത്യേകമായ കരുതലായിരുന്നു വി.എസിന്. (ആ നിര തന്നെയായിരുന്നല്ലോ പിൽക്കാലത്തെ ഉൾപ്പാർട്ടി സമരങ്ങളിൽ അദ്ദേഹത്തിന് കരുത്തായിരുന്നതും.)

ആഗോളീകരണ നയങ്ങളുടെ ഭാഗമായി ഉയർന്നു വന്ന നവസാമൂഹ്യ സമരങ്ങളോടുള്ള ക്രിയാത്മക സമീപനമാണ് ഒരു പാർട്ടി നേതാവ് എന്നതിനപ്പുറം വി.എസിനെ ജനപക്ഷ കേരളത്തിൻ്റെ മുഴുവൻ നേതാവാക്കി ഉയർത്തിയത്.

2001 മുതൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിനുണ്ടായ മാറ്റം കേരള ചരിത്രത്തിൽ നിർണ്ണായകമായ ഒരു സന്ദർഭം സൃഷ്ടിച്ചു. വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യർക്ക് വേണ്ടി, കാലങ്ങളായി പൊതുഭൂമി കയ്യേറുകയും കൈവശം വയ്ക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന ഭൂമാഫിയക്കെതിരെ, സ്ത്രീപീഡകർക്കെതിരെ അദ്ദേഹത്തിൻ്റെ നാവുയർന്നു. പ്രകൃതിയുടെ സംരക്ഷണത്തിനായി, തണ്ണീർത്തടങ്ങളും വയലേലകളും സംരക്ഷിക്കാനായി ഉയർന്നുവന്ന പരിസ്ഥിതിമുന്നേറ്റങ്ങളിൽ അദ്ദേഹം നിറഞ്ഞുനിന്നു. എൻഡോസൾഫാൻ സമരപ്പന്തലിലും പ്ലാച്ചിമടയിലും മാത്രമല്ല, എല്ലുറഞ്ഞു പോകുന്ന മഞ്ഞും കാറ്റും വകവെക്കാതെ മൂന്നാറിലെ മലനിരകളിലും, മതികെട്ടാനിലും നടന്ന് കയറി, പ്രതിരോധത്തിൻ്റെ നവരാഷ്ട്രീയ മാതൃക കാണിച്ചുതന്നു വി എസ്.

ആ സമരസാരഥ്യം പകർന്ന ആത്മവിശ്വാസത്തിൽ രാഷ്ട്രീയ കേരളം പുതിയൊരു സമരഭാവുകത്വത്തിന്റെ കൊടികൾ ഉയർത്തി. അധികാര രാഷ്ട്രീയം കണ്ണടച്ചാൽ പോർനിലങ്ങളിൽ ഇരുട്ടാവില്ലെന്ന് ആ സമരനിലങ്ങൾ വിളിച്ചുപറഞ്ഞു. സ്വാഭാവികമായും പുതുമുതലാളിത്തത്തോട് ചങ്ങാത്തംകൂടി തുടങ്ങിയ പാർട്ടി നേതൃത്വത്തിന് പുതിയ വിഎസിനെ അംഗീകരിക്കാനായില്ല. ജനതയും വിഎസും ഒരു ഭാഗത്തും പാർട്ടി നേതൃത്വം മറുഭാഗത്തും എന്നുള്ള നിലയിലെത്തിയപ്പോൾ, അതീവ ദുർബലമായ സംഘടനാ സാങ്കേതികത്വങ്ങൾ പറഞ്ഞ് അദ്ദേഹത്തിന്റെ ചിറകരിയാനായിരുന്നു നേതൃത്വത്തിൻ്റെ ശ്രമം.

സിപിഎം പോലൊരു പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ജനതയാകെ തെരുവിൽ നടത്തിയ പ്രതിഷേധ സമരങ്ങളെ തുടർന്ന് സംഘടനാ തീരുമാനം പുനപരിശോധിക്കുകയും തിരുത്തുകയും അതിൻ്റെ ഭാഗമായി ഒരാളെ പൊതു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ച് ഒടുവിൽ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തേണ്ടി വന്നതിനു കേരളം സാക്ഷിയായി. വിഎസ് അച്യുതാനന്ദൻ എന്ന നേതാവായിരുന്നു ആ ഒരാൾ. വിഎസിനൊപ്പം നിന്ന് നടത്തിയ ഉൾപാർട്ടി സമരങ്ങളുടെ ഭാഗമായി പാർട്ടിയിൽനിന്ന് അരികിലാക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തവർ ഏറെയാണ്. ആ പോരാട്ടങ്ങളുടെ തുടർച്ചയിലാണ്

ടി.പി ചന്ദ്രശേഖരനുൾപ്പെടെയുള്ള ഒഞ്ചിയത്തെ നാട്ടുകാർക്ക് സിപിഎം വിട്ടുപോരേണ്ടിവന്നത്. ഒഞ്ചിയത്തെ സംഘടനാ പ്രശ്നങ്ങളെ തുടർന്ന് ഓർക്കാട്ടേരിയിൽ വന്ന വിഎസ് എല്ലാ സഖാക്കളെയും പാർട്ടിയിലേക്ക് തന്നെ തിരികെ ക്ഷണിച്ചു. പ്രശ്നങ്ങളെല്ലാം പറഞ്ഞു പരിഹരിക്കാം എന്നും മുഴുവൻ സഖാക്കളെയും പഴയതുപോലെ സംഘടനാ തലങ്ങളിൽ അംഗീകരിക്കാം എന്നും അദ്ദേഹം പറഞ്ഞെങ്കിലും തലേന്നാൾ ഒഞ്ചിയം എന്ന രക്തസാക്ഷി മണ്ണിലെ കമ്മ്യൂണിസ്റ്റുകാരെ മുഴുവൻ കുലംകുത്തികൾ എന്ന് വിളിച്ച പാർട്ടി സെക്രട്ടറി അതംഗീകരിച്ചില്ല. "കുലംകുത്തികൾ കുലംകുത്തികൾ തന്നെ " എന്ന് സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഉറപ്പിച്ചു പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്റെ അരുംകൊലയിലാണ് അതവസാനിച്ചത്. വിദ്യാർത്ഥി സംഘടന പ്രവർത്തനകാലത്ത്, നിരവധി തവണ കണ്ട, മിണ്ടിയ, ഏറെ ആദരവോടെ സ്നേഹിച്ച വി.എസിനെ ഒടുവിൽ കണ്ടത് ആ അഭിശപ്ത സന്ദർഭത്തിലാണ്. പ്രാണനിൽ പടർന്ന ഇരുട്ടിൽ നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശവുമായി അദ്ദേഹമെത്തി. അതിജീവനത്തിനായി നടുനിവർത്താൻ ഏറ്റവും പ്രേരണയായ പിന്തുണകളിലൊന്നായിരുന്നു അദ്ദേഹത്തിൻ്റെ സാമീപ്യവും സാന്നിദ്ധ്യവും.

ഇവിടെ ഈ ദർബാർ ഹാളിൽ ചെങ്കൊടി പുതച്ച് കിടക്കുന്ന വിഎസിനെ കാണുമ്പോൾ ഓർമ്മകൾ മരം പെയ്യുന്നു. പുതിയ കാലത്തിൻ്റെ ഉൾപിരിവുകളിൽ ജനപക്ഷ നിലപാടുകളിലൂന്നി മാർക്സിയൻ ദർശനത്തിന് പുതിയ പ്രായോഗികത നൽകിയ നേതാവാണ് വിടപറയുന്നത്. അക്ഷരാർത്ഥത്തിൽ വലിയ ശൂന്യതയാണാമരണം.

എന്നാൽ അദ്ദേഹം തുടങ്ങി വച്ചതൊന്നും അവസാനിക്കുന്നില്ല. വി.എസ് എന്ന നേതാവ്, പോരാളി, സമരനായകൻ, മാത്രമേ വിട പറയുന്നുള്ളൂ.. അദ്ദേഹം ഉയർത്തിയ ആശയ ലോകം, സമര നിലപാടുകൾ, പ്രവർത്തന വഴികൾ ഒന്നും അവസാനിക്കുന്നില്ല.

ലാൽസലാം സഖാവെ..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanKK RemaRMPICPMTP Chandrasekaran
News Summary - KK Rema Remember VS Achuthanandan
Next Story