കെ.എം ബഷീറിന്‍റെ കൊലപാതകം; ‘സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും’, കേരള മുസ്‌ലിം ജമാഅത്ത് സമരത്തിന്
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ് വിചാരണ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപ്പെട്ടതായി സിറാജ് ദിനപത്രം ഡയക്ടറും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ എ. സൈഫുദ്ദീന്‍ ഹാജി വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
കേസിൽ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ആഭ്യന്തര വകുപ്പ് തീരുമാനം ഐ.എ.എസ് ലോബിക്കുവേണ്ടി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഇടപെട്ട് അട്ടിമറിച്ചതിന് വ്യക്തമായ വിവരമുണ്ട്.
ഹൈകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് ഈ തീരുമാനം. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ബഷീറിന്‍റെ ഭാര്യയുടെ ആവശ്യവുമായി ബന്ധപ്പെട്ട ഫയല്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയില്‍നിന്ന് ചീഫ് സെക്രട്ടറി വിളിച്ചുവരുത്തി എതിരഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് ആവശ്യം നിരാകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടറാമാണ് ഒന്നാം പ്രതിയെന്നിരിക്കെ, ഐ.എ.എസ് ലോബിക്ക് വേണ്ടിയാണ് ഈ ഇടപെടലെന്നും ആഭ്യന്തരമന്ത്രി ഇക്കാര്യത്തില്‍ നിസ്സഹായനാണെന്നും കേസിലെ പരാതിക്കാരനായ സൈഫുദ്ദീന്‍ ഹാജി പറഞ്ഞു. ബഷീര്‍ കൊല്ലപ്പെട്ട് ഏഴ് വര്‍ഷമായിട്ടും വിചാരണ നീട്ടിക്കൊണ്ട് പോകാനും അട്ടിമറിക്കാനും പ്രതി നടത്തുന്ന ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണ് സര്‍ക്കാർ നിലപാട്. ഒരുതവണ നിസ്സാര വിഷയത്തില്‍ കോടതി മാറ്റി.
എന്നാല്‍, ആദ്യ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറെ കേസില്‍ നിന്നൊഴിവാക്കി. അതോടെ അപകടം മണത്ത ബഷീറിന്‍റെ ഭാര്യ സി. ജസീല സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ സേവനം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കി.
മന്ത്രി അനുകൂലമായി പ്രതികരിച്ചെങ്കിലും നിയമനം നീണ്ടതോടെ ജസീല ഹൈകോടതിയെ സമീപിച്ചു. തുടർന്ന് എ. സന്തോഷ്‌കുമാറിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. എന്നാല്‍, ഈ ഉത്തരവിറങ്ങുന്നതുവരെ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി നാലിലെ വിചാരണ നടപടി മാറ്റിവെക്കാന്‍ കോടതി ഉത്തരവിട്ടു.
ഇതിന് വിരുദ്ധമായാണ് സെപ്റ്റംബര്‍ 17ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യം നിരസിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
തുടര്‍ന്ന് സര്‍ക്കാറിന്‍റെ ഈ വഞ്ചനക്കെതെിരെ ബഷീറിന്‍റെ ഭാര്യ വീണ്ടും ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഫയല്‍ ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടത്. ബഷീറിന്റെ കുടുംബത്തിന് നീതി നിഷേധിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ കേരള മുസ്‌ലിം ജമാഅത്ത് തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ആവശ്യമെങ്കില്‍ ബഷീറിന്‍റെ വിധവയും മാതാവും മക്കളും സമരത്തിന് തയാറാണെന്നും സൈഫുദ്ദീൻ ഹാജി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

