കായികമന്ത്രിക്കെതിരെ നിയമനടപടിക്ക് കെ.ഒ.എ
text_fieldsമന്ത്രി അബ്ദുറഹിമാൻ, വി. സുനിൽകുമാർ
തിരുവനന്തപുരം: കായികസംഘടനകൾ സർക്കാറിൽ നിന്ന് ഫണ്ട് വാങ്ങി പുട്ടടിച്ചെന്ന കായികമന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസ്താവനക്കെതിരെ നിയമ നടപടിക്കൊരുങ്ങി കേരള ഒളിമ്പിക് അസോസിയേഷൻ (കെ.ഒ.എ) പ്രസിഡന്റ് വി. സുനിൽകുമാർ. ഇതുസംബന്ധിച്ച നടപടികൾ തിങ്കളാഴ്ച ആരംഭിക്കുമെന്നും മന്ത്രിയുടെ പ്രസ്താവന കായികമേഖലയിൽ നിസ്വാർഥ സേവനം നടത്തുന്ന ആയിരക്കണക്കിന് പേരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ നാലുവർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന കായിക സംഘടനകൾക്ക്, നാഷനൽ ചാമ്പ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിലായി കുട്ടികളെ പങ്കെടുപ്പിക്കുമ്പോൾ അവരുടെ യാത്രചെലവിനും ഭക്ഷണത്തിനും ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നതിനും ഒരു രൂപ പോലും സർക്കാർ അനുവദിച്ചിട്ടില്ല. അനുവദിക്കാത്ത തുക കായിക സംഘടനങ്ങൾ വാങ്ങി പുട്ടടിച്ചെന്ന് പറയുന്നത് ഒരു മന്ത്രിക്ക് ചേരാത്ത പ്രസ്താവനയാണ്. സർക്കാറിൽ നിന്നോ സ്പോർട്സ് കൗൺസിലിൽ നിന്നോ തുക കൈപ്പറ്റിയതിനുശേഷം ഏതെങ്കിലും കായിക സംഘടന ഈ തുക തെറ്റായി വിനിയോഗിക്കുകയോ കണക്ക് നൽകാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ സംഘടനയുടെ പേര് പറയുന്നതിൽ കേരള ഒളിമ്പിക് അസോസിയേഷന് സന്തോഷമേയുള്ളൂവെന്നും സുനിൽകുമാർ അറിയിച്ചു.
2024-25 ബജറ്റിൽ കേരള ഹോക്കിക്ക് 10 ലക്ഷമാണ് വകയിരുത്തിയത്. എന്നാൽ, അഞ്ചുലക്ഷമാണ് നൽകിയത്. 10,74,000 രൂപയുടെ കായിക ഉപകരണങ്ങൾ താരങ്ങൾക്ക് അസോസിയേഷൻ വിതരണം ചെയ്തു. ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിടാൻ തയാറാണെന്നും സുനിൽകുമാർ പറഞ്ഞു. ഹോക്കിയിൽ മികവ് തെളിയിക്കണമെങ്കിൽ നൂതനമായ ആസ്ട്രോ ടർഫ് കളിക്കളങ്ങൾ വേണം. നാലുവർഷത്തിനുള്ളിൽ ഒരു ഹോക്കി സ്റ്റേഡിയവും കളിക്കാനായി നൽകിയിട്ടില്ല. നിലവിലുണ്ടായിരുന്ന ഹോക്കി സ്റ്റേഡിയം തന്നെ വളരെ മോശപ്പെട്ട അവസ്ഥയിലുമാണെന്നും സുനിൽ കുമാർ പറഞ്ഞു.
മൂന്നുദിവസം മാത്രം പരിശീലന ക്യാമ്പ് സംഘടിപ്പിച്ച ശേഷം ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടിയ വനിത ഹാൻഡ് ബാൾ ടീമിന്റെ നേട്ടത്തെ പ്രശംസിക്കുന്നതിനു പകരം അത് ഒത്തുകളിച്ച് നേടിയതാണെന്ന മന്ത്രിയുടെ അധിക്ഷേപത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ മെഡൽ നേടിയ താരങ്ങളെക്കൊണ്ടുവന്ന് പ്രതിഷേധം സംഘടിപ്പിക്കാനും അസോസിയേഷൻ ആലോചിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.