കൊച്ചിയിൽനിന്ന് പോയ 10 ബോട്ടുകളെക്കുറിച്ച് ഇനിയും വിവരമില്ല
text_fieldsമട്ടാഞ്ചേരി: കൊച്ചിയിൽനിന്ന് മത്സ്യ ബന്ധനത്തിന് പോയ 10 ബോട്ടുകളെക്കുറിച്ചും അതിലെ 104 തൊഴിലാളികളെക്കുറിച്ചും ഇനിയും വിവരമില്ല. തമിഴ്നാട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഈ ബോട്ടുകൾ കൊച്ചി കേന്ദ്രമാക്കി മത്സ്യബന്ധനം നടത്തിവരുന്നവയാണ്. തോപ്പുംപടി ഫിഷറീസ് ഹാർബറിൽനിന്ന് 20 ദിവസം മുമ്പ് പോയവയാണ് ബോട്ടുകൾ.
കാണാതായ ജെർമിയ എന്ന ബോട്ടിൽ 11 തൊഴിലാളികളും ലൂർദ് അന്നായി എന്ന ബോട്ടിൽ 11, സെൻറ് മേരീസ് 12, കാർമൽ മാത- 10, ബസലിക്ക- 15, ദയാനാസ്- 10, തരുവായികുളത്തുനിന്നുള്ള ബോട്ടുകളായ രജിസ്റ്റർ നമ്പർ 5306ൽ ഒമ്പതുപേർ, 5037ൽ -എട്ട്, 5137ൽ -ഒമ്പത്, 5191ൽ -ഒമ്പത് പേരുമുണ്ട്.ബോട്ടുകൾ കടലിലേക്ക് തിരിക്കുമ്പോൾ ‘മഹ’ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള വിവരം അറിഞ്ഞിരുന്നില്ല.
കൊച്ചിയിൽനിന്ന് ഇക്കാലയളവിൽ പോയി മടങ്ങിയെത്താനുണ്ടായിരുന്ന ബോട്ടുകൾ പല കരകളിലായി കയറിയതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഈ 10 ബോട്ടുകളെയും അതിലെ ജീവനക്കാരെയും കുറിച്ച് വിവരം അറിയാത്തതിൽ ഏറെ ആശങ്കയാണ് ഉയർന്നിരിക്കുന്നത്.
ഇവരെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കന്യാകുമാരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മീനവർ ഒരുങ്കിനയിപ്പ് സംഘം എന്ന സംഘടന ബുധനാഴ്ച തന്നെ കോസ്റ്റ് ഗാർഡിന് കത്ത് നൽകിയിരുന്നു. ലോങ് ലൈൻ ഗിൽനെറ്റ് ബോട്ട് അസോസിയേഷൻ സെക്രട്ടറി എം. മജീദും തൊഴിലാളികളുടെ പേരുകൾ സഹിതം അധികൃതരെ വിവരം ധരിപ്പിച്ചിരുന്നു. ഇവരെ തിരയുന്നതിന് മറ്റ് മത്സ്യബന്ധന ബോട്ടുകളെ കടലിലേക്ക് അയക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.