കൊടകര കുഴൽപ്പണ കവർച്ച: മൂന്ന് ബി.ജെ.പി നേതാക്കൾക്ക് നോട്ടീസ്
text_fieldsതൃശൂർ: കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾക്ക് നോട്ടീസ് നൽകി. ബി.ജെ.പി സംഘടന ജനറൽ സെക്രട്ടറിയും ആർ.എസ്.എസ് പ്രചാരകുമായ എം. ഗണേഷ്, സംസ്ഥാന ഓഫിസ് സെക്രട്ടറി ജി. ഗിരീഷ്, ആലപ്പുഴ ജില്ല മുൻ ട്രഷറർ കെ.ജി. കർത്ത എന്നിവർക്കാണ് നോട്ടീസയച്ചത്.
ഹാജരായില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗണേഷിനോടും ഗിരീഷിനോടും ഹാജരാവാൻ കഴിഞ്ഞ ദിവസം ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രേഖാമൂലമുള്ള അറിയിപ്പ് കിട്ടാത്തതിനാൽ ഇവർ സാവകാശം തേടി. തുടർന്നാണ് പൊലീസ് നോട്ടീസ് നൽകിയത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് കവർന്നതെന്നാണ് ആക്ഷേപം. ഫണ്ട് വിനിയോഗം സംഘടന സെക്രട്ടറിയുടെ അറിവോടെ മാത്രമേ നടക്കാവൂ എന്നതിനാൽ വ്യക്തത വരുത്താനാണ് സംഘടന സെക്രട്ടറിയെ വിളിച്ചുവരുത്തുന്നത്.
കഴിഞ്ഞ ദിവസം ചോദ്യംചെയ്ത ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരി, മേഖല സെക്രട്ടറി ജി. കാശിനാഥൻ, ജില്ല ട്രഷറർ സുജയ് സേനൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.
കേസിലെ പരാതിക്കാരൻ ധർമരാജിെൻറ കർണാടകയിലെ മറ്റ് കുഴൽപ്പണ ഇടപാട് ബന്ധങ്ങളും പൊലീസ് വിശദമായി പരിശോധിക്കുകയാണ്. ആർ.എസ്.എസ് പ്രവർത്തകനായ ധർമരാജിന് സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാക്കളുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ധർമരാജിെൻറ സംഘത്തിൽപ്പെട്ടയാളാണ് വിവരം ചോർത്തി നൽകിയ റഷീദെന്നും കണ്ടെത്തി. മംഗലാപുരം വഴി സമീപ കാലത്ത് ധർമരാജ് വഴി കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വേറെയും എത്തിയിട്ടുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
അന്വേഷണമാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് ഹരജി
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസിൽ പണത്തിെൻറ ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് ഹരജി. എൻഫോഴ്സ്മെൻറ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്ര, കൊച്ചി സോണൽ ജോ. ഡയറക്ടർ മനിഷ് ഗോധ്റ എന്നിവർക്ക് തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും പൊതുപ്രവർത്തകനുമായ ടി.എൻ. മുകുന്ദനാണ് ഹരജി നൽകിയത്.
മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ പണം കടത്തിയത് ഗുരുതര കുറ്റമായി കാണണമെന്നും കള്ളപ്പണം കടത്തൽ രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ എൽ.ജെ.ഡി യുവജന വിഭാഗം സംസ്ഥാന പ്രസിഡൻറ് സലിം മടവൂർ ഇ.ഡി.ക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.