മകൻ ഷോക്കേറ്റ് മരിച്ച വിവരമറിഞ്ഞ് പൊട്ടിക്കരഞ്ഞ് അച്ഛൻ; ഒന്നുമറിയാതെ അമ്മ വിദേശത്ത്
text_fieldsകൊല്ലം: സ്കൂളിൽ കളിക്കുന്നതിനിടെ, മകൻ ഷോക്കേറ്റ് മരിച്ച വിവരമറിഞ്ഞ് പൊട്ടിക്കരയുന്ന മനുവിനെ ആശ്വസിപ്പിക്കാനാകാതെ വലയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കുന്നതിനിടെയാണ് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ചത്. ഈ അധ്യയന വർഷമാണ് മിഥുൻ എട്ടാംക്ലാസിൽ പഠിക്കാനായി തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എത്തിയത്.
സാധാരണ രീതിയിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്നു മിഥുനും. കളിക്കിടെ പെട്ടെന്ന് മിഥുന്റെ ചെരിപ്പ് തൊട്ടടുത്തുള്ള സൈക്കിൾ ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മിഥുന് ഷോക്കേറ്റത്. ബെഞ്ച് എടുത്ത് ഷീറ്റിനുമേൽ വെച്ചശേഷമായിരുന്നു ചെരിപ്പെടുക്കാനുള്ള ശ്രമം. തെന്നിയപ്പോൾ വീഴാതിരിക്കാൻ വേണ്ടി കൈ നീട്ടിയത് തൊട്ടടുത്തുള്ള ത്രീ ഫെയ്സ് ലൈനിലായിരുന്നു.
ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകർ ഉടൻ തന്നെ ട്രാൻസ്ഫോർമർ ഓഫ് ചെയ്തു. മിഥുനെ മേൽക്കൂരയിൽ നിന്ന് താഴെയിറക്കി ശാസ്താം കോട്ട ആശുപത്രിയിലേക്ക് കുതിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.
അമ്മ സുജ കുവൈത്തിൽ ഹോംനേഴ്സായി പോയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. സുജയെ ഇതുവരെ വിവരം അറിയിച്ചിട്ടില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. സുജയുടെ ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. കുവൈത്തിൽ സുജ ജോലി ചെയ്യുന്ന കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. അപ്പോൾ സുജയെയും ഒപ്പം കൂട്ടി. രാവിലെ സുജ മനോജിനെയും മിഥുവിനെയും ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അതിനു ശേഷമാണ് സ്കൂളിലേക്ക് പോയത്.സാധാരണ സ്കൂൾ ദിവസം സ്കൂൾ ബസിലാണ് മിഥുൻ സ്കൂളിലേക്ക് പോകാറുള്ളത്. ഇന്ന് മനു സ്കൂട്ടറിൽ സ്കൂളിലേക്ക് കൊണ്ടാക്കുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ്. കൂലിപ്പണിയാണ് മനുവിന്. വീട് പോലുമില്ല. വീട് നിർമിക്കാനായി ലൈഫ് പദ്ധതിയിൽ പേര് കൊടുത്ത് കാത്തിരിക്കുകയാണ്. അതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ വിശദ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്.
രാവിലെ ഒമ്പതരയോടെ കൊല്ലം തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്‍ ഭവനില്‍ മനോജിന്റെ മകന്‍ മിഥുനാണ് (13) മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്കൂൾ സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്‍ മതിൽ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.