കോട്ടക്കലിൽ വ്യാപാര സമുച്ചയത്തിൽ തീപിടിത്തം; കോടികളുടെ നഷ്ടം
text_fieldsവ്യാപാര സമുച്ചയത്തിലെ തീയണക്കാൻ ശ്രമിക്കുന്നു
കോട്ടക്കൽ: നഗരത്തെ ഭീതിയിലാഴ്ത്തി കോട്ടക്കലിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. നഗരമധ്യത്തിന് സമീപം തിരൂർ റോഡിലെ തായിഫ് വുമൻസ് മാൾ കെട്ടിടത്തിലാണ് അഗ്നിബാധ. ഞായറാഴ്ച രാവിലെയാണ് സംഭവം.
മാളിെൻറ രണ്ടാം നില, ബ്യൂട്ടി പാർലർ, പർദ മാൾ ആൻഡ് സ്റ്റിച്ചിങ് യൂനിറ്റ്, ബ്യൂട്ടിക് ഷോപ്, തായിഫ് ലോൻട്രി എന്നിവ പൂർണമായി കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായതായി ഉടമകളായ ടി.പി. നൗഷാദ്, ബാബു എന്നിവർ അറിയിച്ചു.
രാവിലെ മൂന്നാം നിലയിൽനിന്ന് പുക പ്രവഹിച്ചതോടെയാണ് സംഭവമറിഞ്ഞത്. ഉടൻ കോട്ടക്കൽ സി.ഐ കെ.ഒ. പ്രദീപ്, എസ്.ഐ അജിത് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ഉടമകളും ജീവനക്കാരും തീയണക്കാൻ ആരംഭിച്ചു.
പിന്നാലെ തിരൂർ, മലപ്പുറം, മഞ്ചേരി, തിരുവാലി, നിലമ്പൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്ന് 12 യൂനിറ്റ് അഗ്നിരക്ഷ സേനയെത്തി. എന്നാൽ, കനത്തചൂടും പുകയും മൂലം രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.
ശ്വാസം ലഭിക്കാത്ത അവസ്ഥയിലായിരുന്നു ഉദ്യോഗസ്ഥർ. കെട്ടിടത്തിെൻറ പല ഭാഗങ്ങളിലുമുള്ള ഗ്ലാസുകൾ തകർത്തായിരുന്നു രക്ഷാപ്രവർത്തനം. ജില്ല ഫയർ ഓഫിസർ മൂസ വടക്കേതിലിെൻറ നേതൃത്വത്തിലായിരുന്നു നടപടികൾ.
സംഭവമറിഞ്ഞ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീർ, കൗൺസിലർ ഡോ. ഹനീഷ എന്നിവരും സ്ഥലത്തെത്തിയിരുന്നു. അഗ്നിരക്ഷ സേന, വിവിധ യൂനിറ്റുകളിൽനിന്നുമുള്ള 40ഓളം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, കോട്ടക്കൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടര മണിക്കൂറെടുത്താണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ വസ്ത്രാലയത്തിലേക്ക് പടരാതിരുന്നതും ആളപായമില്ലാത്തതും ദുരന്തം ഒഴിവാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.