'16 സി.സി ടി.വി കാമറകൾ, സെൻസർ സംവിധാനമുള്ള ഗേറ്റ്, പുറത്തുനിന്ന് നോക്കിയാൽ കാണാത്തവിധം ഉയരത്തിൽ ചുറ്റുമതിൽ, പുറത്തുള്ളവരുടെ മുഖം തിരിച്ചറിയാനുള്ള സംവിധാനം, കാവലിന് നായ്'; ദമ്പതികളെ കൊലപ്പെടുത്തിയത് വ്യക്തമായ ആസൂത്രണത്തിനൊടുവിൽ
text_fieldsകോട്ടയം: '16 സി.സി ടി.വി കാമറകൾ, സെൻസർ സംവിധാനമുള്ള ഗേറ്റ്, പുറത്തുനിന്ന് നോക്കിയാൽ കാണാത്തവിധം ഉയരത്തിൽ ചുറ്റുമതിൽ, പുറത്ത് ആരെങ്കിലും എത്തിയാൽ മുഖം തിരിച്ചറിയാനുള്ള സംവിധാനം, കാവലിന് നായ്'; ദമ്പതികളുടെ ജീവനെടുത്തത് വ്യക്തമായ ആസൂത്രണത്തിനൊടുവിൽ കൊലപ്പെടുത്തിയ സംഭവത്തിൽ കോട്ടയം ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിലെ ജോലിക്കാരനായിരുന്ന അസം സ്വദേശി അമിതിലേക്ക്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. പണംതട്ടിയ കേസിൽ പൊലീസിൽ പിടിപ്പിച്ചതുകൊണ്ട് വിജയകുമാറിനോട് ഇയാൾക്ക് വൈരാഗ്യമുണ്ടായിരുന്നു.
ഓഡിറ്റോറിയത്തിലെ ക്ലീനിങ് ജോലിക്കാരനായിരുന്ന അമിത് ഭാര്യയാണെന്നു പറഞ്ഞ് ഒരു സ്ത്രീയെക്കൂടി ജോലിക്ക് കൊണ്ടുവന്നിരുന്നു. ഒരുമാസം കഴിഞ്ഞ് ഈ സ്ത്രീ ശമ്പളം തന്‍റെ കൈയിൽ തരണമെന്നാവശ്യപ്പെട്ടു. തുടർന്ന് ചോദിച്ചപ്പോഴാണ് ഇവർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് വിജയകുമാർ അറിഞ്ഞത്. ഇതോടെ ഇവരെ രണ്ടുപേരെയും പറഞ്ഞുവിട്ടു. കുറച്ചുദിവസം കഴിഞ്ഞ് വീണ്ടും ജോലിക്കെത്തിയ അമിത്, വിജയകുമാറിന്‍റെ മൊബൈൽ ഫോൺ മോഷ്ടിച്ച് അക്കൗണ്ടിൽനിന്ന് 1.20 ലക്ഷം രൂപ തട്ടിയെടുത്തു. ഇതുസംബന്ധിച്ച് വെസ്റ്റ് പൊലീസിൽ പരാതി നൽകുകയും അമിത് അറസ്റ്റിലാവുകയും ചെയ്തു. ഈ മാസം ആദ്യമാണ് ജയിലിൽനിന്നിറങ്ങിയത്.
പുറത്തുനിന്ന് നോക്കിയാൽ കാണാത്തവിധം ഉയരത്തിൽ ചുറ്റുമതിൽ, വീട്ടിൽ 16 സി.സി ടി.വി കാമറകൾ, സെൻസർ സംവിധാനമുള്ള ഗേറ്റ്, ഗേറ്റിനു പുറത്ത് ആരെങ്കിലും എത്തിയാൽ മുഖം തിരിച്ചറിയാനുള്ള സംവിധാനം, കാവലിന് നായ് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ വീട്ടിനകത്ത് രണ്ടുപേരെ കൊലപ്പെട്ടുവെന്നത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
പ്രധാന ഗേറ്റും പോക്കറ്റ് ഗേറ്റും മാത്രമാണ് അകത്തേക്ക് കടക്കാൻ ആകെയുള്ളത്. വലിയ കോമ്പൗണ്ടിനുള്ളിലെ വീട്ടിൽ രാത്രി ഉണ്ടായിരുന്നത് ദമ്പതികളും പൊൻരാജ് എന്ന വയോധികനായ ജോലിക്കാരനും മാത്രം. പൊൻരാജിന്‍റെ ചെവിക്ക് ഭാഗികമായേ കേൾവിശേഷിയുള്ളൂ. രാത്രി വിജയകുമാർ വന്നപ്പോൾ പൊൻരാജ് ഗേറ്റ് തുറന്നുകൊടുക്കുകയും തുടർന്ന് പൂട്ടി തന്‍റെ മുറിയിൽ പോയി കിടക്കുകയും ചെയ്തു. രാവിലെ മാത്രമാണ് ഇയാൾ വിവരമറിയുന്നത്.
വീട്ടിലെ നായ്ക്കളിലൊന്ന് കഴിഞ്ഞയാഴ്ചയാണ് ചത്തത്. മറ്റൊരു നായ് കൂട്ടിലുണ്ടായിരുന്നെങ്കിലും കുരച്ചിട്ടില്ല. പ്രതിയെ പരിചയമുള്ളതുകൊണ്ടായിരിക്കാം ഇതെന്ന് സംശയിക്കുന്നു. ഗേറ്റ് വഴി കടക്കാനാവില്ലെന്ന് അറിയാവുന്ന പ്രതി മതിൽ ചാടിയാണ് അകത്തുകടന്നതെന്നാണ് നിഗമനം. വീടിന്‍റെ പിൻമതിലിൽ പ്രതി കയറിയതെന്നു കരുതുന്ന കാൽപാടുകളുണ്ട്. പൊലീസ് നായ് ഗണ്ണർ വീടിനു ചുറ്റും ഓടിനടന്ന് മതിലിന്‍റെ ഈ ഭാഗത്തെത്തിയാണ് നിന്നത്.
പൊലീസ് പരിസരത്തെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പ്രതി ഏതെങ്കിലും വാഹനം ഉപയോഗിച്ചതായി വിവരമില്ല. നാല് നമ്പറുകളാണ് വിജയകുമാറിനും ഭാര്യക്കും ഉള്ളത്. ഈ നമ്പറുകൾ സ്വിച്ച്ഓഫാണ്. ഫോണുകൾ പ്രതിയുടെ കൈയിലാണെന്ന നിഗമനത്തിൽ പൊലീസ് വിജയകുമാറിന്‍റെയും ഭാര്യയുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. വിജയകുമാറിന് വിദേശത്തും നാട്ടിലും നിരവധി ബിസിനസ് സംരംഭങ്ങളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.