‘എന്റെ കുഞ്ഞ് ചതഞ്ഞ് പോയി മക്കളേ... അത്രേം നേരം അവൾ മണ്ണിനടിയിൽ കിടക്കുവാരുന്നു മോനേ...’ -പൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ അമ്മ
text_fieldsകോട്ടയം: ‘എന്റെ കുഞ്ഞ് ചതഞ്ഞ് പോയി മക്കളേ... ഇനിയൊന്നും ബാക്കിയില്ല മക്കളേ... ഞാൻ കുറേ നേരം ഫോൺ വിളിച്ചിട്ടും അവൾ എടുത്തില്ല.. അത്രേം നേരം അവൾ മണ്ണിനടിയിൽ കിടക്കുവാരുന്നു മോനേ... എന്റെ കുഞ്ഞ് പോയീ...’ -ആശ്വസിപ്പിക്കാൻ എത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയോട് പൊട്ടിക്കരഞ്ഞ് കൊണ്ട് മരിച്ച ബിന്ദുവിന്റെ അമ്മ സീത ലക്ഷ്മി പറയുന്നത് കണ്ടുനിന്നവരെ സങ്കടക്കടലിലാഴ്ത്തി. ‘അവളാണ് രണ്ട് രണ്ട് കുഞ്ഞുങ്ങളേയും നോക്കുന്നത്. തുണിക്കടേൽ പോയി കിട്ടുന്ന കാശും എന്റെ പെൻഷനും കൊണ്ടാണ് ജീവിക്കുന്നത്. കിളക്കാനും മണ്ണ് കോരാനും പോകല്ലേന്ന് ഞാൻ മോനോട് പറഞ്ഞതാ എന്റെ പൊന്ന് സാറൻമാരേ... ഞാനെന്ത് ചെയ്യും മക്കളേ.. എന്റെ കുഞ്ഞുങ്ങളെ എന്തുചെയ്യും മക്കളേ... അമ്മേ ഇല്ലായ്മയൊന്നും ആരോടും പറയല്ലേ അമ്മേന്ന് അവള് പറയുമായിരുന്നു ...’ സീതാലക്ഷ്മി ചാണ്ടി ഉമ്മന്റെ കൈപിടിച്ച് കൊണ്ട് കരച്ചിൽ തുടർന്നു. തുടർന്ന് അമ്മയെ ചേർത്തുപിടിച്ച് ചാണ്ടി ആശ്വസിപ്പിച്ചു.
ഫ്രീസറിന് സമീപം മക്കളായ നവനീതും നവമിയും ഭർത്താവ് വിശ്രുതനും വയോധികയായ അമ്മ സീതാലക്ഷ്മിയും കരഞ്ഞ് തളർന്നിരിക്കുന്നതും നൊമ്പരക്കാഴ്ചയായി. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച തലയോലപ്പറമ്പ് കുന്നിൽ വിശ്രുതന്റെ ഭാര്യ ഡി. ബിന്ദുവിന്‍റെ മൃതദേഹം പണിതീരാത്ത വീടിന്റെ മുറ്റത്താണ് പൊതുർശനത്തിന് വെച്ചത്. ഇന്നലെ രാത്രി മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുനൽകിയ മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. തുടർന്ന് ഇന്ന് രാവിലെ തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു.
മകളുടെ ചികിത്സാർഥം ബിന്ദു ദിവസങ്ങൾക്കുമുമ്പാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. അമ്മയെ കാണാനില്ലെന്ന് മകൾ ആവർത്തിച്ചതിനെത്തുടർന്ന് അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം ജെ.സി.ബി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മകൾ നവമിയെ (20) ശസ്ത്രക്രിയക്ക് ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സക്കുശേഷമാണ് ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ഇതിനായി ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകൾ നവമിയുമായി ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് അവിടെ മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു. എന്നാൽ, കെട്ടിടം തകരുന്ന ശബ്ദംകേട്ട് പലരും അവിടെനിന്ന് മാറി. കുളിക്കുന്നതിനിടെയായിരുന്നു അപകടം എന്നതിനാലാകാം ബിന്ദുവിന് രക്ഷപ്പെടാൻ കഴിയാതിരുന്നത്.
തൊട്ടരികിൽ രണ്ട് മന്ത്രിമാരും പരിവാരങ്ങളും പൊലീസ് സംഘവുമുണ്ടായിരുന്നിട്ടും ആ നേരമത്രയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനുവേണ്ടി പിടയുകയായിരുന്നു ബിന്ദുവെന്ന വീട്ടമ്മ. ശസ്ത്രക്രിയ കഴിഞ്ഞ മകളുടെ കൂട്ടിരിപ്പുകാരിയായ അവർ കുളിക്കാൻ കയറിയത് ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളിലേക്കായിരുന്നു. ഒരുപക്ഷേ, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് മന്ത്രിമാർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കിൽ ഒരുജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഏറെ.
മെഡിക്കൽ കോളജിലെ മൂന്നുനിലകളിലായാണ് 10, 11, 14 വാർഡുകൾ പ്രവർത്തിച്ചിരുന്നത്. ഈ മൂന്നുനിലകളുടെയും ശൗചാലയങ്ങൾ പ്രധാന കെട്ടിടത്തിൽനിന്ന് പുറത്തേക്ക് തള്ളിയ നിലയിലാണ് സ്ഥിതിചെയ്തിരുന്നത്. പ്രധാന കെട്ടിടത്തോട് പിൽക്കാലത്ത് കൂട്ടിച്ചേർത്തതാണിവ. ഇതിൽ 10ാം വാർഡിനോട് ചേർന്നുള്ള ശൗചാലയത്തിൽ കുളിക്കാൻ കയറിയപ്പോഴാണ് മൂന്നുനിലകളിലെയും ടോയ്ലറ്റുകൾ ഒന്നടങ്കം ഇടിഞ്ഞുവീണത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.