Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകളുടെ...

മകളുടെ ചികിത്സക്കെത്തിയ ആശുപത്രി തന്നെ അമ്മയുടെ ജീവനെടുത്തു; ബിന്ദുവിന്‍റെ സംസ്കാരം ഇന്ന്

text_fields
bookmark_border
മകളുടെ ചികിത്സക്കെത്തിയ ആശുപത്രി തന്നെ അമ്മയുടെ ജീവനെടുത്തു; ബിന്ദുവിന്‍റെ സംസ്കാരം ഇന്ന്
cancel
camera_alt

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയ ബിന്ദുവിന്‍റെ മൃതദേഹം പുറത്തേക്കെടുത്തപ്പോൾ, മരിച്ച ബിന്ദു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച തലയോലപ്പറമ്പ് കുന്നിൽ വിശ്രുതന്റെ ഭാര്യ ഡി. ബിന്ദുവിന്‍റെ സംസ്കാരം ഇന്ന് രാവിലെ 11 മണിയോടെ നടക്കും. മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച രാത്രി വിട്ടുനൽകിയ മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് ശേഷം സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ബിന്ദുവിന്‍റെ ആകസ്മികവിയോഗം വീട്ടുകാരെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. അമ്മയെ കാണാനില്ലെന്ന് മകൾ ആവർത്തിച്ചതിനെത്തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

മകളുടെ ചികിത്സാർഥമാണ് ബിന്ദു ദിവസങ്ങൾക്കുമുമ്പ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. മകൾ നവമിയെ (20) ശസ്ത്രക്രിയക്ക് ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സക്കുശേഷമാണ് ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകൾ നവമിയുമായി ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് അവിടെ മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു. എന്നാൽ, കെട്ടിടം തകരുന്ന ശബ്ദംകേട്ട് പലരും അവിടെനിന്ന് മാറി. കുളിക്കുന്നതിനിടെയായിരുന്നു അപകടം എന്നതിനാലാകാം ബിന്ദുവിന് രക്ഷപ്പെടാൻ കഴിയാതിരുന്നത്.

കുളിക്കാൻ പോയ അമ്മ തിരിച്ചെത്തിയില്ലെന്ന് മകൾ പിതാവിനെ അറിയിച്ചു. വിശ്രുതൻ ഇക്കാര്യം പലരോടും പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. പിന്നീട് സ്ഥലത്തെത്തിയ ജനപ്രതിനിധികളോട് ഉൾപ്പെടെ മകളും മറ്റുള്ളവരും ഇക്കാര്യം ആവർത്തിച്ചു.

അമ്മ അപകടത്തിൽപെട്ടത് വിശ്രുതൻ മകൻ നവനീതിനെ വിളിച്ചുപറഞ്ഞു. എറണാകുളത്തുള്ള നവനീത് കോട്ടയത്തെ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ട് വാർത്തയും നൽകി. തുടർന്നാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പരിശോധന നടത്തി ബിന്ദുവിനെ കണ്ടെത്തിയത്. കൃത്യസമയത്ത് കണ്ടെത്തി ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നെങ്കിൽ രക്ഷിക്കാനാകുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

തലയോലപ്പറമ്പിലെ വസ്ത്രശാലയിലെ ജീവനക്കാരിയായിരുന്നു ബിന്ദു. ഭർത്താവ് വിശ്രുതൻ നിർമാണത്തൊഴിലാളിയാണ്. നവമി ആന്ധ്രപ്രദേശിലെ അപ്പോളോ ആശുപത്രിയിൽ നാലാംവർഷ ബി.എസ്സി നഴ്സിങ് വിദ്യാർഥിനിയാണ്. നവനീത് എറണാകുളത്ത് സിവിൽ എൻജിനീയറും.

മന്ത്രിമാരും പരിവാരങ്ങളുമെത്തുമ്പോൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനുവേണ്ടി പിടഞ്ഞ് ബിന്ദു...

കോട്ടയം: തൊട്ടരികിൽ രണ്ട് മന്ത്രിമാരും പരിവാരങ്ങളും പൊലീസ് സംഘവുമുണ്ടായിരുന്നിട്ടും ആ നേരമത്രയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനുവേണ്ടി പിടയുകയായിരുന്നു ബിന്ദുവെന്ന വീട്ടമ്മ. ശസ്ത്രക്രിയ കഴിഞ്ഞ മകളുടെ കൂട്ടിരിപ്പുകാരിയായ അവർ കുളിക്കാൻ കയറിയത് ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളിലേക്കായിരുന്നു. ഒരുപക്ഷേ, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് മന്ത്രിമാർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കിൽ ഒരുജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഏറെ.

മെഡിക്കൽ കോളജിലെ മൂന്നുനിലകളിലായാണ് 10, 11, 14 വാർഡുകൾ പ്രവർത്തിച്ചിരുന്നത്. ഈ മൂന്നുനിലകളുടെയും ശൗചാലയങ്ങൾ പ്രധാന കെട്ടിടത്തിൽനിന്ന് പുറത്തേക്ക് തള്ളിയ നിലയിലാണ് സ്ഥിതിചെയ്തിരുന്നത്. പ്രധാന കെട്ടിടത്തോട് പിൽക്കാലത്ത് കൂട്ടിച്ചേർത്തതാണിവ. ഇതിൽ 10ാം വാർഡിനോട് ചേർന്നുള്ള ശൗചാലയത്തിൽ കുളിക്കാൻ കയറിയപ്പോഴാണ് മൂന്നുനിലകളിലെയും ടോയ്ലറ്റുകൾ ഒന്നടങ്കം ഇടിഞ്ഞുവീണത്.

തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരും കുടുങ്ങിക്കിടപ്പില്ലെന്ന് പ്രാഥമികാന്വേഷണംപോലും നടത്താതെ പ്രഖ്യാപിച്ചതാണ് പ്രശ്നം ഗുരുതരമാക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയാണ്, ഒരുസ്ത്രീയെ കാണാനില്ലെന്നും അവശിഷ്ടങ്ങൾക്കിടയിൽ അവർ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുണ്ടെന്നും തറപ്പിച്ചുപറഞ്ഞത്.

വട്ടംകറങ്ങി രക്ഷാപ്രവർത്തനം

നാലുവശവും കെട്ടിടങ്ങളാൽ ചുറ്റപ്പെട്ടതിനു നടുവിലെ മുറ്റംപോലുള്ള ഭാഗത്തേക്കാണ് കെട്ടിടം ഇടിഞ്ഞുവീണത്. സംഭവം നടന്നയുടൻ നാട്ടുകാരും രോഗികളുടെ കൂട്ടിരിപ്പുകാരും രക്ഷാപ്രവർത്തനത്തിനിറങ്ങി. അങ്ങനെയാണ് പരിക്കേറ്റ 11 വയസ്സുകാരി അലീനയെ രക്ഷപ്പെടുത്തിയത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ കാഷ്വാലിറ്റി ജീവനക്കാരൻ അമൽ പ്രദീപിന് ട്രോളി വന്നിടിച്ച് നിസ്സാര പരിക്കുമേറ്റു.

അഗ്നിരക്ഷാസേനയും മറ്റും രംഗത്തുവന്നെങ്കിലും മണ്ണുമാന്തിയന്ത്രം എത്തിക്കാതെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഒരുമണിയോടെയാണ് രക്തബാങ്കും അനസ്തേഷ്യ ക്ലിനിക്കും ഐ.സി.യു ബ്ലോക്കുമൊക്കെ സ്ഥിതിചെയ്യുന്ന വാർഡുകൾക്കിടയിലെ ഇടുങ്ങിയ വരാന്തയിലൂടെ ഏറെ പണിപ്പെട്ട് മൂന്ന് മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടുവന്നത്. വാർഡുകൾക്കിടയിലെ വരാന്തയിലെ ഗ്രില്ലുകൾ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി യന്ത്രങ്ങൾക്ക് വഴിയൊരുക്കി.

അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങിയപ്പോൾതന്നെ മരിച്ച നിലയിൽ ബിന്ദുവിന്‍റെ ശരീരം കണ്ടെത്തി. അപ്പോഴേക്കും വിലപ്പെട്ട രണ്ടരമണിക്കൂർ കഴിഞ്ഞിരുന്നു. കൂടുതൽ പേർ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കുന്നതുവരെ മൂന്ന് യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കംചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:building collapseKottayam Medical CollegeMalayalam NewsKerala News
News Summary - kottayam medical college building collapse death
Next Story