കോട്ടയം മെഡിക്കൽ കോളജ് ദുരന്തം: കെട്ടിടത്തിന് ഫിറ്റ്നസില്ല
text_fieldsകോട്ടയം: തകർന്ന് വീണ കോട്ടയം മെഡിക്കൽകോളജിലെ കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നെന്ന് പഞ്ചായത്ത് അധികൃതർ. ആശുപത്രിയിലെ നിലവിലെ കെട്ടിടങ്ങളുടെ അവസ്ഥ അറിയാൻ നോട്ടീസ് നൽകും. അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ കെ. ഫിലിപ്പ് പറഞ്ഞു.
മെഡിക്കൽ കോളജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ല. നിയമം വളച്ചൊടിക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. പുതിയ കെട്ടിടങ്ങളിൽ പോലും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സൗകര്യമില്ല. അധികൃതരോട് ചോദിച്ചാൽ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. നിലവിൽ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിയിക്കാൻ മെഡിക്കൽ കോളജ് അധികൃതർക്ക് നോട്ടീസ് നൽകാനാണ് തീരുമാനം.
ജുഡീഷ്യൽ അന്വേഷണം വേണം -സണ്ണി ജോസഫ്
കോട്ടയം: സ്വയം ന്യായീകരിക്കാനുള്ള മന്ത്രിമാരുടെ വ്യഗ്രതയാണ് ബിന്ദുവിന്റെ ജീവന് നഷ്ടപ്പെടുത്തിയതെന്നും ഇത് കൊലപാതകമാണെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാര്‍ കാരണമാണ് രണ്ടേകാല്‍ മണിക്കൂറോളം മണ്ണിനടിയില്‍ കിടന്ന് ശ്വാസംമുട്ടി വീട്ടമ്മ മരിക്കാനിടയായത്. അപകട സ്ഥലത്തെത്തിയ മന്ത്രിമാര്‍ സംഭവത്തെ ലഘൂകരിക്കാനാണ് ശ്രമിച്ചത്.ബിന്ദുവിന്റെ കുടുംബത്തിന് വേണ്ടി പ്രതിഷേധിച്ച ചാണ്ടി ഉമ്മന്‍ എം.എൽ.എക്കെതിരെ കേസെടുത്ത നടപടി തിരുത്തണം. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം സണ്ണി ജോസഫ്, ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.