കോഴിക്കോട് ഇരട്ടസ്ഫോടനം; ഒളിവിലായിരുന്ന അവസാനപ്രതിയും പിടിയിൽ
text_fieldsകൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ ഒളിവിലായിരുന്ന അവസാനപ്രതിയും എൻ.െഎ.എയുടെ പിടിയിൽ. എട്ടാം പ്രതി കണ്ണൂർ കൊയ്യം പെരുന്തലേരി പുതിയപുരയിൽ പി.പി. യൂസുഫിനെയാണ് എൻ.െഎ.എ സംഘം ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്. ഇൻറർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് സൗദി പൊലീസ് അധികൃതർ പിടികൂടി കയറ്റിവിട്ട പ്രതിയെ വിമാനത്താവളത്തിൽ കാത്തുനിന്ന എൻ.െഎ.എ അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡൽഹിയിലെ കോടതിയിൽ ഹാജരാക്കിയശേഷം ട്രാൻസിസ്റ്റ് വാറൻറിൽ പ്രതിയെ ശനിയാഴ്ച കൊച്ചിയിലെത്തിക്കാനാണ് എൻ.െഎ.എ തീരുമാനം.
കേസിലെ രണ്ടാം പ്രതി കണ്ണൂർ ചെറുപറമ്പ ഉരകള്ളിയിൽ വീട്ടിൽ മുഹമ്മദ് അസ്ഹറിനെ കഴിഞ്ഞ ആഴ്ചയാണ് എൻ.െഎ.എ സമാനരീതിയിൽ അറസ്റ്റ് ചെയ്തത്. 2006 മാർച്ച് മൂന്നിനാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും മൊഫ്യൂസിൽ സ്റ്റാൻഡിലും സ്ഫോടനം നടന്നത്. മുഖ്യപ്രതി തടിയൻറവിട നസീറിെൻറ മേൽനോട്ടത്തിൽ നടന്ന ഗൂഢാലോചനയുടെ തുടർച്ചയായിട്ടായിരുന്നു ബോംബ് വെച്ചതെന്നാണ് എൻ.െഎ.എ കണ്ടെത്തിയത്.
മാറാട് കലാപക്കേസിലെ പ്രതികൾക്ക് ജാമ്യം നിഷേധിച്ചതിെൻറ പ്രതിഷേധസൂചകമായിട്ടായിരുന്നു സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് എൻ.െഎ.എ പറയുന്നത്. സ്ഫോടനങ്ങൾ നടന്നതിന് തൊട്ടുപിന്നാലെ നാടുവിട്ട പ്രതികളെ പിടികൂടാനുള്ള നീക്കമാണ് 12 വർഷത്തിനുശേഷം ഫലംകണ്ടത്.
കേസുമായി ബന്ധപ്പെട്ട ആദ്യവിചാരണ 2011ൽ പൂർത്തിയായിരുന്നു. ഇൗ വിചാരണയിൽ ഒന്നാം പ്രതി തടിയൻറവിട നസീറിനെയും നാലാം പ്രതി ഷഫാസിനെയും എൻ.െഎ.എ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അന്ന് വിചാരണ നേരിട്ട അബ്ദുൽ ഹാലിം, അബൂബക്കർ യൂസുഫ് എന്നിവരെ വെറുതെ വിടുകയും ചെയ്തിരുന്നു.
യൂസുഫും അസ്ഹറും അറസ്റ്റിലായതിനാൽ ഇനി ഇരുവരുടെയും വിചാരണ കോടതി ഒരുമിച്ച് നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.