അനാസ്ഥയുടെ അഗ്നി; അഗ്നി സുരക്ഷാ സേനയുടെ നോട്ടീസ് കോർപറേഷൻ അവഗണിച്ചു
text_fieldsതീപിടിത്തമുണ്ടായതിനെ തുടർന്ന് കത്തിനശിച്ച മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സ്വകാര്യ കേബിളിന്റെ ജോലിയിലേർപ്പെട്ട തൊഴിലാളികൾ
കോഴിക്കോട്: ഞായറാഴ്ച നഗരത്തെ നടുക്കിയ കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്ഡ് കെട്ടിടത്തിലെ തീ അണഞ്ഞപ്പോൾ, പുറത്തുവരുന്നത് കോർപറേഷന്റെയും മറ്റ് സർക്കാർ സംവിധാനങ്ങളുടെയും അനാസ്ഥ. കെട്ടിടത്തിന് അഗ്നിസുരക്ഷാ സേനയുടെ പ്രവർത്തനാനുമതി ഉണ്ടായിരുന്നില്ലെന്ന് ജില്ല അഗ്നിസുരക്ഷ ഓഫിസർ കെ.എൻ. അഷ്റഫലി വ്യക്തമാക്കി.
കെട്ടിടത്തിൽ മതിയായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുകയും സ്ഥാപനങ്ങളിൽ സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ചെയ്യേണ്ടതായ കോർപറേഷൻ അധികൃതരുടെ വീഴ്ചയിലേക്ക് വിരൽചൂണ്ടുന്നതാണ് ഇത്. കെട്ടിടത്തിൽ മതിയായ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു വർഷം മുമ്പ് ബീച്ച് ഫയർ സ്റ്റേഷൻ അധികൃതർ നോട്ടീസ് നൽകിയെങ്കിലും കോർപറേഷൻ പാടേ അവഗണിക്കുകയായിരുന്നു.
തീപിടിത്തത്തിൽ കാലിക്കറ്റ് ടെക്സ്റ്റൈൽസിന് മാത്രം എട്ടുകോടിയുടെ നഷ്ടമുണ്ടായതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തീപിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ദുരൂഹത ഇല്ലെന്നും ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
കനത്ത വാടക ഈടാക്കുന്ന കോർപറേഷൻ, കെട്ടിടത്തിലേക്കുള്ള വൈദ്യുതി സംവിധാനങ്ങളിലടക്കമുള്ള തകരാറുകൾ പരിഹരിക്കാൻ തയാറായില്ലെന്നു വ്യാപാരികൾ പറഞ്ഞു. കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടർന്നുവീഴുകയും ചോർന്നൊലിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കത്തിച്ചാമ്പലായ കാലിക്കറ്റ് ടെക്സ്റ്റൈൽസിലും അഗ്നി സുരകക്ഷാ ക്രമീകരണങ്ങളൊന്നും പാലിച്ചിരുന്നില്ല.
ബസ് സ്റ്റാൻഡിനുള്ളിൽനിന്നുള്ള ഭാഗങ്ങൾ വ്യാപാരികൾ ടിൻ ഷീറ്റ് കൊണ്ട് കെട്ടിയടച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടും കോർപറേഷൻ അധികൃതർ നടപടിയെടുത്തില്ല. 32 വർഷം പഴക്കമുള്ള മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് ആധുനികരീതിയിൽ നവീകരിക്കാനുള്ള പദ്ധതികളൊന്നും നഗരസഭ ഇതുവരെ തയാറാക്കിയിട്ടില്ല.
നവീകരണത്തിന് വിശദ പദ്ധതിരേഖ തയാറാക്കാൻ ആർകിടെക്റ്റിനെ ചുമതലപ്പെടുത്താൻ കൗൺസിൽ തീരുമാനമായെങ്കിലും ഫയലിൽ ഉറങ്ങുകയാണ്. രണ്ടു ഘട്ടങ്ങളിലായി പണിതീർത്ത കെട്ടിടം1993ൽ ആണ് തുറന്നുകൊടുത്തത്.
ഞായറാഴ്ച വൈകീട്ട് 4.40ഓടെയാണ് നഗരത്തെ ഭീതിയിലാഴ്ത്തിയ തീപിടിത്തം. തീയും പുകയും നിമിഷങ്ങൾക്കുള്ളിൽ ബസ് സ്റ്റാൻഡിനുള്ളിലെ കെട്ടിടത്തെ പൂർണമായും വിഴുങ്ങി. 12 മണിക്കൂറിനു ശേഷം പുലർച്ച 5.30ഓടെയാണ് തീപൂർണമായും അണച്ചത്.
താഴെ നിലയിൽ 35ൽ ഏറെ കടകളുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിലും രണ്ടാംനിലയിലും പ്രവർത്തിച്ചിരുന്ന കാലിക്കറ്റ് ടെക്െസ്റ്റെൽസ്, പി.ആർ.സി മെഡിക്കൽസ്, കാലിക്കറ്റ് അപ്പാരൽസ്, കാലിക്കറ്റ് ഫാഷൻ ബസാർ, കാലിക്കറ്റ് ഫർണിച്ചർ എന്നിവക്കാണ് നാശനഷ്ടം സംഭവിച്ചത്. സംഭവത്തിൽ കസബ പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.