കോഴിക്കോട് തീപിടിത്തം; നിർമാണത്തിൽ വീഴ്ച, പാടുപെട്ട് അഗ്നിരക്ഷസേന
text_fieldsകോഴിക്കോട്: അഗ്നിബാധയുണ്ടായ മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ നിർമാണ പ്രവർത്തനങ്ങളിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചകൾ തീയണക്കുന്നതിന് തടസ്സമായി. കെട്ടിടത്തിന്റെ ഒന്നാംനിലയുടെ സൺഷേഡ് ഭാഗം ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് കെട്ടിയടച്ച് തുണി ഷോപ്പായി ഉപയോഗിക്കുകയായിരുന്നു.
ഈ തകര ഷീറ്റുകൾ തടസ്സമാതിനാൽ ഫയർ എൻജിനുകളിൽനിന്ന് വെള്ളം കെട്ടിടത്തിനകത്തേക്ക് പമ്പ് ചെയ്യാൻ സാധിച്ചില്ല. മേൽക്കൂര ഷീറ്റിട്ട കെട്ടിടത്തിന്റെ നാലുഭാഗവും ടിൻഷീറ്റുകൊണ്ട് മറച്ച നിലയിലായിരുന്നു. ഇവർ എയർകണ്ടിഷനിങ് ചെയ്ത് വായുകടക്കാത്ത വിധം മറച്ചിരിക്കുകയാണ്.
ഇതേതുടർന്ന് തീപിടിത്തമുണ്ടായപ്പോൾ കെട്ടിടത്തിനുള്ളിലേക്ക് വെള്ളം അടിച്ചുകയറ്റാൻ അഗ്നിരക്ഷസേനക്ക് പാടുപെടേണ്ടി വന്നു. മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചാണ് കെട്ടിടത്തനകത്തേക്ക് വെള്ളം അടിച്ചത്.
കെട്ടിട നിർമാണത്തിലെ അപാകത തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്നാണ് പൊലിസിന്റെയും വിലയിരുത്തൽ. കെട്ടിട നിർമാണ ചട്ടം പൂർണമായും ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.
കെട്ടിടം സ്ഥിതിചെയ്യുന്ന മൊഫ്യൂസിൽ ബസ്റ്റാൻഡിനുള്ളിൽ നിന്നും കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ഇന്ദിരാഗാന്ധി റോഡിൽ നിന്നും അഗ്നിരക്ഷസേന ഒരേസമയം വെള്ളമടിച്ചാണ് തീയണയ്ക്കാൻ ശ്രമിച്ചിരുന്നത്. 1988ൽ ശിലയിട്ട് 1993ൽ തുറന്നുകൊടുത്ത കെട്ടിടമാണിത്.
തീ നിയന്ത്രിച്ചത് അഞ്ചര മണിക്കൂർ കഴിഞ്ഞ്
കോഴിക്കോട്: മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഞായറാഴ്ച വൈകീട്ട് അഞ്ചോടെ തുടങ്ങിയ തീപിടിത്തം നിയന്ത്രണ വിധേയമായത് രാത്രി 10.30 ഓടെ. നിയന്ത്രണ വിധേയമായെങ്കിലും വീണ്ടും കത്താൻ സാധ്യതയുള്ളതിനാൽ രാത്രി വൈകിയും വൻ ഫയർഫോഴ്സ് സംഘം സർവസജ്ജരായി കാത്തിരുന്നു.
മണ്ണുമാന്തി ഉപയോഗിച്ച് തീപിടിത്തമുള്ള സ്ഥലത്തോട് ചേർന്ന ഭാഗങ്ങൾ പൊളിച്ചുമാറ്റിയും നിർത്താതെ വെള്ളമടിച്ചുമാണ് തീയണച്ചത്. ഫയർ എൻജിനുകൾ ഇതിനായി തളിക്കുളം, മാനാഞ്ചിറ എന്നിവിടങ്ങളിൽ നിന്നെല്ലാം വെള്ളമെടുത്തു.
തീയണക്കാനെത്തിയ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ക്രാഷ് ടെൻഡറായിരുന്നു താരം. മികച്ച ശേഷിയുള്ള ക്രാഷ് ടെൻഡറിന്റെ മിന്നൽ വേഗത്തിലുള്ള വെള്ളം ചീറ്റൽ തുടക്കത്തിൽതന്നെ കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടരുന്നത് പിടിച്ചുനിർത്തി.
ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് തുടങ്ങി നഗരത്തോട് ചേർന്നുള്ള ഫയർസ്റ്റേഷനുകളിൽ നിന്നും തുടക്കത്തിൽതന്നെ 20 ഓളം യൂനിറ്റുകകൾ എത്തിയിരുന്നു.
അവധി ആശ്വാസമായി
കോഴിക്കോട്: തിരക്കേറിയ നഗരത്തിലുണ്ടായ തീപ്പിടിത്തം അവധി ദിവസമായ ഞായറാഴ്ചയായി എന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. അവധി ദിവസമായതിനാൽ ബസ് സ്റ്റാൻഡിലും പരിസരത്തും തിരക്ക് കുറവായിരുന്നു. ബസുകളും പതിവിൽ കുറവായിരുന്നു.
കടകളും പൂർണമായും തുറന്നു പ്രവർത്തിച്ചിരുന്നില്ല. തീപിടിത്തമുണ്ടായ ഉടൻ പടിഞ്ഞാറ് ഭാഗത്തുനിന്നും ബസുകൾ കിഴക്കു ഭാഗത്തേക്കു മാറ്റി. ബാലുശ്ശേരി, കണ്ണൂർ, കൊയിലാണ്ടി ബാഗത്തേക്കു പോകുന്ന ബസുകളാണ് ഈ ഭാഗത്തണ്ടാവുക. ബസ് സർവിസ് കിഴക്കു ഭാഗത്തു കൂടെയാക്കി. നഗരത്തിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.