കോഴിക്കോട് മെഡിക്കൽ കോളജിലെ പൊട്ടിത്തെറി: വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ മരിച്ചെന്ന് ടി. സിദ്ദീഖ് എം.എൽ.എ; ആളപായമില്ലെന്ന് അധികൃതർ
text_fieldsകോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പുക പടർന്നതിനെ തുടർന്ന് രോഗിയെ പുറത്തേക്ക് നീക്കുന്ന രക്ഷാപ്രവർത്തകർ (ചിത്രം: ബിമൽ തമ്പി)
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയിൽ വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ മരിച്ചതായി ടി. സിദ്ദീഖ് എം.എൽ.എ. വയനാട് കൽപറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കൾ അറിയിച്ചെന്നാണ് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞത്.
പുക ഉയർന്ന സമയത്ത് വെന്‍റിലേറ്ററിൽ നിന്ന് നസീറയുമായി ഓടുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഒന്നാം വാർഡിലാണ് നിലവിൽ മൃതദേഹമുള്ളത്. മൃതദേഹം നേരിൽ കണ്ടതായും നസീറയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായും ടി. സിദ്ദീഖ് അറിയിച്ചു.
അതേസമയം, അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് മൂന്നു പേർ മരിച്ചതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ, മേപ്പയൂർ സ്വദേശി ഗംഗാധരൻ എന്നിവരാണ് മരിച്ചത്. പൊട്ടിത്തെറി നടക്കുമ്പോൾ ഈ മൂന്നു പേരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അത്യാഹിത വിഭാഗത്തിലെ അപകടത്തിൽ ആളപായമില്ലെന്നും പ്രിൻസിപ്പിൽ ഡോ. സജിത് കുമാർ വ്യക്തമാക്കി.
അത്യാഹിത വിഭാഗം ബ്ലോക്കിൽ കഴിഞ്ഞിരുന്ന 34 രോഗികളെയാണ് നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്. മിംസ് ആശുപത്രി-3, ബീച്ച് ആശുപത്രി-12, ബേബി മെമ്മോറിയൽ ആശുപത്രി -6, സ്റ്റാർ കെയർ ആശുപത്രി - 2, കോഓപറേറ്റീവ് ആശുപത്രി - 1, നിർമല ആശുപത്രി-2, ഇഖ് റ ആശുപത്രി -2 എന്നിങ്ങനെയാണ്.
അത്യാഹിത വിഭാഗമായി പഴയ ക്വാഷ്വാലിറ്റി താൽകാലികമായി ഉപയോഗിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. രോഗികളെ മെയ്ൻ ബ്ലോക്കിലേക്കും സൂപ്പർ സ്പെഷ്യാലിറ്റി, മെഡിക്കൽ ബ്ലോക്ക്, ഐ.സി.യു എന്നിവിടങ്ങളിലേക്ക് മാറ്റും. ബീച്ച് ആശുപത്രിയിലും സൗകര്യമുണ്ടാകും. പ്രത്യേക മെഡിക്കൽ സംഘത്തെ ബീച്ച് ആശുപത്രിയിലേക്ക് അയക്കും. ശസ്ത്രക്രിയകൾക്കായി പ്രധാന കെട്ടിടത്തിലെ ഓപറേഷൻ തീയറ്ററുകൾ ഉപയോഗിക്കാൻ നിർദേശം നൽകിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വൈകിട്ട് എട്ടു മണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ പുക ഉയർന്നതിനെ തുടർന്ന് 200ലധികം രോഗികളെ ഒഴിപ്പിച്ചത്. അത്യാഹിത വിഭാഗത്തോട് ചേർന്ന സി.ടി സ്കാന്‍റെ സമീപത്തുള്ള യു.പി.എസ് മുറിയിൽ നിന്നാണ് പൊട്ടിത്തെറി ശബ്ദം കേട്ടതും വലിയ പുക നിറയുകയും ചെയ്തത്. ഇതോടെ പരിഭ്രാന്തരായ രോഗികളുടെ കൂട്ടിരിപ്പുകാർ ആദ്യം കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങിയോടി. പിന്നീടാണ് രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങിയത്.
അഗ്നിശമനസേനയും പൊലീസും ചേർന്ന് രോഗികളെ ഒഴിപ്പിക്കലിന് നേതൃത്വം നൽകി. കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ആംബുലൻസുകൾ രോഗികളെ ഒഴിപ്പിക്കാനായി ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ രോഗികളുമായെത്തിയ 108 ആംബുലൻസുകളും ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇടക്ക് കുറച്ചുനേരം വൈദ്യുതി മുടങ്ങിയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
യു.പി.എസിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക വിവരമെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ടന്‍റ് അറിയിച്ചു.
അതേസമയം, സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
പുതിയ കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും കൃത്യമായ വിവരങ്ങൾ അറിഞ്ഞിട്ടില്ലെന്നും എ.കെ. രാഘവൻ എം.പി മാധ്യമങ്ങളോട് പറഞ്ഞു. ബീച്ച് ആശുപത്രിയിൽ ഡോക്ടറോ ജീവനക്കാരോ ഇല്ലാത്തതിനാൽ രോഗികളെല്ലാം മെഡിക്കൽ കോളജിലേക്ക് വരികയാണ്. മെഡിക്കൽ കോളജിലും ആവശ്യത്തിന് ജീവനക്കാരില്ലെന്നും എം.പി ചൂണ്ടിക്കാട്ടി.
ഭയപ്പെടേണ്ട കാര്യമില്ലെന്നും രോഗികളെ മാറ്റിപാർപ്പിക്കാൻ ബീച്ച് ആശുപത്രിയിൽ സൗകര്യമുണ്ടെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. മരുന്ന് അടക്കം എല്ലാം കൊടുക്കാൻ കോർപറേഷൻ തയാറാണ്. അപകട കാരണത്തെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും മേയർ മാധ്യമങ്ങളോട് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.