കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ്: ഭൂമി അന്യാധീനപ്പെടുത്തുന്നത് കമ്പനി അപ്പലേറ്റ് ട്രൈബ്യൂണൽ തടഞ്ഞു
text_fieldsതിരുവനന്തപുരം: കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ-സ്റ്റീൽ കോംപ്ലക്സ് ഭൂമി അന്യാധീനപ്പെടുത്തുന്നത് ചെന്നൈയിലെ നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ താൽക്കാലികമായി തടഞ്ഞു. സ്റ്റീൽ കോംപ്ലക്സ് ഛത്തീസ്ഗഡ് ഔട്സോഴ്സിങ് സർവിസിന് കൈമാറണമെന്ന നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് അപ്പലേറ്റ് അതോറിറ്റിയുടെ ഇടക്കാല ഉത്തരവ്.
1961ലെ സ്ഥലമേറ്റെടുക്കൽ നിയമപ്രകാരം സ്റ്റീൽ കോംപ്ലക്സിന് സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി അന്യാധീനപ്പെടുത്താൻ കമ്പനിക്ക് അവകാശമില്ലെന്ന സർക്കാർ നിലപാട് പ്രഥമദൃഷ്ട്യാ ശരിവെക്കുന്നതാണ് അപ്പലേറ്റ് ട്രൈബ്യൂണലിന്‍റെ ഉത്തരവ്. സർക്കാറിന്‍റെ രേഖാമൂലമുള്ള സമ്മതമില്ലാതെ ഭൂമി കൈയൊഴിയാനോ ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ കഴിയില്ലെന്ന സർക്കാർ വാദവും അപ്പലേറ്റ് ട്രൈബ്യൂണൽ കണക്കിലെടുത്തു.
സംസ്ഥാന അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പാണ് ഹാജരായത്.കമ്പനിയുടെ ഭൂമി സംബന്ധമായ ഏത് തുടർനടപടിയും കമ്പനി ലോ ട്രൈബ്യൂണലിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാകണമെന്നും അപ്പലേറ്റ് ട്രൈബ്യൂണൽ നിഷ്കർഷിച്ചു. സർക്കാർ നിശ്ചയിച്ച പാട്ടവ്യവസ്ഥക്ക് വിരുദ്ധമായും സംസ്ഥാന സർക്കാറിനെ കേൾക്കാതെയുമാണ് ട്രൈബ്യൂണൽ വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.