പുരപ്പുറ സൗരോർജ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരെ ഇരുട്ടിൽ നിർത്തി കെ.എസ്.ഇ.ബി
text_fieldsതൃശൂർ: പുരപ്പുറ സൗരോർജ പദ്ധതിയിൽ അപേക്ഷിച്ച് കാത്തിരിക്കുന്നവരെ ഇരുട്ടത്ത് നിർത്തി കെ.എസ്.ഇ.ബി. അപേക്ഷകരോട് പദ്ധതിയുടെ ഏറ്റവും പുതിയ അവസ്ഥ അറിയിക്കാനുള്ള മര്യാദ പോലും കെ.എസ്.ഇ.ബി കാണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.ഗ്രിഡ് ബന്ധിത, പുരപ്പുറ സൗരോർജ പദ്ധതിയുമായി 2019ലാണ് കെ.എസ്.ഇ.ബി ആദ്യമായി രംഗത്തുവന്നത്. അന്ന് സബ്സിഡി ഇല്ലാത്ത പദ്ധതിയായിരുന്നു. എന്നിട്ടും നിരവധി പേർ അപേക്ഷിച്ചു. അപേക്ഷ ഫീസ് വാങ്ങിയിരുന്നില്ല. തിരഞ്ഞെടുക്കപ്പെട്ടവരെ കത്തുമൂലം അറിയിച്ചു.
പിന്നീട് കേന്ദ്ര സർക്കാറിന്റെ സബ്സിഡി അനുവദിച്ചതിനെ തുടർന്ന് പുരപ്പുറ പദ്ധതിയിൽ ചേർന്ന ഉപഭോക്താക്കളിൽ അധികം പേരും 1,190 രൂപ ഫീസടച്ച് വീണ്ടും അപേക്ഷിച്ചു. തുടർന്ന് രണ്ട് സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കെ.എസ്.ഇ.ബി പട്ടിക പ്രസിദ്ധീകരിക്കുകയും അതിൽനിന്നും ഇഷ്ടപ്പെട്ട സ്ഥാപനം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതുപ്രകാരം ഉപഭോക്താക്കൾ ഓൺലൈനായി ഒരു സ്ഥാപനത്തെ തിരഞ്ഞെടുത്തു. സബ്സിഡി കഴിച്ച് ഒരു കിലോവാട്ടിന് ഏകദേശം 26,000 രൂപയാണ് അന്ന് നിശ്ചയിച്ചിരുന്നത്. അതിന് മുമ്പും പിന്നീടുമായി കെ.എസ്.ഇ.ബി പ്രതിനിധികളും സ്ഥാപന ജീവനക്കാരുമടങ്ങുന്ന സംഘങ്ങൾ മൂന്ന് തവണ സ്ഥല പരിശോധന നടത്തുകയും ഏതാനും രേഖകൾ ഉപഭോക്താക്കളിൽനിന്നും പൂരിപ്പിച്ച് വാങ്ങുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞെങ്കിലും സ്ഥാപനത്തിൽനിന്നോ കെ.എസ്.ഇ.ബിയിൽനിന്നോ ഒരു വിവരവും ഇല്ല.
ഇതിനിടയിൽ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പട്ടിക പുതുക്കി ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ തുടർന്നുവെങ്കിലും ആദ്യം രജിസ്റ്റർ ചെയ്തവരെ വിവരം അറിയിക്കാൻ നടപടിയുണ്ടായില്ല.
അന്നത്തെ ഓൺലൈൻ ലിങ്ക് വെബ്സൈറ്റിൽനിന്ന് പിൻവലിക്കുകയും ചെയ്തു. പുതുതായി പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ ഉപഭോക്താക്കളെ നേരിട്ട് വിളിച്ച് സൗരോർജ പദ്ധതിയിൽ താൽപര്യമുണ്ടെങ്കിൽ വീണ്ടും രജിസ്റ്റർ ചെയ്യാനും തങ്ങൾ പാനലും മറ്റും സ്ഥാപിക്കാമെന്നും അറിയിച്ചപ്പോഴാണ് അപേക്ഷകർ പന്തികേട് മണത്തത്. മൂന്ന് കിലോവാട്ടിെൻറ പദ്ധതിക്ക് സബ്സിഡി കഴിച്ച് മുമ്പ് 78,000 രൂപ മതിയായിരുന്നെങ്കിൽ ഇപ്പോൾ 1,33,000 രൂപയോളം കൊടുക്കണം; ഏതാണ്ട് 80 ശതമാനം അധികം. കെ.എസ്.ഇ.ബി മുമ്പ് നൽകിയ കരാർ രണ്ട് സ്ഥാപനങ്ങളും പാലിക്കാത്തതിനാൽ ഉപഭോക്താക്കൾ കൂടുതൽ പണം മുടക്കേണ്ട അവസ്ഥയായി. വീണ്ടും അപേക്ഷിക്കുകയും വേണം. ഇതൊന്നും അപേക്ഷകരെ നേരിട്ട് അറിയിച്ചിട്ടുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.