‘പുനരുപയോഗ വൈദ്യുതി ഉൽപാദനം അഞ്ചുവർഷത്തിനകം ഇരട്ടിയാക്കണം’; റെഗുലേറ്ററി കമീഷൻ ചർച്ച രേഖ പുറത്തിറക്കി
text_fieldsതിരുവനന്തപുരം: പുനരുപയോഗ വൈദ്യുതി ഉൽപാദനം അഞ്ചു വർഷം കൊണ്ട് ഇരട്ടിയാക്കണമെന്ന് നിർദേശം. പുനരുപയോഗ ഊർജ റെഗുലേഷൻ സംബന്ധിച്ച് വൈദ്യുതി റെഗുലേറ്ററി കമീഷൻ തിങ്കളാഴ്ച പുറത്തിറക്കിയ ചർച്ചാരേഖയിലാണ് ഇതടക്കം സുപ്രധാന നിർദേശങ്ങളുള്ളത്.
2030 ഓടെ വൈദ്യുതി വിതരണ കമ്പനികൾ തങ്ങൾ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 43.33 ശതമാനം പുനരുപയോഗ ഊർജത്തിൽ നിന്ന് കണ്ടെത്തണമെന്നാണ് കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്നത്. കേരളത്തിന്റെ ഉയർന്ന ആവശ്യകത കണക്കിലെടുത്ത് ഇത് 50 ശതമാനമാക്കണമെന്നും ചർച്ചാ രേഖയിൽ പറയുന്നു. സാമ്പ്രദായിക കാറ്റാടി പദ്ധതികൾക്ക് പുറമെ, ചെറുകാറ്റിലും പ്രവർത്തിക്കുന്ന വെർട്ടിക്കൽ ആക്സിസ് കാറ്റാടി നിലയ സാധ്യത പരിശോധിക്കണം.
കേന്ദ്ര വി.ജി.എഫ് പ്രയോജനപ്പെടുത്തിയുള്ള ഓഫ് ഷോർ കാറ്റാടി നിലയങ്ങളും പരിഗണിക്കാം. സംസ്ഥാനത്ത് ഗ്രീൻ അമോണിയ ഉൽപാദനം ആരംഭിക്കാനും നടപടി വേണം. വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യാനുസരണം പൂർണസമയവും പുനരുപയോഗ ഊർജം നൽകാൻ കെ.എസ്.ഇ.ബി തയാറാകണം. സോളാർ ഇൻവർട്ടറുകളുടെ ഗുണനിലവാരം ഉറപ്പാക്കണം.
ഇതിനായി ഫലപ്രദ സംവിധാനം ഏർപ്പെടുത്തണം. ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ വേഗത്തിൽ ഉപഭോക്താക്കൾ സ്വീകരിക്കാൻ തുടക്കത്തിൽ സബ്സിഡി അനുവദിക്കുന്നത് പരിഗണിക്കണം. നിലവിലെ പെട്രോൾ, ഡീസൽ വാഹനങ്ങൾ വൈദ്യുതി വാഹനങ്ങളായി മാറ്റാനുള്ള മാർഗനിർദേശങ്ങൾക്ക് സർക്കാർ രൂപം നൽകണം. വെസ്റ്റ് കല്ലട മാതൃകയിൽ ഫ്ലോട്ടിങ് സോളാർ ഒരു ജില്ലയിൽ ഒരിടത്തെങ്കിലും ആരംഭിക്കുന്നതിന് സർക്കാർ ജില്ല ഭരണകൂടത്തെ ചുമതലപ്പെടുത്തണം.
പുനരുപയോഗ ഊർജവും നെറ്റ് മീറ്ററിങ്ങും സംബന്ധിച്ച 2020ൽ കമീഷൻ പുറപ്പെടുവിച്ച റെഗുലേഷന്റെ കാലാവധി ഈ സാമ്പത്തിക വർഷം പൂർത്തിയാക്കുന്നത് കണക്കിലെടുത്താണ് 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരേണ്ട ചട്ടങ്ങൾ രൂപവത്കരിക്കുന്നതിന് മുന്നോടിയായ ചർച്ച രേഖ പ്രസിദ്ധീകരിച്ചത്. ചർച്ചാരേഖയുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഫെബ്രുവരി 15 നകം ലഭ്യമാക്കണമെന്ന് കമീഷൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.