കരണ്ട് പോയി, 3000 കോടി; കെ.എസ്.ഇ.ബി ഉപയോഗിക്കാതെ പ്രതിമാസം മടക്കിനൽകുന്നത് 180 കോടിയുടെ പകൽ വൈദ്യുതി
text_fieldsപാലക്കാട്: പുരപ്പുറ സൗരോർജ നിലയങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്നതടക്കം, ഉപയോഗിക്കാതെ കെ.എസ്.ഇ.ബി കേന്ദ്ര നിലയത്തിലേക്ക് (സെൻട്രൽ ജനറേറ്റിങ് സ്റ്റേഷൻ) പ്രതിദിനം മടക്കി നൽകുന്നത് ആറു കോടി രൂപയുടെ വൈദ്യുതി അഥവാ 20 ദശലക്ഷം യൂനിറ്റ് പകൽ വൈദ്യുതി. ഇതുവഴി സംസ്ഥാനത്തിന് പ്രതിമാസം 180 കോടിയുടെ നഷ്ടമാണുണ്ടാകുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇങ്ങനെ തിരിച്ചേൽപിച്ചത് 6000 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണെന്ന് കെ.എസ്.ഇ.ബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വൈദ്യുതിവില കണക്കാക്കിയാൽ സംസ്ഥാനത്തിന് ഈ വകയിൽ 3000 കോടിയോളം നഷ്ടം വന്നു. പകൽസമയം അധിക വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനമായിട്ടും, ഇതേ സമയത്തേക്കു തന്നെ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന തരത്തിൽ കരാറുകളിൽ ഏർപ്പെടുന്നതും നഷ്ടം വർധിപ്പിക്കുകയാണ്.
വൈദ്യുതി കരാറുകളിലേർപ്പെടുമ്പോൾ ഇങ്ങനെ ദിവസം മുഴുവനുമുള്ള വൈദ്യുതി വാങ്ങുന്ന രീതി സ്വീകരിക്കുന്നതിലൂടെ തിരിച്ചടവിന്‍റെ ആധിക്യം കൂട്ടിയെന്ന് വകുപ്പ് വിലയിരുത്തുന്നു. തിരിച്ചുനൽകുമ്പോൾ യൂനിറ്റിന് ശരാശരി മൂന്നുരൂപ നൽകേണ്ടതിനാൽ പ്രതിദിനം ആറു കോടി രൂപയോളം അധിക നഷ്ടവുമുണ്ട്.
സോളാർ മുതൽ വാങ്ങുന്ന വൈദ്യുതി വരെ
സംസ്ഥാനത്ത് സോളാർ പാനൽ വഴി 1780 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിൽ നിന്ന് പ്രതിദിനം ഏഴു ദശലക്ഷം യൂനിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നുമുണ്ട്. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽനിന്ന് ലഭിക്കുന്ന സംസ്ഥാന വിഹിതമായ 35 ദശലക്ഷം യൂനിറ്റിൽ 15 ദശലക്ഷം യൂനിറ്റും പകൽ ലഭിക്കുന്നു.
ദീർഘ-ഹ്രസ്വ വൈദ്യുതി കരാറുകൾ വഴി ലഭിക്കുന്ന 30 ദശലക്ഷം യൂനിറ്റിൽ 12 ദശലക്ഷവും ഈ സമയത്തുതന്നെ വരുന്നു. അങ്ങനെ സോളാർ അവറിൽ (രാവിലെ എട്ടു മണി മുതൽ നാലുവരെ) ജലവൈദ്യുതിയിൽനിന്ന് ലഭിക്കുന്ന 20 ദശലക്ഷവും കൂട്ടിയാൽ ആകെ 50 ദശലക്ഷം യൂനിറ്റ് വൈദ്യുതി ലഭ്യതയുണ്ട്.
പകൽ ആർഭാടം, രാത്രി ദാരിദ്ര്യം
പകൽ വൈദ്യുതി 50 ദശലക്ഷം ലഭിക്കുമെങ്കിലും ആവശ്യകത 30 ദശലക്ഷം മാത്രമാണ്. അതായത്, ശരാശരി പ്രതിദിന ഉപഭോഗമായ 80 ദശലക്ഷം യൂനിറ്റിൽ 50 ദശലക്ഷവും ഉപയോഗിക്കുന്നത് സോളാർ അവറിനുശേഷമാണ്. അങ്ങിനെ അധികമായി വരുന്നത് ഉപയോഗിക്കാത്തതു കാരണം കേന്ദ്രവിഹിതത്തിലെ 20 ദശലക്ഷം യൂനിറ്റ് മടക്കിനൽകുന്നു.
സോളാർ വൈദ്യുതിയിൽ നാലു ദശലക്ഷം യൂനിറ്റും മറ്റു വൈദ്യുതിയിൽനിന്നായി 15 ദശലക്ഷം യൂനിറ്റും ഇത്തരത്തിൽ സംസ്ഥാനം മടക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകളിൽ അവസാന സാമ്പത്തികവർഷം ഒഴിച്ചാൽ ബാക്കി വർഷങ്ങളിൽ ഏകദേശം 1800 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇത്തരത്തിൽ തിരിച്ചടച്ചു.
അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷം സറണ്ടർ ചെയ്തത് 150 ദശലക്ഷം യൂനിറ്റ് മാത്രമാണ്. റെഗുലേറ്ററി കമീഷൻ 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയത് അതിൽ നിർണായകമായി. മുഴുദിവസ സമയത്തുള്ള ദീർഘകാല കരാർ റദ്ദാക്കി ബദൽ മാർഗങ്ങൾ അന്വേഷിച്ചുതുടങ്ങിയതോടെയാണ് കുറവ് വന്നത്.
കെ.എസ്.ഇ.ബിയുടെ കണക്കനുസരിച്ച്, സൗരോർജ ഉൽപാദനത്തിന്റെ 36 ശതമാനമേ പകൽ സമയത്ത് ഉൽപാദകർ ഉപയോഗിക്കുന്നുള്ളൂ. ഇതിന്റെ ബാക്കി 64 ശതമാനം ഗ്രിഡിലേക്ക് നൽകുന്നു. ഇതിൽ ഏകദേശം 45 ശതമാനം വൈദ്യുതി ‘ബാങ്കിങ്’ സംവിധാനത്തിലൂടെ സൗരോർജം ലഭ്യമല്ലാത്ത സമയങ്ങളിൽ അവർതന്നെ ഉപയോഗിക്കുന്നു.
ബാക്കി 19 ശതമാനം കെ.എസ്.ഇ.ബി വാങ്ങുന്നു. ഇങ്ങനെ വിലകൂടുതലുള്ള സമയത്ത് തിരിച്ചുനൽകുന്നത് സാമ്പത്തിക ആഘാതം സൃഷ്ടിക്കുന്നതിനാലാണ് പുതുക്കിയ സോളാർ നയത്തിൽ കടുത്ത നിർദേശങ്ങൾ ഉൾപ്പെടുത്തിയതെന്നാണ് കെ.എസ്.ഇ.ബി അവകാശപ്പെടുന്നത്.
രാത്രി വൈദ്യുതി കരാറുകൾ തേടി കെ.എസ്.ഇ.ബി
പുരപ്പുറ സോളാർ ഉൽപാദന മേഖലയിൽ നിയന്ത്രണം കൊണ്ടുവന്നും വൈദ്യുതി വാങ്ങലുകൾ രാത്രിസമയങ്ങളിൽ (പീക്ക് സമയം) മാത്രമാക്കി ചുരുക്കിയും കടുത്ത നടപടികളിലാണ് കെ.എസ്.ഇ.ബി.
ദീർഘകാല കരാറുകൾ ഉൾപ്പെടെ മുഴുദിവസത്തേക്കായിരുന്നെങ്കിൽ ഉപഭോഗം കൂടുതലുള്ള രാത്രികാല വൈദ്യുതി വാങ്ങലിന്റെ സാധ്യത ആഗസ്റ്റ് മാസം നടപ്പാക്കിത്തുടങ്ങി. ടാറ്റ പവർ ട്രേഡിങ് കമ്പനി, ഗ്രീൻകോ എൻജീസ് എന്നീ രണ്ടു കമ്പനികൾക്കാണ് ടെൻഡർ ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.