സോളാർ വൈദ്യുതി ഉൽപാദനം കൂടിയത് പ്രതിസന്ധിയെന്ന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ വൈദ്യുതോൽപാദനരംഗത്ത് വലിയ മാറ്റങ്ങൾ നിർദേശിക്കുന്ന പുനരുപയോഗ ഊർജ ചട്ട ഭേദഗതി ബിൽ പരിഗണിക്കാനിരിക്കെ സൗരോർജ വൈദ്യുതി വൻ ബാധ്യതയാണെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി. പുനരുപയോഗ ചട്ട ഭേദഗതിയുടെ കരട് സംബന്ധിച്ച തെളിവെടുപ്പിൽ സോളാർ സംബന്ധിച്ച നഷ്ടക്കണക്കുകൾ കെ.എസ്.ഇ.ബി അവതിരിപ്പിച്ചിരുന്നു. ഇതിനുപുറമേയാണ് ഡയറക്ടർ ബോർഡ് അനുമതിയോടെ ചൊവ്വാഴ്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
സംസ്ഥാനത്തെ 1.3 കോടിയിലേറെ വൈദ്യുതി ഉപഭോക്താക്കളിൽ രണ്ടര ലക്ഷത്തിൽപരം പേർ മാത്രമാണ് സോളാര് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. നിലവിലെ നിയമപ്രകാരം സോളാർ പ്ലാന്റിൽനിന്ന് പകൽ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് തുല്യമായ വൈദ്യുതി, ആവശ്യകത കൂടുതലുള്ള വൈകുന്നേരങ്ങളിൽ (പീക്ക് മണിക്കൂറുകൾ) തിരികെ കെ.എസ്.ഇ.ബി നൽകണം. ഈ സമയത്ത് വിപണിയിൽ വൈദ്യുതിയുടെ ലഭ്യത കുറവും വില കൂടുതലുമായതിനാൽ ഇത് കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തികാഘാതമാണുണ്ടാക്കുന്നത്.
2024-25ൽ ഇത് 500 കോടി രൂത്യിലധികമായിരുന്നു. ഇതുമൂലം എല്ലാ ഉപഭോക്താക്കൾക്കും യൂനിറ്റിന് 19 പൈസയുടെ അധികഭാരമുണ്ടാകും. ബാറ്ററി സ്റ്റോറേജില്ലാതെ മൂന്ന് കിലോവാട്ടിന് മുകളിലുള്ള പ്ലാന്റുകൾ ഇനിയും സ്ഥാപിച്ചാൽ അധികച്ചെലവ് നിലവിലെ 19 പെസയിൽനിന്ന് വരുംവർഷങ്ങളിൽ വർധിക്കും. ഈ പ്രവണത തുടരുകയാണെങ്കിൽ 2034-35 ആകുമ്പോഴേക്കും യൂനിറ്റിന് 39 പൈസയുടെ അധികഭാരം ഉപഭോക്താക്കൾ വഹിക്കേണ്ടിവരും.
പകൽ ഉപയോഗം കുറഞ്ഞ കേരളത്തിൽ അധികമായി ഉൽപാദിപ്പിച്ച് ഗ്രിഡിലേക്കെത്തുന്ന വൈദ്യുതി ഗ്രിഡിൽ ഉയർന്ന വോൾട്ടേജുണ്ടാകാനും ഗാർഹിക ഉപകരണങ്ങൾ കേടാവാനും സാധ്യത സൃഷ്ടിക്കുന്നു. വൈദ്യുതി ശൃംഖലയുടെ സുരക്ഷിതത്വത്തിന് സോളാർ പ്ലാന്റുകൾ നിശ്ചിതസമയം ഓഫ് ചെയ്യേണ്ട സാഹചര്യംപോലും ഭാവിയിലുണ്ടാകുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.