കെ.എസ്.ഇ.ബി: സ്മാർട്ട് മീറ്റർ ഉടൻ; ജീവനക്കാർക്ക് പരിശീലനം
text_fieldsതിരുവനന്തപുരം: വൈദ്യുതി മേഖലയിൽ ഏറെക്കാലമായി ചർച്ചയായി തുടരുന്ന സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ വൈകാതെ ആരംഭിക്കും. കരാർ നൽകിയ കമ്പനിയിൽനിന്ന് ഈ മാസം അവസാനത്തോടെ മീറ്റർ ലഭിച്ചുതുടങ്ങുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം മീറ്ററുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് കെ.എസ്.ഇ.ബി പരിശീലനം നൽകും. കഴിഞ്ഞദിവസം വിളിച്ച ജീവനക്കാരുടെ സംഘടനകളുടെ യോഗത്തിലാണ് പരിശീലനം സംബന്ധിച്ച ഉറപ്പ് മാനേജ്മെൻറ് നൽകിയത്. സ്മാർട്ട് മീറ്റർ സംവിധാനം പരാതിരഹിതമായും കാര്യക്ഷമമായും മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ പരിശീലനമാണ് നൽകുക.
കെ.എസ്.ഇ.ബി സ്വന്തം നിലയിൽ മീറ്റർ സ്ഥാപിക്കുമ്പോൾ ജീവനക്കാരുടെ കുറവ് ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. സെക്ഷൻ ഓഫിസുകളിലടക്കം നിലവിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യമുണ്ട്. ഇതടക്കം നിർദേശങ്ങൾ പരിഗണിക്കുമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകി. സിസ്റ്റം മീറ്ററുകൾ, സർക്കാർ സ്ഥാപനങ്ങളിലെ മീറ്ററുകൾ, എച്ച്.ടി ഉപഭോക്താക്കളുടെ മീറ്ററുകൾ എന്നിങ്ങനെ മൂന്ന് ലക്ഷം സ്മാർട്ട് മീറ്ററുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. ഇതുതന്നെ മീറ്റർ ലഭ്യമാവുന്ന മുറക്കാവും പരീക്ഷാണാടിസ്ഥാനത്തിൽ സ്ഥാപിക്കുക. മൂന്ന് ലക്ഷം മീറ്റർ സ്ഥാപിക്കൽ പൂർത്തിയാവുകയും അവ പരാതിരഹിതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കിയശേഷമാവും അടുത്തഘട്ടം.
രണ്ട് പാക്കേജുകളായാണ് സ്മാർട്ട് മീറ്ററിന് ടെൻഡർ ക്ഷണിച്ചത്. സ്മാർട്ട് മീറ്റർ, ആശയവിനിമയ ശൃംഖല, അനുബന്ധ സോഫ്റ്റ്വെയർ എന്നിവ ഉൾപ്പെടുന്നതാണ് ആദ്യത്തേത്. എം.ഡി.എം.എസ് സോഫ്റ്റ്വെയർ, സംയോജനം എന്നിവ ഉൾപ്പെടുന്നതാണ് മറ്റൊന്ന്. സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ ആദ്യം ലക്ഷ്യമിട്ട ടോട്ടെക്സ് രീതിക്ക് പകരം കാപെക്സ് രീതിയാണ് നടപ്പാക്കുന്നത്. കരാർ കമ്പനി ചെലവ് മുഴുവൻ വഹിക്കുകയും പിന്നീട് തിരിച്ച് ഈടാക്കുകയും ചെയ്യുന്ന കേന്ദ്രം നിർദേശിച്ച ടോട്ടെക്സ് രീതിക്കെതിരെ വലിയ എതിർപ്പുയർന്നിരുന്നു. തുടർന്നാണ് ബില്ലിങ്ങും അനുബന്ധ സേവനങ്ങളും കെ.എസ്.ഇ.ബി നിയന്ത്രണത്തിൽ നിലനിർത്തുന്ന കാപെക്സ് രീതി സ്വീകരിക്കാനുള്ള തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.