വൈദ്യുതി സംഭരണ പദ്ധതികൾ വ്യാപിപ്പിക്കാൻ കേന്ദ്രസഹായത്തിനായി കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: സൗരോർജ ഉൽപാദനത്തിൽ വലിയ വർധന പ്രകടമാവുന്ന സാഹചര്യത്തിൽ വൈദ്യുതി സംഭരണ പദ്ധതികൾ വ്യാപകമാക്കാൻ കെ.എസ്.ഇ.ബി ശ്രമം. ഇതിനായി കൂടുതൽ കേന്ദ്ര സഹായത്തിന് ശ്രമം ആരംഭിച്ചു. പുനരുപയോഗ ഊർജ സംരംഭങ്ങളോട് കേന്ദ്ര ഊർജ മന്ത്രാലയത്തിനുള്ള അനുകൂല നിലപാട് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ശേഖരിച്ച് രാത്രിയിലും ഉപയോഗിക്കാവുന്ന ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്) സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്നതിനുള്ള കരാർ കഴിഞ്ഞദിവസം ഒപ്പിട്ടിരുന്നു. ഒരുവർഷത്തിനകം കാസർകോട് മൈലാട്ടിയിൽ പ്രവർത്തനസജ്ജമാവുന്ന സംവിധാനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ രാത്രി വൈദ്യുതിക്കായുള്ള നെട്ടോട്ടത്തിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
സാധ്യമായ ഇടങ്ങളിൽ വി.ജി.എഫ് ഉൾപ്പെടെ പ്രയോജനപ്പെടുത്തി വൈദ്യുതി ശേഖരണ സംവിധാനം ഒരുക്കുകയാണ് പീക്ക് സമയ ആവശ്യകത പരിഹരിക്കാനുള്ള മുഖ്യ പോംവഴിയെന്ന വിലയിരുത്തലിലാണ് കെ.എസ്.ഇ.ബി. ആഭ്യന്തര വൈദ്യുതി ഉൽപാദനം കൂട്ടാൻ ചെലവ് കുറഞ്ഞ മാർഗം ജലവൈദ്യുതി പദ്ധതികളാണെങ്കിലും പരിസ്ഥിതി പ്രശ്നങ്ങളടക്കം പ്രതിബന്ധങ്ങൾ ഏറെയാണ്. ജലവൈദ്യുതി പദ്ധതികളിൽ ഉപയോഗിക്കുന്ന വെള്ളം സംഭരിച്ച് വീണ്ടും ഉപയോഗിക്കാവുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതി (പി.എസ്.പി) നടപ്പാക്കാൻ തടസ്സം കുറവാണെങ്കിലും പദ്ധതി പൂർത്തീകരണത്തിന് താമസമുണ്ടാകും. എന്നാൽ, ‘ബെസ്’ സ്ഥാപിക്കാൻ ആറുമാസം മുതൽ ഒരുവർഷം വരെ മതിയാവും.
മൈലാട്ടിക്ക് പിന്നാലെ നാഷനൽ ഹൈഡ്രോ പവർ കോർപറേഷനുള്ള കേന്ദ്ര വയബിലിറ്റി ഗ്യാപ് ഫണ്ട് ഉപയോഗിച്ച് 125 മെഗാവാട്ട്/500 മെഗാവാട്ട് അവര് (Mwh) ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം സ്ഥാപിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. അരീക്കോട്, മുള്ളേരിയ, ശ്രീകണ്ഠാപുരം, പോത്തൻകോട് എന്നിവിടങ്ങളിൽ നാല് മണിക്കൂർ സംഭരണ ശേഷിയുള്ള ബെസ് സ്ഥാപിക്കാൻ എൻ.എച്ച്.പി.സി ടെൻഡർ ക്ഷണിച്ചു.
ഈ പദ്ധതികളിലൂടെ 270 കോടി രൂപയുടെ കേന്ദ്ര സഹായം ലഭ്യമാവുമെന്നാണ് കണക്കുകൂട്ടൽ. പുറമേ 1000 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു പദ്ധതികൂടി അനുവദിക്കണമെന്ന ആവശ്യവും കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചത് വലിയ പ്രതീക്ഷയോടെയാണ് കെ.എസ്.ഇ.ബി കാണുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.