ഇടപാടുകാരോടും കേരളത്തോടും കെ.എസ്.എഫ്.ഇക്ക് പ്രതിബദ്ധത -ധനമന്ത്രി
text_fieldsധനമന്ത്രി കെ.എൻ. ബാലഗോപാൽ
കൊല്ലം: ഇടപാടുകാരോടും, ഒപ്പം സമൂഹത്തോടും പ്രതിബദ്ധത പുലർത്തുന്ന സ്ഥാപനമാണ് കെ.എസ്.എഫ്.ഇയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രകൃതിദുരന്തം നേരിട്ട വയനാട്ടിൽ കൽപറ്റ ജനറൽ ആശുപത്രിയിൽ 45 കോടിയുടെ അനക്സ് ബ്ലോക്ക് നിർമിച്ച് നൽകിയത് ഇതിന് തെളിവാണ്. കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടകളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്ന ‘സമ്മാനോത്സവം 2026’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കര അമ്പലക്കര മൈതാനത്ത് നടന്ന ചടങ്ങിൽ മെഗാ സമ്മാനമായ മെഴ്സിഡസ് ബെൻസ് കാറിന്റെ താക്കോൽ ഇരിങ്ങാലക്കുട സ്വദേശി കെ.വി. ഷക്കീലിന് മന്ത്രി സമ്മാനിച്ചു. ഇരിങ്ങാലക്കുട - I ബ്രാഞ്ചിലെ ഇടപാടുകാരനാണ് ഷക്കീൽ.
ബംബർ സമ്മാനമായ 17 ഇന്നോവ ക്രിസ്റ്റ കാറുകളുടെ വിതരണവും നടന്നു. വിവിധ സമ്മാനപദ്ധതികളിലായി പ്രതിവർഷം 18 കോടിയുടെ സമ്മാനവിതരണം കൃത്യതയോടെ നിർവഹിക്കുന്നുണ്ടെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. ആധുനികവത്കരണത്തിന്റെ പാതയിൽ തുടർന്നും നൂതന പദ്ധതികളുമായി എത്തുമെന്ന് കെ.എസ്.എഫ്.ഇ എം.ഡി ഡോ. എസ്.കെ. സനിൽ പറഞ്ഞു. കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു മുഖ്യാതിഥിയായി. കൊട്ടാരക്കര നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എ. ഷാജു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഡി. രാമകൃഷ്ണ പിള്ള, വാർഡ് കൗൺസിലർ എൽ. മിനി, മൈലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു. വിനീത് ശ്രീനിവാസന്റെ സംഗീതപരിപാടിയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

