കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് സർവിസ് ഈ മാസം
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം 20നകം സർവിസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ. നവീകരിച്ച എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഉദ്ഘാടനവും എറണാകുളം കാരിക്കാമുറിയിൽ നിർമിക്കുന്ന പുതിയ സ്റ്റാൻഡിന്റെ ശിലാസ്ഥാപനവും നിർവഹിക്കവെയാണ് മന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ടിക്കറ്റ് റിസർവ് ചെയ്യുന്നതിനോടൊപ്പം ഭക്ഷണം ബുക്ക് ചെയ്യാനുള്ള സംവിധാനം, മികച്ച ടോയ്ലറ്റ് സൗകര്യം എന്നിവയോടെയാണ് ബിസിനസ് ക്ലാസ് ബസ്സുകൾ സർവിസ് ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവിസുകൾ ഉണ്ടായിരിക്കും. ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ മാത്രമാകും സ്റ്റോപ്പ്. നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തും.
ടിക്കറ്റ് പരിശോധിക്കുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും ഹോസ്റ്റസ് ആകും. എയർ ഹോസ്റ്റസ് എന്ന പോലെ ബസ് ഹോസ്റ്റസ് എന്ന ആശയം കൂടി നടപ്പാക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന് എല്ലാ മാസവും ആദ്യത്തെ അഞ്ച് ദിവസം 50 ബസുകൾ ശബരിമലയിൽ വന്ന് പോകാൻ അവർ അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തമിഴ്നാട്ടിലെ വിനോദ സഞ്ചാര, തീർഥാടന കേന്ദ്രങ്ങളിലേക്ക് ബജറ്റ് ടൂറിസം സർവിസുകൾ ആരംഭിക്കും. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബജറ്റ് ടൂറിസവും റിസോർട്ടുകളിൽ താമസം ഒരുക്കുന്ന റിസോർട്ട് ബജറ്റ് ടൂറിസവും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

