ജീവനക്കാരുടെ എതിർപ്പ്, സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ ഒരാഴ്ചത്തേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗം ജീവനക്കാർക്ക് ഏപ്രിൽ ഒന്നുമുതൽ പ്രഖ്യാപിച്ചിരുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കുന്നത് താൽക്കാലികമായി മാറ്റിവെച്ചു. സംഘടനകൾ എതിർപ്പുന്നയിച്ച സാഹചര്യത്തിൽ ഇവരുടെ അഭിപ്രായമാരായുന്നതിന് വേണ്ടിയാണ് ഒരാഴ്ചത്തേക്ക് പുതിയ ക്രമീകരണത്തിന് ഇളവ് നൽകിയത്. ശനിയാഴ്ച എം.ഡിയുടെ അധ്യക്ഷതയിൽ ചേർന്ന സംഘടനകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സിംഗിൾ ഡ്യൂട്ടി സംബന്ധിച്ച് ട്രേഡ് യൂനിയനുകൾ അഞ്ച് ദിവസത്തിനുള്ളിൽ നിർദേശങ്ങളും അഭിപ്രായങ്ങളും എഴുതി സമർപ്പിക്കണം. ഇതുകൂടി പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയാകും ക്രമീകരണം ഏർപ്പെടുത്തുകയെന്ന് എം.ഡി വ്യക്തമാക്കി.
ഒറ്റദിവസം കൊണ്ട് എല്ലാ ഷെഡ്യൂകളും സിംഗിൾ ഡ്യൂട്ടിയിലേക്ക് മാറ്റുന്നത് അശാസ്ത്രീയമാണെന്നും ആവശ്യമായ പഠനം നടത്തിയ ശേഷമേ സംവിധാനം നടപ്പിലാക്കാവൂ എന്നും എ.െഎ.ടി.യു.സി ആവശ്യപ്പെട്ടു. ദീർഘദൂര സർവിസുകളിൽ വനിതകളെയടക്കം കണ്ടക്ടർമാരായി നിയമിക്കുന്നുണ്ട്. എട്ട് മണിക്കൂർ കഴിഞ്ഞ് ഡ്യൂട്ടി മാറിയാൽ ഇവർക്ക് വിശ്രമിക്കാനടക്കമുള്ള സൗകര്യമൊരുക്കണം. നിലവിൽ അതിനുള്ള ക്രമീകരണങ്ങളില്ല. ചെയിൻ സർവിസുകൾ സിംഗിൾ ഡ്യൂട്ടിയിലേക്ക് മാറുന്നതോടെ സർവിസുകളുടെ എണ്ണം കുറയുകയും വരുമാനത്തെ ബാധിക്കുകയും ചെയ്യും. മെക്കാനിക്കൽ, മിനിസ്റ്റീരിൽ വിഭാഗങ്ങളിൽ ഏർപ്പെടുത്തിയ ഡ്യൂട്ടി പരിഷ്കരണം ഗുണകരമാണോ എന്ന് പരിേശാധിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് എം.ഡി വ്യക്തമാക്കി.
കലക്ഷെൻറ അടിസ്ഥാനത്തിൽ ഡ്യൂട്ടി നിശ്ചയിക്കുന്ന സംവിധാനത്തിനെതിരെ ജീവനക്കാരുടെ പരാതിയിൽ കോടതി ഇടപെടലുണ്ടായ സാഹചര്യത്തിലാണ് ഏപ്രിൽ ഒന്നുമുതൽ എല്ലാ ഷെഡ്യൂളുകളും സിംഗിൾ ഡ്യൂട്ടിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഒരു ഡ്യൂട്ടിയില്‍ എട്ടുമണിക്കൂറാണ് സ്റ്റിയറിങ് അവേഴ്‌സ് (നിശ്ചിതദൂരം പിന്നിടാന്‍ അനുവദിച്ചിട്ടുള്ള സമയം). പുതിയസംവിധാനം നിലവിൽവന്നാൽ ഡബിള്‍ ഡ്യൂട്ടിയുടെ പേരില്‍ കിട്ടുന്ന അവധി ദിനങ്ങളില്‍ മറ്റുജോലികള്‍ ചെയ്തിരുന്നവർ കുടുങ്ങും. ആഴ്ചയില്‍ കുറഞ്ഞത് ആറുദിവസമെങ്കിലും ജോലിക്ക് എത്തേണ്ടിവരും. ജീവനക്കാരുടെ എണ്ണം ദേശീയശരാശരിയിലേക്ക് കുറയും. സ്ഥിരജീവനക്കാരെക്കൊണ്ടുമാത്രം നിലവിലെ ഷെഡ്യൂളുകള്‍ ഓടിക്കാന്‍പറ്റും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.