കൊറിയറിൽ പണം വാരി കെ.എസ്.ആർ.ടി.സി; കഴിഞ്ഞ സാമ്പത്തിക വർഷം നേടിയത് 6.5 കോടി
text_fieldsകോഴിക്കോട്: നഷ്ടക്കണക്കുകൾ നിരത്തുന്ന കെ.എസ്.ആർ.ടി.സിയിൽ ലാഭംകൊയ്യുന്ന പണപ്പെട്ടിയായിമാറുകയാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവിസ്. കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കുന്ന കൊറിയർ സർവിസിനെ ജനം ഏറ്റെടുത്തതോടെ ഇക്കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ആർ.ടി.സി വാരിക്കൂട്ടിയത് 6.5 കോടി. 2024 മാർച്ച് മുതൽ 2025 മാർച്ച് വരെ 6,47,44,255 രൂപയാണ് കൊറിയർ കയറ്റിവിട്ട് കെ.എസ്.ആർ.ടി.സി വാരിക്കൂട്ടിയത്.
2024 ഡിസംബറിലാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത് 5718314 രൂപ. ഇക്കഴിഞ്ഞ മാർച്ചിൽ 5679168 രൂപയും ഒക്ടോബറിൽ 5665313 രൂപയും ജനുവരിയിൽ 5625770 രൂപയുമാണ് കൊറിയർ വരുമാനം. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2023 ജൂൺ 15നാണ് കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ രണ്ടു ലക്ഷത്തിൽ താഴെയായിരുന്നു വരുമാനം. പടിപടിയായി ഉയർന്ന് ഇപ്പോൾ 56 ലക്ഷത്തിന് മുകളിലെത്തി. ഒരു ദിവസത്തെ ശരാശരി വരവ് രണ്ടു ലക്ഷം രൂപയാണ്.
ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവിസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് കൊറിയർ സ്വീകരിക്കുന്നതാണ് രീതി. ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസിൽ തന്നെയാണ് കൊറിയർ സർവിസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിട്ടുള്ളത്. കൊറിയർ അയക്കാനുള്ള സാധനങ്ങൾ പാക്ക് ചെയ്ത് സെന്ററിൽ എത്തിക്കണം. അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും അപ്ഡേറ്റുകൾ മെസേജായി ലഭിക്കും. കൊറിയർ അയച്ച ഡിപ്പോയിലേക്ക് സ്വീകരിക്കുന്ന ആൾ നേരിട്ട് എത്തണം. സാധുതയുള്ള ഐ.ഡി കാർഡ് പരിശോധിച്ച് സാധനം കൈമാറും. മൂന്ന് ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റിയില്ലെങ്കിൽ പിഴ ഈടാക്കും. സ്വകാര്യ കൊറിയർ സേവനങ്ങളേക്കാൾ കുറഞ്ഞ നിരക്കാണ് ഉപഭോക്താക്കളിൽ നിന്ന് കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്. ഒരു മാസം മുമ്പാണ് ചെറിയതോതിൽ നിരക്ക് വർധന വരുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.