കെ.എസ്.ആർ.ടി.സിയിൽ 201 എംപാനലുകാരെ പിരിച്ചുവിട്ടു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നാല് റീജനൽ വർക്ഷോപ്പുകളിലെ എംപാനൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ആലുവയിൽ 55ഉം മാവേലിക്കരയിൽ 61ഉം എടപ്പാളിൽ 52ഉം കോഴിക്കോട് 33ഉം അടക്കം 201 പേരെയാണ് പിരിച്ചുവിട്ടത്. ജീവനക്കാർ ശനിയാഴ്ച മുതൽ ജോലിക്ക് വരേണ്ടെന്നാണ് ഉത്തരവ്. പത്തുവർഷം പൂർത്തിയാക്കിയ താൽക്കാലിക ജീവനക്കാരും ഒഴിവാക്കിയവരിൽപെടും.
സമരം ചെയ്തതിെൻറ പേരിൽ മെക്കാനിക്കൽ വിഭാഗത്തിലെ 240 പേരെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് നടപടി. ‘കെ.എസ്.ആർ.ടി.സിയിൽ നിലവിൽ ഷാസികളുടെ ലഭ്യത കുറവായതിനാലും കാര്യാലയത്തിലെ ബസ്ബോഡി നിർമാണം നിർത്തിെവച്ചിരിക്കുന്ന സാഹചര്യത്തിലും ഇതുമായി ബന്ധപ്പെട്ട നിലവിലെ എംപാനൽ ജീവനക്കാരെ മാറ്റുന്നു’വെന്നാണ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഒഴിയുന്ന ജീവനക്കാർ തങ്ങളുടെ ഡ്യൂട്ടി പാസ്, ബയോമെട്രിക് ഐ.ഡി കാർഡ് എന്നിവ പാസ് സെക്ഷനിൽ ഏൽപിക്കണമെന്നും ഉത്തരവിലുണ്ട്. ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം കുറച്ചുകൊണ്ടുവരണമെന്ന് നേരത്തേ കെ.എസ്.ആർ.ടി.സിയെക്കുറിച്ച് പഠനം നടത്തിയ സുശീൽഖന്ന തെൻറ പ്രാഥമിക റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. വർക്ഷോപ്പുകളിൽ ബസ് ബോഡി നിർമാണം നടക്കുന്നില്ല എന്നാണ് കാരണം പറയുന്നതെങ്കിലും ഇവരെ പൂർണമായും ഒഴിവാക്കുകതന്നെയാണ് ലക്ഷ്യം. ആകെ 4000 മെക്കാനിക്കൽ ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയിലുള്ളത്. ആയിരത്തിൽ കൂടുതൽ പേർ എംപാനലുകാരാണ്. മെക്കാനിക്കൽ വിഭാഗത്തിൽ ഡബിൾ ഡ്യൂട്ടി സംവിധാനം അവസാനിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത ജീവനക്കാരെ നേരത്തേ വ്യാപകമായി സ്ഥലം മാറ്റിയിരുന്നു. പണിമുടക്കിയ 247 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും അതേ ഉത്തരവിൽതന്നെ ഏഴ് പേരെയൊഴികെ 240 പേരെയും സ്ഥലം മാറ്റുകയായിരുന്നു.
മാവേലിക്കര റീജനൽ വർക്ഷോപ്പിലെ 34 പേരെ തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, ഇൗരാറ്റുപേട്ട, പൊൻകുന്നം, കുമളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്. കോഴിക്കോട് റീജനൽ വർക്ഷോപ്പിെല 23 പേരെ സുൽത്താൻ ബത്തേരി, മാനന്തവാടി, താമരശ്ശേരി, കൽപറ്റ എന്നിവിടങ്ങളിലേക്കും മാറ്റിയിട്ടുണ്ട്.
കണ്ടവരുണ്ടോ സുശീൽ ഖന്ന റിപ്പോർട്ട് ?
തിരുവനന്തപുരം: ജനുവരിയിൽ പ്രസിദ്ധപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ശിപാർശകളെച്ചൊല്ലി വിവാദമുയരുകയും ചെയ്ത സുശീൽ ഖന്ന റിപ്പോർട്ട് കണ്ടവർ ആരെങ്കിലുമുണ്ടോ? കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്തുമെന്ന് സർക്കാറും നശിപ്പിക്കുമെന്ന് ജീവനക്കാരും ഒന്നും സംഭവിക്കില്ലെന്ന് യാത്രക്കാരും കരുതുന്ന സുശീൽ ഖന്ന റിപ്പോർട്ട് ഇതുവരെ ആരും കണ്ടിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട് നടപ്പാക്കിത്തുടങ്ങിയെന്നും ഡിപ്പോകളില്‍ നിന്ന് 718 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിെട്ടന്നും 2016 ഡിസംബറിൽ വാർത്തയുണ്ടായിരുന്നു. എന്നാൽ, റിപ്പോർട്ടിനെക്കുറിച്ച വിവരാവകാശ അപേക്ഷക്ക് 2017 മേയ് 11ന് നൽകിയ മറുപടിയിൽ റിപ്പോർട്ട് ഗതാഗത വകുപ്പിന് കിട്ടിയിട്ടില്ല എന്നാണ് മറുപടി ലഭിച്ചത്. റിപ്പോർട്ട് ലഭിച്ചിട്ടില്ല എന്നാണ് മേയ് 20ന് കെ.എസ്.ആർ.ടി.സിയും മറുപടി നൽകിയത്.
അതായത്, മേയ് 20വരെ നൽകിയിട്ടില്ലാത്ത റിപ്പോർട്ട് നടപ്പാക്കിയാൽ കെ.എസ്.ആർ.ടി.സി തുലയുമെന്ന് പറഞ്ഞാണ് ജീവനക്കാർ മാസങ്ങളായി പ്രതിഷേധിക്കുന്നത്. 2016 സെപ്റ്റംബർ 21ന് ചേർന്ന കാബിനറ്റ് യോഗമാണ് കെ.എസ്.ആർ.ടി.സിയെക്കുറിച്ച് പഠിക്കാൻ കൊൽക്കത്ത െഎ.െഎ.എമ്മിലെ പ്രഫസർ സുശീൽ ഖന്നയെ നിയോഗിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.