കെ.എസ്.ആർ.ടി.സി ശമ്പളം ഗഡുക്കൾ: മന്ത്രിയുടെ ചർച്ചയിൽ തീരുമാനമായില്ല, തുടർ ചർച്ച 18ന്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഗഡുക്കളാക്കി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ സി.ഐ.ടി.യു നേതാക്കളുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ശമ്പളം ഒറ്റത്തവണയായിതന്നെ നൽകണമെന്നും ഗഡുക്കളായുള്ള വിതരണം അംഗീകരിക്കാനാകില്ലെന്നും സി.ഐ.ടി.യു ഭാരവാഹികൾ ശക്തമായി വാദിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മന്ത്രിയും മാനേജ്മെന്റും പ്രതിരോധിച്ചത്. ഗഡുക്കളാക്കാനുള്ള തീരുമാനം മനഃപൂർവം കൈക്കൊണ്ടതല്ലെന്നും പണമില്ലാത്തതുമൂലമുള്ള നിർബന്ധിതാവസ്ഥയിൽ ചെയ്യേണ്ടി വന്നതാണെന്നും മന്ത്രി ആന്റണി രാജു വിശദീകരിച്ചു. സി.എം.ഡി ബിജുപ്രഭാകറും സമാന നിലപാടാണ് സ്വീകരിച്ചത്. സർക്കാറിൽനിന്നുള്ള പ്രതിമാസ ധനസഹായമായ 50 കോടി മാസാദ്യം ലഭിച്ചാൽ നേരത്തേ ശമ്പളം നൽകാനാകുമെന്നായിരുന്നു വിലയിരുത്തൽ. ഈ തുക കിട്ടാൻ വൈകുന്നത് ശമ്പള വിതരണത്തെയും ബാധിക്കുന്നുണ്ട്. വിഷയത്തിൽ തുടർ ചർച്ച ആവശ്യമാണെന്നാണ് പൊതുവായി ഉരുത്തിരിഞ്ഞ ധാരണ. ഈ മാസം 18ന് വീണ്ടും ചർച്ച നടക്കും.
താൽക്കാലിക ജീവനക്കാരുടെ നിയമനത്തിലെ അപാകതയും നേതാക്കൾ ചൂണ്ടിക്കാട്ടി. നേരത്തേ പുറത്തായ താൽക്കാലികക്കാരെ സീനിയോറിറ്റി പ്രകാരം പുനർനിയമിക്കണമെന്നായിരുന്നു ധാരണയെങ്കിലും അത് മറികടന്ന് മന്ത്രിയും എം.ഡിയുമെല്ലാം കാണുന്നവർക്ക് നിയമനം നൽകുന്നുവെന്നായിരുന്നു ആരോപണം.
ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. യൂനിയൻ പ്രവർത്തകരെ കേസുകളിൽ കുടുക്കി അച്ചടക്ക നടപടിക്ക് വിധേയമാക്കുന്നെന്ന പരാതിയും നേതാക്കൾ ഉന്നയിച്ചു. ഇക്കാര്യവും പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.ഇ.എ ജനറൽ സെക്രട്ടറി എസ്. വിനോദ്, വർക്കിങ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണൻ, ട്രഷറർ പി. ഗോപാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സി.ഐ.ടി.യു തിങ്കളാഴ്ച ഉച്ചക്ക് ഉപരോധസമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചർച്ചക്ക് ക്ഷണിച്ചത്. ചർച്ച നടന്ന സാഹചര്യത്തിൽ ഉപരോധത്തിന് പകരം ധർണ നടന്നു. ജനറൽ സെക്രട്ടറി എസ്. വിനോദ്, വർക്കിങ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണൻ, ട്രഷറർ പി. ഗോപാലകൃഷ്ണൻ, സുനിത കുര്യൻ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.