കെ.എസ്.ആർ.ടി.സി: ജനത്തെ പെരുവഴിയിലാക്കി വെട്ടിക്കുറക്കൽ; സ്ഥിതി രൂക്ഷമാകും
text_fieldsതിരുവനന്തപുരം: 'ഇന്ധനക്ഷാമ'ത്തിന്റെ പേരിൽ ജനത്തെ വലച്ച് ശനിയാഴ്ചയും വ്യാപക സർവിസ് വെട്ടിക്കുറക്കൽ. 30 ശതമാനം ഓർഡനറി ബസുകളേ ശനിയാഴ്ച ഓടിയുള്ളൂ. ഓർഡിനറികൾ റദ്ദാക്കാനായിരുന്നു കഴിഞ്ഞദിവസത്തെ മാനേജ്മെന്റ് നിർദേശമെങ്കിൽ സൂപ്പർ ഫാസ്റ്റുകളടക്കം സർവിസുകൾ ശനിയാഴ്ച റദ്ദാക്കി.
യാത്രക്കാര്‍ ഏറെയുള്ള തിങ്കളാഴ്ച പരമാവധി ബസുകള്‍ ഓടിക്കാനുള്ള ഡീസല്‍ കരുതാനാണ് ഈ ക്രമീകരണമെന്നാണ് മാനേജ്മെന്റ് വിശദീകരണം. ബസുകള്‍ ഏറെയുള്ള തെക്കൻമേഖലയിൽ 24 ശതമാനം സർവിസ് മുടങ്ങി. 1560 ഷെഡ്യൂളുകളില്‍ 1138 എണ്ണം നിരത്തിലിറങ്ങി. ഞായറാഴ്ച ഓര്‍ഡിനറി ബസുകള്‍ പരമാവധി കുറക്കാനാണ് നിര്‍ദേശം. ഇത് ഗ്രാമീണമേഖലകളിലെ യാത്രാക്ലേശം രൂക്ഷമാക്കും. ഇതിനിടെ സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചു.
എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തുക കെ.എസ്.ആര്.ടി.സിക്ക് ലഭിക്കണമെങ്കില്‍ കുറഞ്ഞത് ബുധനാഴ്ച വരെയെങ്കിലും വേണ്ടിവരും. 13 കോടി രൂപയുടെ കുടിശ്ശികയാണ് എണ്ണക്കമ്പനികള്ക്കുള്ളതെന്നാണ് മാനേജ്മെന്റ് വിശദീകരണം. എസ്.ബി.ഐ കണ്‍സോർട്യം തിരിച്ചടവിനുള്ള 30 കോടി രൂപ മാസംതോറും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതിനുപുറമെ 20 കോടി രൂപ കോടി അധിക ധനസഹായമായി നല്‍കിയിരുന്നു. ഈമാസം അത് വൈകിയതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് വിശദീകരണം. മൂന്നാഴ്ച മുമ്പേ കെ.എസ്.ആര്.ടി.സി ഈ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിരുന്നു.
250 കോടി രക്ഷാപാക്കേജിൽ ചർച്ച
തിരുവനന്തപുരം: 250 കോടി രൂപയുടെ സാമ്പത്തികസഹായം ആവശ്യപ്പെട്ടുള്ള രക്ഷാപാക്കേജില്‍ ഉന്നതതല ചര്‍ച്ച തുടരുകയാണ്. മന്ത്രി ആന്റണി രാജുവും കെ.എസ്.ആര്.ടി.സി മേധാവി ബിജുപ്രഭാകറും ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പാക്കേജിലെ കാര്യങ്ങള്‍ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രക്ഷാപാക്കേജില്‍ മാറ്റങ്ങൾ വരുത്തും. ഡ്യൂട്ടി ക്രമം ഉള്‍പ്പെടെ കാര്യങ്ങളില്‍ അന്തിമരൂപം കാണണം. തുടര്‍ചര്‍ച്ചയാണ് ശനിയാഴ്ചയും നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.