ക്ലിക്കായി കെ.എസ്.ആർ.ടി.സി ടൂറിസം ട്രിപ്പുകൾ
text_fieldsതിരുവനന്തപുരം: റൂട്ട് സർവിസുകളിൽനിന്ന് മാത്രമല്ല ബജറ്റ് ടൂറിസത്തിന്റെ ഭാഗമായ വിനോദസഞ്ചാര ട്രിപ്പുകളിൽനിന്നും വൻ നേട്ടമുണ്ടാക്കി കെ.എസ്.ആർ.ടി.സി. 2021 നവംബർ ഒന്നിന് തുടങ്ങിയ ബജറ്റ് ടൂറിസം സെൽ രണ്ടു വർഷംകൊണ്ട് 8250 ട്രിപ്പാണ് നടത്തിയത്. സംസ്ഥാനത്തുടനീളം ഡിപ്പോകളുള്ള കെ.എസ്.ആര്.ടി.സി ഇതുവരെ ഉപയോഗിക്കാതിരുന്ന സാധ്യതകളാണ് വിനിയോഗിക്കുന്നത്.
കേരളത്തിനകത്തും പുറത്തുമുള്ള 200 ഓളം ടൂറിസം കേന്ദ്രങ്ങളിലേക്ക് 5.10 ലക്ഷം സഞ്ചാരികളെ എത്തിക്കാനായതാണ് വലിയ നേട്ടം. 28 കോടിയോളം രൂപ വരുമാനവും നേടാനുമായി. പ്രതിദിനം 10 ട്രിപ് എന്ന നിലയിലാണ് ടൂറിസം ഓപറേഷൻ. ആകെ നടത്തിയ 8250 ട്രിപ്പിൽ 2000 എണ്ണം മാത്രമാണ് ആദ്യ വർഷം നടന്നത്. ശേഷിക്കുന്ന 6000 ഓളം രണ്ടാം വർഷത്തിലേതാണ്. പരീക്ഷണാർഥത്തില്‍ നടത്തിയ ട്രിപ്പുകളിൽ ഒരു ലക്ഷം യാത്രക്കാരെയാണ് ലഭിച്ചത്.
സംസ്ഥാനത്തെ ഏതു വിനോദസഞ്ചാര കേന്ദ്രത്തിലേക്കും കുറഞ്ഞ ചെലവില്‍ യാത്ര ഒരുക്കുന്ന ഏക ടൂര്‍ ഓപറേറ്ററാണ് കെ.എസ്.ആര്.ടി.സി. ബസ് ടിക്കറ്റ് നിരക്കാണ് യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്. ഗവിയും മലക്കപ്പാറയും മാമലക്കണ്ടവും നെല്ലിയാമ്പതിയും ഉള്‍പ്പെടെ 10ൽ അധികം വനമേഖലകളിലേക്ക് യാത്രക്കാരുമായി പ്രവേശിക്കാന്‍ കെ.എസ്.ആര്.ടി.സിക്ക് അനുമതിയുണ്ട്.
സ്വകാര്യവാഹനങ്ങള്‍ക്ക് രാത്രി യാത്രാനുമതിയില്ലാത്ത വനമേഖലകളിലേക്ക് വനംവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ട്രിപ്പുകള്‍ക്കാണ് ഏറെ യാത്രക്കാർ. സമൂഹമാധ്യമങ്ങളില്‍ നല്കുന്ന പരസ്യങ്ങളിലൂടെയാണ് ഒാരോ ഡിപ്പോയും ബുക്കിങ് സ്വീകരിക്കുന്നത്. ഓണ്‍ലൈൻ ബുക്കിങ് പോർട്ടലിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സിക്കുള്ള ബസുകളാണ് ടൂറിസം ട്രിപ്പിന് ഉപയോഗിക്കുന്നത്. പ്രത്യേകം രൂപകൽപന ചെയ്ത കൂടുതല്‍ ബസ് അനുവദിച്ചാല്‍ ഇനിയും സാധ്യതകളുണ്ടെന്നാണ് വിലയിരുത്തൽ.
നവകേരള യാത്രക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ദൗത്യം പൂർത്തിയായ ശേഷം കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന് കൈമാറുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ചെറിയ സംഘം യാത്രക്കാർക്കായി ചെറിയ വാഹനങ്ങള്‍ വാടകക്ക് എടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.