കെ.എസ്.ആർ.ടി.സി: അഞ്ചിന് ശമ്പളം വിതരണം ചെയ്തില്ലെങ്കിൽ പണിമുടക്കിന് യൂനിയനുകൾ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകുന്ന കാര്യത്തിൽ സി.എം.ഡി ബിജു പ്രഭാകർ വിളിച്ച അംഗീകൃത സംഘടനകളുടെ യോഗത്തിലും ധാരണയായില്ല. അഞ്ചിനുള്ളിൽ ശമ്പളം നൽകാൻ ശ്രമിക്കാമെന്നായിരുന്നു മാനേജ്മെന്‍റ് നിലപാട്. ഇക്കാര്യത്തിൽ ഉറപ്പ് വേണമെന്ന് യൂനിയനുകൾ ആവശ്യപ്പെട്ടു. ഗതാഗത മന്ത്രിയുമായി ഏപ്രിൽ 25ന് സി.എം.ഡി ചർച്ച നടത്തിയശേഷം തീരുമാനം അറിയിക്കാമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. കൃത്യമായ ഉറപ്പുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഏപ്രിലിലെ ശമ്പളം മേയ് അഞ്ചിന് മുമ്പ് നൽകിയില്ലെങ്കിൽ പണിമുടക്ക് നടത്താനാണ് യൂനിയനുകളുടെ തീരുമാനം.
ശമ്പളം നൽകിയില്ലെങ്കിൽ ആറ് മുതൽ പണിമുടക്കുമെന്നറിയിച്ച് ടി.ഡി.എഫ് നേരത്തേ നോട്ടീസ് നൽകിരുന്നു. ഇതിൽ മാറ്റമില്ലെന്ന് നേതാക്കൾ അറിയിച്ചു. ബി.എം.എസ് പണിമുടക്ക് നോട്ടീസ് നൽകിയെങ്കിലും മാർച്ചിലെ ശമ്പളം നൽകിയ സാഹചര്യത്തിൽ നോട്ടീസ് പിൻവലിച്ച് മേയ് ആറിലേക്ക് മാറ്റി നൽകി. മാർച്ചിലെ ശമ്പളം വിതരണം ചെയ്ത സാഹചര്യത്തിൽ 28ന് പ്രഖ്യാപിച്ച പണിമുടക്ക് സി.ഐ.ടി.യുവും പിൻവലിച്ചു. പുതിയ തീയതി പ്രഖ്യാപിച്ചെങ്കിലും ശമ്പളവിതരണം നടന്നില്ലെങ്കിൽ പണിമുടക്കിലേക്ക് നീങ്ങാനാണ് സി.ഐ.ടി.യുവിന്‍റെ തീരുമാനം.
അതേസമയം ചർച്ചയിൽ സേവന-വേതന സംബന്ധമായ ഏതാനും വിഷയങ്ങളിൽ ധാരണയായിട്ടുണ്ട്. മാസം 20 ഹാജരില്ലാത്തവരുടെ ശമ്പളം വൈകുമെന്നറിയിച്ച് കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവ് മരവിപ്പിക്കും. പുതുതായി പ്രഖ്യാപിച്ച 12 മണിക്കൂർ ഡ്യൂട്ടി നടപ്പാക്കില്ല. ആശ്രിതനിയമനം പുനരാരംഭിക്കും. ഇത്തരം 250 ഓളം അപേക്ഷകളാണ് കോർപറേഷന് മുന്നിലുള്ളത്. പമ്പുകളിലും ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്കുമാകും ആശ്രിത നിയമനം. അഞ്ചുവർഷം വരെ അവധിയിൽ പകുതി ശമ്പളം നൽകുന്ന സംവിധാനം മറ്റ് കാറ്റഗറികളിലേക്കും വ്യാപിപ്പിക്കും. ഇതിന് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സായി ചുരുക്കും. നിലവിലെ മാനദണ്ഡപ്രകാരം ഇത് 45 വയസ്സാണ്. അർഹരായവർക്കുള്ള പ്രമോഷനുകൾ പരിഗണിക്കുമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. അതേസമയം സ്വിഫ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാര്യമായ ചർച്ച നടന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.